മൂന്നാര്‍: മൂന്നാറില്‍ ഭൂമിയുള്ളവരെല്ലാം തട്ടിപ്പുകാരാണെന്ന സര്‍ക്കാര്‍ നിലപാട് അപഹാസ്യമാണെന്ന് ഹൈകോടതി കണ്ടത്തെിയതില്‍ പ്രതീക്ഷ അര്‍പ്പിച്ചിരിക്കുകയാണ് കെ.ബി. അഗസ്റ്റിനും കെ.ബി. ജോര്‍ജും. ഇംഗ്ളീഷുകാരായ കമ്പനി അധികാരികള്‍ക്കൊപ്പം ഫോര്‍ട്ട്കൊച്ചിയില്‍നിന്ന് മൂന്നാറിലേക്ക് എത്തിയ കുടുംബത്തിന്‍െറ മൂന്നാം കണ്ണികളാണിവര്‍. പൂര്‍വികര്‍ മെയ്യും മനസ്സും അര്‍പ്പിച്ച മൂന്നാറിന്‍െറ മണ്ണില്‍ തങ്ങളുടെ അസ്തിത്വത്തിന് നീതിപീഠം അംഗീകാരം നല്‍കിയതായി അവര്‍ വിശ്വസിക്കുന്നു. കാലങ്ങളായി മൂന്നാറില്‍ വാസമുറപ്പിച്ച് തലചായ്ക്കാന്‍ ഒരിടത്തിന് വേണ്ടിയുള്ള അവകാശത്തിനായി പോരാടുന്നവര്‍ക്ക് വലിയ പ്രതീക്ഷ നല്‍കാനായതിന്‍െറ ചാരിതാര്‍ഥ്യം വേറെ. 15 വര്‍ഷമായി നീതിക്കായി പോരാട്ടത്തിലാണ് ഇവര്‍. മണ്ണിനോട് മല്ലിട്ട് വിയര്‍പ്പുവീണ ഇവിടെ തലചായ്ക്കാന്‍ ഇടം കണ്ടത്തെിയ തങ്ങളെ കൈയേറ്റക്കാരായി ചിത്രീകരിക്കപ്പെടുന്നതില്‍ അവര്‍ക്ക് അമര്‍ഷമുണ്ട്. 1905ലാണ് ഇവരുടെ അപ്പൂപ്പനും കുടുംബവും മൂന്നാറിലത്തെിയത്. മേസ്തിരിയായിരുന്ന റോസ അഗസ്റ്റിന്‍ സായിപ്പന്മാര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും പ്രിയപ്പെട്ട കുട്ടിമേസ്തിയായിരുന്നു. ചന്തക്കും ടൗണിനും അരികിലെ സ്ഥലത്താണ് അദ്ദേഹം വീട് പണിതത്. ഈ സ്ഥലത്തെ കുട്ടി മേസ്തിരി ലെയ്ന്‍ എന്നാണ് പഴമക്കാര്‍ പറഞ്ഞിരുന്നത്. ഇന്ന് ഇക്കാനഗര്‍ എന്നറിയപ്പെടുന്ന സ്ഥലം സര്‍ക്കാര്‍ രേഖകളില്‍ കെ.ഡി.എച്ച്.പി വില്ളേജിലെ സര്‍വേ നമ്പര്‍ 912ല്‍പെടുന്ന സ്ഥലമായി. ഒരു നൂറ്റാണ്ടിലധികം ഇവിടെ താമസിച്ചിട്ടും പട്ടയം ലഭിക്കാതെ കൈയേറ്റക്കാരാണെന്ന പേര് ചൂടേണ്ടി വന്നതിലെ വേദനയാണ് കാലങ്ങളായി ഈ കുടുംബം പേറി വന്നത്. റോസ അഗസ്റ്റിന്‍െറ മകന്‍ ജോസഫ് വാവച്ചനാണ് തിരുവിതാംകൂര്‍ രാജഭരണ കാലത്ത് നേര്യമംഗലത്തുനിന്ന് മൂന്നാറിലേക്ക് പണിത റോഡിന്‍െറ കല്ലാര്‍ മുതല്‍ മൂന്നാര്‍വരെയുള്ള നിര്‍മാണച്ചുമതല വഹിച്ചത്. ഇദ്ദേഹത്തിന്‍െറ മക്കളാണ് അഗസ്റ്റിനും ജോര്‍ജും. പിതാവിന്‍െറ മരണത്തോടെ മാതാവ് സിസിലിയുടെ അവകാശത്തിലായി ഭൂമി. സ്ഥലത്തിന് 1949ല്‍ തിരുവിതാകൂര്‍ രാജഭരണത്തിന്‍െറ കീഴിലുള്ള മുദ്രപ്പത്രത്തില്‍ രജിസ്റ്റര്‍ ചെയ്തു നല്‍കിയിരുന്നു. സിസിലിയുടെ പേരിലായിരുന്ന ഈ ഭൂമിക്ക് വേണ്ടിയുള്ള പട്ടയത്തിനായി വാര്‍ധക്യകാലത്തും അവര്‍ പോരാടിയിരുന്നു. 82 വയസ്സിലും ദേവികുളം താലൂക്ക് ഓഫിസ് പടിക്കല്‍ നിരാഹാരം അനുഷ്ഠിച്ചത് വാര്‍ത്തയുമായി. കൈയേറ്റക്കാരുടെ മേല്‍നടപടിയെടുത്ത വി.എസ് സര്‍ക്കാറിന്‍െറ പ്രത്യേക ദൗത്യസംഘത്തിന്‍െറ പ്രവര്‍ത്തനങ്ങള്‍ വിവാദമായതോടെ ഈ പട്ടയത്തിന്‍െറ സാധുതയും ചോദ്യചിഹ്നമായി. ഇവരുടെ കൈവശമുള്ള 40 സെന്‍റ് ഭൂമിയില്‍ 30 സെന്‍റ് സ്ഥലത്തിനാണ് പട്ടയം ഉണ്ടായിരുന്നത്. രവീന്ദ്രന്‍ പട്ടയത്തിന്‍െറ പേരില്‍ ഇവരുടെ കൈവശമുണ്ടായിരുന്ന പട്ടയത്തിന്‍െറ സാധുത തുലാസിലുമായി. മാതാവ് 2007ല്‍ വിടവാങ്ങിയെങ്കിലും മക്കള്‍ പോരാട്ടം തുടര്‍ന്നു. ആറു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി ഉചിതമായ നടപടി സ്വീകരിക്കണമെന്ന ഹൈകോടതി വിധി തങ്ങള്‍ക്കും കാലങ്ങളായി ഇവിടെ താമസമുറപ്പിച്ചവര്‍ക്ക് അനുഗ്രഹമാകുമെന്ന വിശ്വാസത്തിലാണ് അഗസ്റ്റിന്‍െറയും ജോര്‍ജിന്‍െറയും കുടുംബം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.