എം.സി റോഡ് നവീകരണം: ആദ്യഘട്ടം മാര്‍ച്ചില്‍ പൂര്‍ത്തിയാകും

കോട്ടയം: ലോകബാങ്ക് സഹായത്തോടെ അന്താരാഷ്ട്ര നിലവാരത്തില്‍ നവീകരിക്കുന്ന എം.സി റോഡിലെ ഏറ്റുമാനൂര്‍-ചെങ്ങന്നൂര്‍ ഭാഗത്തെ ആദ്യഘട്ടനിര്‍മാണ ജോലി മാര്‍ച്ചില്‍ പൂര്‍ത്തിയാകും. കോട്ടയം പള്ളം ബോര്‍മ കവല മുതല്‍ ചങ്ങനാശേരി പാലാത്ര വരെയുള്ള 20 കിലോമീറ്റര്‍ റോഡിന്‍െറ നവീകരണ ജോലികളാണ് മാര്‍ച്ച് ആദ്യത്തോടെ പൂര്‍ത്തിയാക്കുന്നത്. ഇതില്‍ പത്തു കിലോമീറ്ററിനടുത്ത് റോഡ് നവീകരിച്ചിട്ടുണ്ട്. ഈ ഭാഗങ്ങളില്‍ ഇനി അവസാനവട്ട ടാറിങ് മാത്രമാണ് അവശേഷിക്കുന്നത്. ബാക്കിഭാഗത്തെ ജോലി മാര്‍ച്ച് ആദ്യത്തോടെ പൂര്‍ത്തിയാക്കാനാകുമെന്ന് കെ.എസ്.ടി.പി അധികൃതര്‍ പറഞ്ഞു. ചിങ്ങവനം, പള്ളം ഭാഗങ്ങളില്‍ നിര്‍മാണം അതിവേഗം പുരോഗമിക്കുകയാണെന്നും ഈ മാസത്തോടെ ഇത് പൂര്‍ത്തിയാകുമെന്നും കെ.എസ്.ടി.പി അറിയിച്ചു. റോഡിലെ വളവ് നിവര്‍ത്തുന്നതിന്‍െറ ഭാഗമായി അരക്കിലോമീറ്ററോളം ദൂരത്തില്‍ കരിമ്പിന്‍കാല ഭാഗത്ത് പുതിയ റോഡും നിര്‍മിക്കുന്നുണ്ട്. കെ.എസ്.ടി.പി പദ്ധതിയിലുള്‍പ്പെടുത്തി 300 കോടിയോളം രൂപ ചെലവഴിച്ചാണ് ചെങ്ങന്നൂര്‍-ഏറ്റുമാനൂര്‍ വരെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. തുടക്കത്തില്‍ മഴ നവീകരണ ജോലികളെ ബാധിച്ചിരുന്നു. നിശ്ചിത സമയത്തിനകം 10 കിലോമീറ്റര്‍ ദൂരം പൂര്‍ത്തിയാക്കാന്‍ കരാറുകാര്‍ക്ക് കഴിഞ്ഞിരുന്നില്ല. എന്നാല്‍, മഴ മാറിയതോടെ നിര്‍മാണജോലി സജീവമാകുകയായിരുന്നു. ചില ഭാഗങ്ങളില്‍ ബസുകള്‍ അടക്കമുള്ള വാഹനങ്ങള്‍ വഴിതിരിച്ചുവിട്ടും മറ്റിടങ്ങളില്‍ റോഡിന്‍െറ ഒരുവശത്തൂടെ വാഹനങ്ങള്‍ കടത്തിവിട്ടുമാണ് ജോലി നടത്തുന്നത്. റോഡിന്‍െറ ഇരുവശങ്ങളിലും ഓടകളും സ്ഥാപിക്കുന്നുണ്ട്. പള്ളം മുതല്‍ ഏറ്റുമാനൂര്‍ വരെയുള്ള ഭാഗമാണ് രണ്ടാംഘട്ടത്തില്‍ ഉള്‍പ്പെടുന്നത്. ഈ ഭാഗത്തെ നിര്‍മാണ ജോലികളും നടന്നുവരികയാണ്. മൂന്നാംഘട്ടമായി ചങ്ങനാശേരി പാലാത്ര മുതല്‍ ചെങ്ങന്നൂര്‍ വരെയുള്ള ഭാഗം പൂര്‍ത്തിയാക്കും. ഈ ഭാഗത്താണ് ഏറ്റവും കൂടുതല്‍ പാലങ്ങള്‍ നിര്‍മിക്കാനുള്ളത്. ഇതാണ് ഇവിടുത്തെ ജോലി പൂര്‍ത്തിയാകുന്നത് വൈകാന്‍ കാരണം. നവീകരണ ജോലികളുടെ ഭാഗമായി ഏറെ ഗതാഗതക്കുരുക്കിനിടയാക്കിയിരുന്ന തിരുവല്ല പന്നിക്കുഴി പാലത്തിന്‍െറ നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ട്. സംരക്ഷണ ഭിത്തികള്‍ അടക്കമുള്ള ജോലി അവശേഷിക്കുന്നുണ്ടെങ്കിലും ഇതിലൂടെയാണ് ഇപ്പോര്‍ വാഹനങ്ങള്‍ കടന്നുപോകുന്നത്. തിരുവല്ല ബൈപാസിന്‍െറ നിര്‍മാണവും പുരോഗമിക്കുകയാണ്. വിവിധ പാളികളായി മണ്ണിട്ട് ഉയര്‍ത്തുന്ന ജോലികളാണ് നടക്കുന്നത്. ചെങ്ങന്നൂര്‍-തിരുവല്ല പാതയിലെ കല്ലിശ്ശേരി ഇറപ്പുഴ, ആറാട്ടുകടവ്, കുറ്റൂര്‍ തോണ്ടറ എന്നീ പാലങ്ങളുടെ പണികളും നടന്നുവരികയാണ്. ഇതിനൊപ്പം കുടിവെള്ള പൈപ്പുകള്‍ മാറ്റിയിടുന്ന ജോലികളും നടന്നുവരികയാണ്. രണ്ട് റീച്ചുകളായി തിരിച്ചാണ് ചെങ്ങന്നൂര്‍ മുതല്‍ മൂവാറ്റുപുഴ വരെയുള്ള എം.സി റോഡ് നവീകരിക്കുന്നത്. ആദ്യ റീച്ചില്‍പ്പെട്ട ഏറ്റുമാനൂര്‍-മൂവാറ്റുപുഴ ഭാഗത്തും പണി നടക്കുന്നുണ്ട്. ഈ ഭാഗത്തെ പട്ടിത്താനം മുതല്‍ കോഴാ വരെയുള്ള നവീകരണ പ്രവര്‍ത്തനങ്ങളുടെ ആദ്യഘട്ടം പൂര്‍ത്തിയായി. ബാക്കി ഭാഗത്തെ ജോലി നടന്നുവരികയാണ്. അതേസമയം, നിര്‍മാണ ജോലി നടക്കുന്നതിനാല്‍ പലയിടങ്ങളിലും ഗതാഗതക്കുരുക്ക് രൂക്ഷമാണ്. ചിങ്ങവനത്തടക്കം നിര്‍മാണ ജോലി ഇഴയുകയാണെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. വേനല്‍ കടുത്തതോടെ പൊടിശല്യവുമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.