കോട്ടയം: മധ്യകേരളത്തിലെ റെയില്‍വേ പാത ഇരട്ടിപ്പിക്കല്‍ വൈകുന്നു, യാത്രക്കാരുടെ ദുരിതം നീളുന്നു. മാര്‍ച്ചില്‍ പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിച്ച ചെങ്ങന്നൂര്‍ മുതല്‍ പിറവം വരെ 70 കിലോമീറ്റര്‍ പാത ഇരട്ടിപ്പിക്കലാണ് ഇഴഞ്ഞുനീങ്ങുന്നത്. ഭൂരിഭാഗം ഭാഗത്തും മണ്ണിടീല്‍ പോലും പൂര്‍ത്തിയാക്കിയില്ല. ഓരോ സ്റ്റേഷനിലും പാസിങ്ങിന് പിടിച്ചിടുന്നതിലൂടെ ഉണ്ടാകുന്ന സമയനഷ്ടം ഒഴിവാക്കാനാണ് എറണാകുളത്തുനിന്ന് കായംകുളത്തേക്കുള്ള പാത ഇരട്ടിപ്പിക്കാന്‍ റെയില്‍വേ തീരുമാനിച്ചത്. പിറവം മുതല്‍ ചെങ്ങന്നൂര്‍ വരെ 70കിലോമീറ്റര്‍ ഓടിയത്തൊന്‍ ട്രെയിനുകള്‍ക്ക് രണ്ടുമണിക്കൂര്‍ ആവശ്യമുള്ളിടത്ത് ഇപ്പോള്‍ നാലും അതിലധികവും മണിക്കൂറുകള്‍ വേണ്ടിവരുന്നു. ഈ പാത ഇരട്ടിപ്പിക്കലിന് നടപടി ആരംഭിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും വകുപ്പുകളുടെ കെടുകാര്യസ്ഥതകൊണ്ട് പണി പൂര്‍ത്തിയാക്കാനായില്ല. കഴിഞ്ഞ റയില്‍വേ ബജറ്റില്‍ ചിങ്ങവനം-കുറുപ്പന്തറ റീച്ചിന് 105 കോടിയും ചെങ്ങന്നൂര്‍-ചിങ്ങവനം റീച്ചിന് 58 കോടിയുമാണ് വകയിരുത്തിയത്. പിറവം റോഡ്-വൈക്കം റോഡ്-കുറുപ്പന്തുറ റീച്ച് (13 കി.മീ.), ചെങ്ങന്നൂര്‍- തിരുവല്ല റീച്ച് എന്നിവടങ്ങളിലാണ് ഇപ്പോള്‍ നിര്‍മാണം നടക്കുന്നത്. പാലങ്ങളുടെ നിര്‍മാണം, പാത മണ്ണിട്ടുയര്‍ത്തുക, കോണ്‍ക്രീറ്റ് സ്ളീപ്പറും മെറ്റലും ഇറക്കുക തുടങ്ങിയ ജോലികളാണ് ഇപ്പോള്‍ നടക്കുന്നത്. തിരുവല്ല-ചങ്ങനാശേരി റീച്ചില്‍ മണ്ണിടുന്ന ജോലിയാണ് നടക്കുന്നത്. ഇവിടെ മുപ്പതോളം ചെറുപാലങ്ങള്‍ രണ്ട് വലിയപാലം, ചങ്ങനാശേരിയില്‍ രണ്ട് മേല്‍പാലം എന്നിവയുടെ നിര്‍മാണവും നടക്കുന്നുണ്ട്. ഏറ്റുമാനൂര്‍-കോട്ടയം റീച്ചില്‍ നിര്‍മാണജോലികള്‍ കാര്യമായി നടന്നിട്ടില്ല. ചങ്ങനാശേരി-വാഴൂര്‍ റോഡിലെ പാലം വീതി കൂട്ടി പുനര്‍ നിര്‍മിക്കാനുള്ള നടപടിക്ക് തടസ്സമായത് വാട്ടര്‍ അതോറിറ്റിയുടെ വലിയ പൈപ്പുകള്‍ മാറ്റി സ്ഥാപിക്കുന്നതിലെ കാലതാമസമാണ്. ഇതിന് ടെന്‍ഡര്‍ നടപടി പൂര്‍ത്തിയായില്ല. മുപ്പതുമീറ്റര്‍ വീതിയിലാണ് റെയില്‍പാത വികസിപ്പിക്കുന്നത്. വൈദ്യുതീകരിച്ച മൂന്നുലൈന്‍ പാതയാണ് ഇപ്പോള്‍ നിര്‍മിക്കുന്നത്. ഭാവിയില്‍ നാലുലൈന്‍ വരെയാക്കാവുന്ന വിധത്തിലുള്ള വീതിയിലാണ് പാതയുടെ വികസനം. പിറവം മുതല്‍ ചെങ്ങന്നൂര്‍ വരെ റയില്‍പാതയില്‍ ഇനിയും 65.8 കിലോമീറ്ററാണ് കോട്ടയം ജില്ലയില്‍ മാത്രം ഇരട്ടിപ്പിക്കാനുള്ളത്. റെയില്‍പാത ഇരട്ടിപ്പിക്കല്‍ ജോലികള്‍ വേഗത്തിലാക്കുമെന്ന് ജോലികള്‍ വിലയിരുത്തിയ ശേഷം ചീഫ് അഡ്മിനിസ്ട്രേറ്റിവ് ഓഫിസര്‍ പ്രദീപ്കുമാര്‍ മിശ്ര പറഞ്ഞു. 36 കിലോമീറ്റര്‍ വരുന്ന പാതയുടെ സ്ഥലം ഏറ്റെടുക്കല്‍, പാലങ്ങള്‍, കലുങ്ക്, വിവിധ ഓഫിസ് കെട്ടിടങ്ങള്‍ തുടങ്ങിയവയുടെ നിര്‍മാണ പുരോഗതിയാണ് അദ്ദേഹം വിലയിരുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.