കാത്തുനില്‍പുവേണ്ട, ലീഗല്‍ ഗാര്‍ഡിയന്‍ഷിപ് സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്ക് കലക്ടറെ കാണാം

കോട്ടയം: വിവിധ ആവശ്യങ്ങള്‍ക്കായി കലക്ടറെ കാണാന്‍ കലക്ടറേറ്റില്‍ എത്തുന്നവരില്‍ ലീഗല്‍ ഗാര്‍ഡിയന്‍ഷിപ് സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്ക് ഇനിമുതല്‍ കാത്തുനില്‍ക്കേണ്ട. സര്‍ട്ടിഫിക്കറ്റ് കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്‍റിനെ കണിച്ചാല്‍ അപ്പോള്‍തന്നെ കലക്ടറെ നേരില്‍കണ്ട് കാര്യം പറയാം. നാഷനല്‍ ട്രസ്റ്റ് ലോക്കല്‍ ലെവല്‍ കോഓഡിനേഷന്‍ കമ്മിറ്റി ആഭിമുഖ്യത്തില്‍ ബുധനാഴ്ച കലക്ടറേറ്റില്‍ നടന്ന ലീഗല്‍ ഗാര്‍ഡിയന്‍ഷിപ് സര്‍ട്ടിഫിക്കറ്റ് വിതരണ ചടങ്ങിലാണ് ഇക്കാര്യം അറിയിച്ചത്. ബുദ്ധിമാന്ദ്യം, ഓട്ടിസം, സെറിബ്രല്‍പാള്‍സി തുടങ്ങിയവ ബാധിച്ചവര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നതാണ് ലീഗല്‍ ഗാര്‍ഡിയന്‍ഷിപ് സര്‍ട്ടിഫിക്കറ്റ്. ഈ വിഭാഗത്തില്‍പെട്ടവര്‍ക്ക് അവരുടെ മാതാപിതാക്കളുടെ സാന്നിധ്യം എപ്പോഴും ആവശ്യമായതുകൊണ്ടാണ് എത്രയുംവേഗം അവരുടെ ആവശ്യം ബോധിപ്പിക്കാന്‍ സൗകര്യം ചെയ്തു കൊടുക്കുന്നത്. വൈകല്യപെന്‍ഷന്‍ ലഭിക്കുന്നതിന് ഇനിമുതല്‍ സര്‍ക്കാര്‍ അനിവാര്യമാക്കുന്ന ലീഗല്‍ ഗാര്‍ഡിയന്‍ഷിപ് സര്‍ട്ടിഫിക്കറ്റ് 19 പേര്‍ക്കാണ് നല്‍കിയത്. കേന്ദ്രസര്‍ക്കാര്‍ ഏജന്‍സിയായ നാഷനല്‍ ട്രസ്റ്റ് മുഖേന ജില്ലയിലെ അര്‍ഹരായവര്‍ക്കെല്ലാം ഈ സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്ന് ചടങ്ങില്‍ സംസാരിച്ച ട്രസ്റ്റ് ചെയര്‍മാന്‍ ആര്‍. വേണുഗോപാലന്‍നായര്‍ പറഞ്ഞു. സര്‍ട്ടിഫിക്കറ്റ് ആവശ്യമുള്ളവര്‍ കലക്ടറേറ്റില്‍ അപേക്ഷ നല്‍കണം. ട്രസ്റ്റ് പ്രവര്‍ത്തകര്‍ അപേക്ഷകരുടെ വീടുകളിലത്തെി അവരുടെ വ്യക്തിപരവും കുടുംബപരവുമായ പ്രശ്നങ്ങളും ആവശ്യങ്ങളും മനസ്സിലാക്കും. ഈ വിവരങ്ങള്‍ നാഷനല്‍ ഡിപ്പോസിറ്ററി സൈറ്റില്‍ കൊടുത്താണ് സര്‍ട്ടിഫിക്കറ്റ് എടുക്കുന്നത്. ഇതില്‍ ജില്ലാ മജിസ്ട്രേറ്റ് ഒപ്പിട്ടു നല്‍കും. സര്‍ട്ടിഫിക്കറ്റ് ലഭിച്ചവര്‍ക്ക് പ്രത്യേക ബാങ്ക് അക്കൗണ്ട് തുറക്കും. സര്‍ക്കാറിന്‍െറ സാമ്പത്തിക ആനുകൂല്യങ്ങളെല്ലാം ഈ അക്കൗണ്ടിലൂടെയാകും ലഭിക്കുക. കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ നാഷനല്‍ ട്രസ്റ്റ് പ്രവര്‍ത്തകരായ അഡ്വ. സത്യവാന്‍, അഡ്വ. കലേഷ്, ഫെബി ലിയോ മാത്യു, സൈക്യാട്രിസ്റ്റ് ഡോ. ടോണി എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.