ഇടുക്കി സഞ്ചാരികള്‍ കൈയടക്കി

തൊടുപുഴ: ഇടുക്കിയുടെ വശ്യമനോഹര പ്രകൃതി സൗന്ദര്യം ആസ്വദിക്കാന്‍ എത്തുന്ന സഞ്ചാരികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധന. 2015ല്‍ തൊട്ടുമുന്‍വര്‍ഷത്തെക്കാള്‍ 1,38,976 പേരാണ് അധികമായി എത്തിയത്. ഇക്കാലയളവില്‍ മൊത്തം 19,72,443 പേരാണ് തേക്കടി, മൂന്നാര്‍, ഇരവികുളം നാഷനല്‍ പാര്‍ക്ക്, മാട്ടുപ്പെട്ടി, രാമക്കല്‍മേട്, ഹില്‍വ്യൂ പാര്‍ക്ക്, വാഗമണ്‍, കാല്‍വരിമൗണ്ട് തുടങ്ങിയ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചത്. 2014ല്‍ എത്തിയത് 18,33,467 പേരായിരുന്നു. സഞ്ചാരികളുടെ വരവില്‍ ഏറ്റവും കൂടുതല്‍ വര്‍ധന ഉണ്ടായ ടൂറിസം കേന്ദ്രം വാഗമണ്ണാണ്. ഇവിടെ 2015ല്‍ തൊട്ടു മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 65,852 പേരാണ് അധികമായി എത്തിയത്. 2014ല്‍ 2,63,345 പേര്‍ എത്തിയപ്പോള്‍ 2015ല്‍ എത്തിയത് 3,29,237 പേരാണ്. ഇപ്പോഴും ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ എത്തുന്നത് തേക്കടിയിലും മൂന്നാറിലും തന്നെ. 2014ല്‍ 6.7 ലക്ഷം പേരാണ് തേക്കടിയിലെ വന, ജലാശയ ഭംഗി നുകരാന്‍ എത്തിയതെങ്കില്‍ 2015ല്‍ അത് 7.32 ലക്ഷമായി ഉയര്‍ന്നു. 62,000 പേരാണ് ഇവിടെ കഴിഞ്ഞവര്‍ഷം കൂടുതലായത്തെിയത്. മൂന്നാര്‍, ഇരവികുളം ദേശീയ പാര്‍ക്ക്, മാട്ടുപ്പെട്ടി എന്നിവിടങ്ങളിലായി 2015ല്‍ 7,33,419 പേരാണ് എത്തിയത്. 2014ല്‍ ഇത് 7,36,513 പേരായിരുന്നു. രാമക്കല്‍മേട്ടില്‍ 12,255 പേരും ഹില്‍വ്യൂ പാര്‍ക്കില്‍ 1817പേരും വാഗമണ്ണില്‍ 65,852 പേരും അധികമായത്തെി. പുതിയ സൗകര്യം ഏര്‍പ്പെടുത്തിയതോടെ കാല്‍വരിമൗണ്ടിലേക്കും പരമ്പരാഗത ടൂറിസം കേന്ദ്രമായ തൊമ്മന്‍കുത്തിലേക്കും സഞ്ചാരികള്‍ വന്‍തോതില്‍ എത്തി. കാല്‍വരിമൗണ്ടില്‍ കഴിഞ്ഞവര്‍ഷം 55,358 പേരും തൊമ്മന്‍കുത്തില്‍ 54,320 പേരും എത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.