നഗരം വാണ് നായ്ക്കള്‍

തൊടുപുഴ: നഗരത്തില്‍ തെരുവുനായ ശല്യം വര്‍ധിക്കുമ്പോഴും ഇവയെ നിയന്ത്രിക്കാന്‍ നടപടിയില്ല. വ്യാഴാഴ്ച തൊടുപുഴ കോലാനിയില്‍ ഒരു സ്ത്രീയടക്കം മൂന്നുപേര്‍ക്കാണ് തെരുവുനായയുടെ കടിയേറ്റത്. ഇവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച ചേരിയിലേക്ക് ഓടിയത്തെിയ നായ വീട്ടമ്മയായ സ്ത്രീയുടെ കൈയിലും മറ്റ് രണ്ടുപേരുടെ കാലിലും കടിച്ചു. ഭീതി പരത്തിയ നായയെ നാട്ടുകാര്‍ സംഘടിച്ച് തല്ലി ഓടിക്കുകയായിരുന്നു. രണ്ടുദിവസത്തിനിടെ ജില്ലയില്‍ 16 പേര്‍ക്കാണ് നായയുടെ കടിയേറ്റത്. ഇതില്‍ അഞ്ചെണ്ണം തൊടുപുഴയിലാണ്. തൊടുപുഴ നഗരം, ബസ് സ്റ്റാന്‍ഡുകള്‍, സ്കൂള്‍ പരിസരങ്ങള്‍ തുടങ്ങിയവ കേന്ദ്രീകരിച്ച് നായശല്യം രൂക്ഷമാണ്. നായ്ക്കളുടെ ആക്രമണത്തില്‍ പരിക്കേല്‍ക്കുന്ന സംഭവങ്ങള്‍ പതിവായി മാറിയിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് നടപടി ഉണ്ടാകാത്തത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. ജില്ലയില്‍ ഹൈറേഞ്ചെന്നോ ലോറേഞ്ചെന്നോ വ്യത്യാസമില്ലാതെ തെരുവുനായ ശല്യം രൂക്ഷമാണ്. പ്രധാന കവലകളിലും ഇടറോഡുകളിലും കൂട്ടത്തോടെ നായ്ക്കള്‍ ഇറങ്ങുകയാണ്. ഒറ്റതിരിഞ്ഞ കാല്‍നടക്കാരെ ആക്രമിക്കാന്‍ ശ്രമിക്കുന്ന നായക്കള്‍ റോഡിന് കുറുകെ ചാടി വാഹനങ്ങള്‍ക്കും ഭീഷണി ഉയര്‍ത്തുന്നു. നായ്ക്കള്‍ പരസ്പരം കടിപിടികൂടുന്നതും യാത്രക്കാരുടെ നേരെ കുരച്ചുകൊണ്ട് പാഞ്ഞടുക്കുന്നതും പതിവാണ്. ജില്ലയില്‍ സ്കൂള്‍ കുട്ടികളും ഇവയുടെ ആക്രമണത്തിന് ഇരകളായിട്ടുണ്ട്. തെരുവുനായ്ക്കളെ കൊല്ലാന്‍ നിയമം അനുവദിക്കാത്തതിനാല്‍ വന്ധ്യംകരിക്കുകയാണ് ചെയ്യാറുള്ളത്. എന്നാല്‍, വര്‍ഷങ്ങളായി വന്ധ്യംകരണം വേണ്ടവിധത്തില്‍ നടക്കുന്നില്ളെന്നത് നായ്ക്കളുടെ വംശവര്‍ധനക്ക് കാരണമാകുന്നു. അലഞ്ഞുതിരിയുന്ന നായ്ക്കളെ വന്ധ്യംകരിക്കുന്നതിന് മുന്‍കൈ എടുക്കേണ്ട തദ്ദേശ സ്ഥാപനങ്ങളും കണ്ടില്ളെന്ന് നടിക്കുകയാണ്. മാംസാവശിഷ്ടങ്ങളും മറ്റ് മാലിന്യവും വഴിയരികില്‍ തള്ളുന്നത് പതിവായതോടെയാണ് നായശല്യം വര്‍ധിച്ചത്. അറവുശാലകളിലും മാര്‍ക്കറ്റുകളിലും സ്ഥിരമായി മാലിന്യംതള്ളുന്ന സ്ഥലങ്ങളിലുമാണ് നായ്ക്കള്‍ തമ്പടിക്കുന്നത്. സ്കൂള്‍, കോളജ്, ഓഫിസുകള്‍ തുടങ്ങിയവയുടെ പരിസരങ്ങളില്‍ നായകള്‍ പെരുകാന്‍ കാരണം ഇവിടെ സുലഭമായി ലഭിക്കുന്ന ഭക്ഷണാവശിഷ്ടങ്ങളാണ്. മാലിന്യസംസ്കരണം കൃത്യമായി നടന്നാല്‍ ഒരുപരിധിവരെ നായശല്യം കുറക്കാനാകുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.