1411 ബൂത്തുകള്‍; 2070 പൊലീസുകാര്‍

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ക്ക് ജില്ലാ ഭരണകൂടം തുടക്കമിട്ടു. ഇതുസംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി കലക്ടര്‍ യു.വി. ജോസ് അറിയിച്ചു. പോളിങ് ബൂത്തുകളില്‍ വേണ്ട അടിസ്ഥാന സൗകര്യങ്ങളുടെ റിപ്പോര്‍ട്ട് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തയാറാക്കി. ഇവ പരിശോധിച്ച് ആവശ്യമായ മാറ്റങ്ങളോടെ ബൂത്തുകളുടെ അടിസ്ഥാന സൗകര്യം, അപര്യാപ്തതകള്‍ അടക്കമുള്ള വിവരങ്ങള്‍ തെരഞ്ഞെടുപ്പ് കമീഷന്‍െറ ഡിജിറ്റല്‍ ജില്ലാ ഇലക്ഷന്‍ മാസ്റ്റര്‍ പ്ളാനില്‍ (ഡെമ്പ്- ഡിസ്ട്രിക് ഇലക്ഷന്‍ മാസ്റ്റര്‍ പ്ളാന്‍) ഫെബ്രുവരി 11നകം അപ്ലോഡ് ചെയ്യും. 1411 പോളിങ് ബൂത്തുകളാണ് തെരഞ്ഞെടുപ്പിനായി ക്രമീകരിക്കുക. സെന്‍സിറ്റീവ് പോളിങ് ബൂത്തുകള്‍, ടോയ്ലറ്റ് സൗകര്യമില്ലാത്തവ, റാമ്പ് ആവശ്യമുള്ളവ എന്നിങ്ങനെ പ്രത്യേകം കണക്കെടുപ്പ് നടത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് നടത്തിപ്പിന് സഹായകരമായ മൊബൈല്‍ ആപ്പിന് താമസിയാതെ രൂപം നല്‍കും. ഓരോ നിയോജക മണ്ഡലവുമായി ബന്ധപ്പെട്ട തെരഞ്ഞെടുപ്പ് വിവരങ്ങള്‍ ഗൂഗ്ള്‍ മാപ്പില്‍ ഉള്‍പ്പെടുത്താനുള്ള സംവിധാനവും പൂര്‍ത്തിയായി വരുന്നതായും ഇതുസംബന്ധിച്ച് നടന്ന യോഗത്തില്‍ കലക്ടര്‍ പറഞ്ഞു. ബൂത്തുകളില്‍ കുടിവെള്ളം, വൈദ്യുതി സൗകര്യം ഇല്ലാത്തവ പ്രത്യേകം റിപ്പോര്‍ട്ട് ചെയ്യാനും കലക്ടര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. തെരഞ്ഞെടുപ്പ് നടത്തിപ്പിന് 2070 പൊലീസുകാരുടെ സേവനം ക്രമീകരിക്കുമെന്ന് യോഗത്തില്‍ പങ്കെടുത്ത ജില്ലാ പൊലീസ് മേധാവി സതീഷ് ബിനോ അറിയിച്ചു. വോട്ടിങ് ശതമാനം ഉയര്‍ത്താനുള്ള ബോധവത്കരണത്തിന് പ്രത്യേക പദ്ധതി തയാറാക്കാന്‍ കലക്ടര്‍ അസി. കലക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ക്ക് നിര്‍ദേശം നല്‍കി. എ.ഡി.എം പി. അജന്തകുമാരി, ഡെപ്യൂട്ടി കലക്ടര്‍മാരായ എം.പി. ജോസ്, സജീവന്‍ (ഇലക്ഷന്‍), ജയമോഹന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.