പാചകവാതക വിതരണം സുഗമമാകാന്‍ ഇനിയും കാക്കണം

കോട്ടയം: ജില്ലയിലെ പാചകവാതക വിതരണം സാധാരണനിലയിലാകാന്‍ ദിവസങ്ങളെടുക്കും. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍െറ ഉദയംപേരൂര്‍ പ്ളാന്‍റിലെ കരാര്‍ തൊഴിലാളികളുടെ സമരം ചൊവ്വാഴ്ച വൈകീട്ട് തീര്‍ന്നിട്ടും പാചകവാതക ക്ഷാമത്തിന് അയവുവന്നിട്ടില്ല. വിതരണം സാധാരണനിലയിലാകാന്‍ ഒരാഴ്ചയിലധികം വേണ്ടിവരുമെന്ന് ഏജന്‍സി അധികൃതര്‍ പറഞ്ഞു. ജില്ലയില്‍ ഇന്‍ഡേനിന്‍െറ 20 ഏജന്‍സികളാണ് പ്രവര്‍ത്തിക്കുന്നത്. ഇവയില്‍ പലതും 400 സിലിണ്ടറുകള്‍വരെ വിതരണം ചെയ്യുന്ന ഏജന്‍സികളാണ്. സമരം മുന്നില്‍കണ്ട് മൈസൂരിലും പാരിപ്പള്ളിയിലുംനിന്ന് സിലിണ്ടര്‍ താല്‍ക്കാലികമായി എത്തിച്ചാണ് വിതരണം നടത്തിയിരുന്നത്. അത് പൂര്‍ണതോതില്‍ വിതരണത്തിന് മതിയാകുമായിരുന്നില്ല. കഴിഞ്ഞയാഴ്ച തൊഴിലാളി സമരത്തിന്‍െറ സൂചനകള്‍ ലഭിച്ചത് മുതല്‍ ജില്ലയിലെ പാചകവാതക വിതരണം താറുമാറായിരുന്നു. സിലിണ്ടറുകള്‍ കിട്ടാതായതോടെ ഹോട്ടല്‍ വ്യവസായത്തെയും ഗാര്‍ഹിക മേഖലയെയും ബാധിച്ചു. സമരം അവസാനിപ്പിച്ച സ്ഥിതിക്ക് ആദ്യം വരുന്ന ലോഡുകള്‍ വിതരണം മുടങ്ങിയ ഉപഭോക്താക്കള്‍ക്ക് നല്‍കേണ്ടിവരും. അതേസമയം ഭാരത്, എച്ച്.പി.സി കമ്പനികളെയും ഏജന്‍സികളെയും സമരം ബാധിച്ചിട്ടില്ല. അടിസ്ഥാന മാസവേതനം 15,000 രൂപയാക്കണമെന്നാവശ്യപ്പെട്ട് എറണാകുളം ഉദയംപേരൂരിലെ ഐ.ഒ.സി പ്ളാന്‍റില്‍ കരാര്‍ തൊഴിലാളികള്‍ നടത്തിവരുന്ന സമരമാണ് ഒത്തുതീര്‍പ്പായത്. ദിവസം 140 ലോഡാണ് പ്ളാന്‍റില്‍നിന്ന് പുറത്തേക്ക് പോകുന്നത്. തൃശൂര്‍, എറണാകുളം, കോട്ടയം ജില്ലകളിലെ ഏജന്‍സികളാണ് പ്ളാന്‍റിനെ പ്രധാനമായും ആശ്രയിക്കുന്നത്. ഗാര്‍ഹിക, വാണിജ്യ സിലിന്‍ഡറുകളൊന്നും നിലവില്‍ കിട്ടാനുമില്ല. മൈസൂരില്‍നിന്ന് പാലാ, ചങ്ങനാശേരി, ചിങ്ങവനം എന്നിവിടങ്ങളിലെ ഏജന്‍സികളില്‍ കൊണ്ടുവന്ന സിലിണ്ടറുകള്‍ വിതരണം നടത്തിയെങ്കിലും പര്യാപ്തമായിരുന്നില്ല. ദിവസം 30 ലോഡ് വേണ്ടിടത്ത് മൂന്നു ലോറികള്‍ എത്തുന്നത് ഒന്നിനും തികയില്ളെന്നാണ് ഏജന്‍സികളുടെ വാദം. കാത്തിരുന്ന് എത്തുന്ന സിലിണ്ടറുകള്‍ ഏജന്‍സികളുടെ പരിധിയിലുള്ള നഗരവാസികള്‍ക്ക് മാത്രമാണ് നല്‍കുന്നതെന്ന ആക്ഷേപമുണ്ട്. ഗ്രാമീണമേഖലയെ പൂര്‍ണമായും അവഗണിക്കുകയാണെന്ന പരാതിയുണ്ട്. ക്ഷാമത്തിന്‍െറ ആനുകൂല്യം മുതലെടുത്ത് വീടുകളില്‍ സിലിണ്ടറുകള്‍ എത്തിക്കുന്നതിന് ഉള്‍പ്പെടെ അമിതചാര്‍ജ് ഏജന്‍സികള്‍ ഈടാക്കുന്നതായി ആരോപണമുണ്ട്. അഞ്ചു കി.മീ. ചുറ്റളവില്‍ സൗജന്യ ഡെലിവറിയെന്ന നിയമം ഭൂരിഭാഗം ഏജന്‍സികളും കാറ്റില്‍ പറത്തിയിരിക്കുകയാണ്. പരാതി പറഞ്ഞാല്‍, ഉള്ള സിലിണ്ടറുകള്‍ കൂടി നല്‍കാതിരുന്നാലോയെന്ന് ഭയന്ന് ആരും ഒന്നും പറയുന്നില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.