കോട്ടയം ജനറല്‍ ആശുപത്രിയിലെ സി.ടി സ്കാന്‍ വര്‍ഷങ്ങളായി പ്രവര്‍ത്തനരഹിതം

കോട്ടയം: ജനറല്‍ ആശുപത്രിയില്‍ അഞ്ചുവര്‍ഷം മുമ്പ് എത്തിച്ച അഞ്ചരക്കോടി രൂപയുടെ സിടി സ്കാന്‍ മെഷീന്‍ ഉപയോഗിക്കുന്നില്ല. 2017 ഫെബ്രുവരിയില്‍ സി.ടി സ്കാന്‍ മെഷീന്‍െറ വാറന്‍റി കാലാവധി അവസാനിക്കാനിരിക്കുകയാണ്. അത്യാധുനിക സൗകര്യമുള്ള സ്കാനിങ് മെഷീന്‍ ഒരുവര്‍ഷത്തിലധികം ആശുപത്രി പരിസരത്ത് മഴയും വെയിലുമേറ്റ് കിടക്കുകയായിരുന്നു. ആശുപത്രി മാനേജ്മെന്‍റ് കമ്മിറ്റിയുടെയും ജനങ്ങളുടെയും പ്രതിഷേധത്തെ തുടര്‍ന്നാണ് മെഷീന്‍ ആശുപത്രിയിലെ മുറിക്കുള്ളിലേക്ക് മാറ്റിയത്. കഴിഞ്ഞ ജില്ലാ പഞ്ചായത്തിന്‍െറ ഭരണസമിതിയുടെ തുടക്കത്തിലാണ് സ്കാനിങ് മെഷീന്‍ ആശുപത്രിയിലത്തെിച്ചത്. പുതിയ ഭരണസമിതി നിലവന്നിട്ടും സ്കാനിങ് മെഷീന്‍ പ്രവര്‍ത്തിപ്പിക്കാന്‍ നടപടിയായില്ല. ആശുപത്രിയില്‍ നിലവിലുള്ള വൈദ്യുതിയുടെ ശേഷി വര്‍ധിപ്പിച്ചാല്‍ മാത്രമേ ഇത് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയു എന്ന മുടന്തന്‍ ന്യായമാണ് അധികാരികള്‍ പറയുന്നത്. 24 ലധികം സ്വകാര്യ സ്കാനിങ് യൂനിറ്റുകളാണ് ജനറല്‍ ആശുപത്രിയുടെ പരിസരങ്ങളിലായി പ്രവര്‍ത്തിക്കുന്നത്. ഇവിടെയൊന്നും ഇല്ലാത്ത സാങ്കേതിക തടസ്സമാണ് 205 വര്‍ഷം പഴക്കമുള്ള ആശുപത്രിക്ക് നേരിടേണ്ടിവരുന്നത്. സി.ടി സ്കാന്‍ മെഷീന്‍ പ്രവര്‍ത്തിപ്പിക്കാന്‍ നടപടിയെടുക്കാതെ ആരോഗ്യമന്ത്രിയും സ്ഥലം എം.എല്‍.എയായ മന്ത്രി തിരുവഞ്ചൂരും സ്വകാര്യ ലോബികളുടെ താല്‍പര്യത്തിനാണ് കൂട്ടുനില്‍ക്കുന്നതെന്ന് എന്‍.സി.പി സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ആനന്ദക്കുട്ടന്‍ ആരോപിച്ചു. ആശുപത്രിയുടെ അടിസ്ഥാന സൗകര്യം അതേപടി നിലനിര്‍ത്തി ബോര്‍ഡുകള്‍ പുതിയത് സ്ഥാപിച്ച് വികസന കുതിപ്പെന്ന് അവകാശപ്പെടുന്ന മന്ത്രിമാര്‍ 200 ഉം 250 ഉം രൂപക്ക് പാവപ്പെട്ട രോഗികള്‍ക്ക് ചികിത്സ നല്‍കുന്ന സ്കാനിങ് മെഷീന്‍ പ്രവര്‍ത്തിപ്പിക്കാന്‍ നടപടി സ്വീകരിക്കുന്നില്ല. നിലവിലെ സൂപ്രണ്ട് സി.ടി സ്കാന്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് മാനേജ്മെന്‍റ് കമ്മിറ്റിയെ പങ്കെടുപ്പിച്ച് നടപടിയുമായി മൂന്നോട്ടുപോയെങ്കിലും സര്‍ക്കാര്‍ ലാഘവബുദ്ധിയോടെയാണ് ഇതിനെ സമീപിക്കുന്നത്. ഇപ്പോള്‍ 24 ലക്ഷം രൂപയാണ് ആശുപത്രിയില്‍ വൈദ്യുതി കുടിശ്ശിക. കുടിശ്ശിക വന്ന ബില്ല് അടച്ചാല്‍ മാത്രമേ ആശുപത്രിയില്‍ വൈദ്യുതി വിതരണത്തിന്‍െറ ശേഷി വര്‍ധിപ്പിക്കാന്‍ അനുമതി നല്‍കുവെന്നാണ് അറിയുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.