ടെന്‍ഡറില്ലാതെ നിര്‍മാണ ജോലി; പ്രതിഷേധവുമായി കരാറുകാര്‍

കോട്ടയം: പൊതുമരാമത്ത്, ജലവിഭവ വകുപ്പുകളിലെ നിര്‍മാണജോലി ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണസംഘം, കിറ്റ്കോ, ഇന്‍കല്‍, ഹാബിറ്റാറ്റ്, കോസ്റ്റ് ഫോര്‍ഡ്, നിര്‍മിതി കേന്ദ്രം തുടങ്ങിയ 20 ഏജന്‍സികള്‍ക്ക് ടെന്‍ഡര്‍ കൂടാതെ നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിഷേധവുമായി കരാറുകാര്‍. ഇതിനെതിരെ മാര്‍ച്ച് ഒന്നിന് സംസ്ഥാന വ്യാപകമായി പ്രതിഷേധദിനം ആചരിക്കുമെന്ന് കേരള ഗവ. കോണ്‍ട്രാക്ടേഴ്സ് അസോ. ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. എല്ലാ പൊതുമരാമത്ത് ജലവിഭവ ഓഫിസുകളിലും കരിങ്കൊടി ഉയര്‍ത്തും. സര്‍ക്കാര്‍ വകുപ്പുകള്‍ക്കുപോലും ഇല്ലാത്ത സ്വാതന്ത്ര്യവും അധികാരവും നല്‍കി ഈ ഏജന്‍സികള്‍ക്ക് പൊതുപണം വിനിയോഗിക്കുവാന്‍ അവസരം നല്‍കുന്നത് വന്‍തോതിലുള്ള അഴിമതിക്കു കാരണമാകുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. സര്‍ക്കാര്‍ വകുപ്പുകളുടെ എല്ലാ സംവിധാനങ്ങളും ഒഴിവാക്കി മുന്‍കൂര്‍ പണംനല്‍കി ഇത്തരം ഏജന്‍സികള്‍ക്ക് പ്രവൃത്തികള്‍ ഏല്‍പിക്കുന്നതിന്‍െറ ആവശ്യകത വ്യക്തമാക്കണം. കേന്ദ്ര വിജിലന്‍സ് കമീഷന്‍െറയും സുപ്രീംകോടതിയുടെയും വിധികള്‍ക്ക് വിരുദ്ധമായി ടെന്‍ഡറില്ലാതെ പണി ഏല്‍പിക്കുന്നതിനെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും ഇവര്‍ പറഞ്ഞു. സംസ്ഥാന പ്രസിഡന്‍റ് വര്‍ഗീസ് കണ്ണമ്പള്ളി, ജില്ലാ പ്രസിഡന്‍റ് റെജി ടി. ചാക്കോ, സെക്രട്ടറി ഷാജി ഇലവത്തില്‍, മനോജ് പാലത്ര എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.