മുണ്ടക്കയം: ദേശീയപാതയില്‍ അപകടമുന്നറിയിപ്പ് ലക്ഷ്യമിട്ട് ഡിറ്റനേറ്റര്‍ പോസ്റ്റുകള്‍ സ്ഥാപിച്ചതില്‍ വന്‍ തട്ടിപ്പെന്ന് ആക്ഷേപം. കൊട്ടാരക്കര-ദിണ്ടിഗല്‍ 183 ദേശീയപാതയില്‍ കോട്ടയം മുതല്‍ കുമളിവരെ ട്രാഫിക് ഡിറ്റനേറ്റര്‍ സ്ഥാപിച്ചതിലാണ് കരാറുകാരന്‍ കോടിക്കണക്കിനു രൂപയുടെ തട്ടിപ്പു നടത്തിയിരിക്കുന്നത്. എട്ടുകോടിക്കായിരുന്നു ദേശീയപാത വിഭാഗം കഴിഞ്ഞ മാസം ഇതിനായി കരാര്‍ നല്‍കിയത്. 25,000 മുതല്‍ 30,000 വരെ തൂണുകളാണ് സ്ഥാപിക്കാന്‍ എസ്റ്റിമേറ്റ് നല്‍കിയത്. ആവശ്യാനുസരണം തൂണുകള്‍ സ്ഥാപിച്ചെങ്കിലും തറനിരപ്പില്‍ മാത്രമായി സ്ഥാപിച്ച തൂണുകള്‍ ഭൂരിഭാഗവും നിലംപൊത്തിയിരിക്കുകയാണ്. ഒന്നേകാല്‍ അടി വ്യാസത്തില്‍ ഒന്നേമുക്കാല്‍ അടി താഴ്ചയില്‍ കോണ്‍ക്രീറ്റ് ഇട്ടു തൂണുകള്‍ സ്ഥാപിക്കണമെന്നിരിക്കെ ഭൂമിക്കുമുകളില്‍ സിമന്‍റും പാറപ്പൊടിയും ചിപ്സും ചേര്‍ത്ത മിശ്രിതം ഉപയോഗിച്ചാണ് തൂണുകള്‍ സ്ഥാപിച്ചത്. നിര്‍മാണ ജോലികള്‍ നടക്കുന്നതിനിടെ ഗുണമേന്മ കുറഞ്ഞത് ബോധ്യപ്പെട്ട നാട്ടുകാര്‍ ചോദ്യം ചെയ്തെങ്കിലും തൂണിനു ചുറ്റും കോണ്‍ക്രീറ്റ് ചെയ്യുമെന്നാണ് മറുപടി നല്‍കിയത്. എന്നാല്‍, സ്ഥാപിച്ചു ഒരാഴ്ച പിന്നിടുന്നതിനു മുമ്പേ തൂണുകള്‍ തകരുകയായിരുന്നു. നിര്‍മാണ ജോലി നടത്തുന്നതിനിടെ ദേശീയപാത അധികാരികള്‍ പരിശോധന നടത്താതിരുന്നത് തട്ടിപ്പിനു ആക്കം കൂട്ടി. തട്ടിപ്പിന് അധികാരികളുടെ മൗനാനുവാദമുള്ളതായും ആക്ഷേപം ഉയര്‍ന്നിരുന്നു. മുപ്പത്തിയഞ്ചാം മൈല്‍ മുതല്‍ കുമളിവരെയാണ് വന്‍ തട്ടിപ്പു നടത്തിയത്. മിക്കസ്ഥലത്തും തൂണുകള്‍ വഴിയാത്രക്കാരുടെ കൈതട്ടി നിലം പൊത്തുകയാണ്. എന്നാല്‍, ജോലിയിലെ അപാകത ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും എസ്റ്റിമേറ്റ് അനുസരിച്ചു പോസ്റ്റുകള്‍ സ്ഥാപിക്കാന്‍ കരാറുകാരനോട് ആവശ്യപ്പെട്ടിട്ടുണ്ടന്നും ദേശീയപാത വിഭാഗം എക്സി. എന്‍ജിനീയര്‍ വി.ടി. ജാഫര്‍ അറിയിച്ചു. എസ്റ്റിമേറ്റിനു വിരുദ്ധമായി സ്ഥാപിച്ചിരിക്കുന്ന മുഴുവന്‍ പോസ്റ്റുകളും പൊളിച്ചുനീക്കി പുതുതായി ഉറപ്പിച്ചാല്‍ മാത്രമേ കരാറുകാരനു പണം നല്‍കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.