റബര്‍: കേന്ദ്രമന്ത്രിയുടെ പ്രഖ്യാപനം കേരള കോണ്‍ഗ്രസിന് തിരിച്ചടി

കോട്ടയം: ഇറക്കുമതി നിരോധം നീട്ടുന്നതടക്കം റബര്‍ വിലയിടിവ് പരിഹരിക്കുന്ന വിഷയത്തില്‍ ജോസ് കെ. മാണി എം.പിക്ക് ഒരു ഉറപ്പും നല്‍കിയിട്ടില്ളെന്ന കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപനം റബര്‍ രാഷ്ട്രീയത്തിലൂടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന് കനത്ത തിരിച്ചടിയായി. യു.ഡി.എഫിനെയും സര്‍ക്കാറിനെയും പൂര്‍ണമായും ഒഴിവാക്കി സഭാ നേതാക്കളുടെ പിന്തുണയോടെ റബര്‍ കര്‍ഷകരുടെ രക്ഷകനാകാനും ബി.ജെ.പിയുമായി അടുക്കുന്നുവെന്ന പ്രചാരണം ശക്തമാക്കി യു.ഡി.എഫിനെ വിരട്ടി വിലപേശല്‍ നടത്താനുമായിരുന്നു മാണിയുടെ നീക്കം. എന്നാല്‍, റബര്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാറിന്‍െറ പരസ്യപ്രഖ്യാപനം ബാര്‍കോഴ വിവാദത്തില്‍ മുഖം നഷ്ടപ്പെട്ട കേരള കോണ്‍ഗ്രസിന് നല്‍കിയത് ഇരട്ട ആഘാതമാണ്. റബര്‍ സമരത്തിലൂടെ പാര്‍ട്ടിയുടെ തട്ടകമായ മധ്യകേരളത്തില്‍ നിര്‍ണായക ശക്തിയാകുകയായിരുന്നു ലക്ഷ്യം. ഇതിനായി പ്രധാന സഭാനേതാക്കളുടെയും കര്‍ഷക സംഘടനകളുടെയും പിന്തുണയും മാണി ഉറപ്പിച്ചു. ജോസ് കെ. മാണിയുടെ സമരപ്പന്തലില്‍ സഭാമേലധ്യക്ഷരെ എത്തിക്കാനും മാണിക്ക് കഴിഞ്ഞു. ഇതിനിടെ കര്‍ഷകര്‍ക്ക് അനുകൂലമായ രണ്ട് തീരുമാനങ്ങള്‍ കേന്ദ്രം പ്രഖ്യാപിച്ചു. ബി.ജെ.പി സംസ്ഥാന നേതാക്കളുടെ രഹസ്യപിന്തുണ തേടിയും അവരെ അരമനകളിലത്തെിച്ചും മാണിയുടെ അടുത്ത വിശ്വസ്തരായ നേതാക്കള്‍ രാഷ്ട്രീയ നീക്കങ്ങളും നടത്തി. നിയമസഭ തെരഞ്ഞെടുപ്പില്‍ ഇത്തവണ കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടാനും യു.ഡി.എഫില്‍ വിലപേശല്‍ ശക്തിയാക്കാനുമായിരുന്നു കേരള കോണ്‍ഗ്രസ് തീരുമാനം. കോട്ടയത്തത്തെുന്ന ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷായുമായി കൂടിക്കാഴ്ച നടത്തുമെന്നും മാണി പ്രഖ്യാപിച്ചു. പ്രസ്താവന വിവാദമായപ്പോള്‍ ബി.ജെ.പിയെ തള്ളിപ്പറഞ്ഞ മാണിയുടെ നിലപാടാണ് ബി.ജെ.പിയെ പ്രകോപിപ്പിച്ചതെന്നാണ് സൂചന. അതേസമയം, പാര്‍ട്ടി ജനറല്‍ സെക്രട്ടറി കൂടിയായ ജോസ് കെ.മാണി ഡല്‍ഹിയില്‍ റബര്‍ വിഷയം ചര്‍ച്ചചെയ്തത് റബറുമായി ബന്ധമില്ലാത്ത കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡഡ്യുമായായിരുന്നു. കേരളത്തില്‍ ബി.ജെ.പി നയിക്കുന്ന മൂന്നാം മുന്നണി വിപുലീകരിക്കുന്നതിന്‍െറ ചുമതലക്കാരനാണ് നഡഡ്യെന്നതിനാല്‍ ജോസ് കെ. മാണിയുടെ ചര്‍ച്ച പ്രധാനമായും രാഷ്ട്രീയ ലക്ഷ്യത്തോടെയായിരുന്നുവെന്നും ബി.ജെ.പി നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. കേരള കോണ്‍ഗ്രസിനെ മൂന്നാം മുന്നണിയില്‍ ഉള്‍പ്പെടുത്താന്‍ ചര്‍ച്ചകള്‍ സജീവമായ സാഹചര്യത്തിലായിരുന്നു ജോസ് കെ.മാണി ആരോഗ്യ മന്ത്രിയുമായി ചര്‍ച്ചക്കത്തെിയത്. കേരള കോണ്‍ഗ്രസിന്‍െറ ആവശ്യങ്ങള്‍ കേന്ദ്രം തള്ളിയെങ്കിലും റബര്‍ വിഷയത്തില്‍ കര്‍ഷകര്‍ക്ക് അനുകൂലമായ കേന്ദ്രസര്‍ക്കാര്‍ തീരുമാനം വൈകാതെയുണ്ടാകുമെന്ന് ബി.ജെ.പി നേതാക്കള്‍ അറിയിച്ചു. റബര്‍ സംഭരണത്തിനായി 500 കോടിയുടെ പാക്കേജാണ് തയാറാക്കിയിട്ടുള്ളത്. അതേസമയം, കേന്ദ്രപ്രഖ്യാപനത്തിന് മുമ്പ് സംസ്ഥാന സര്‍ക്കാര്‍ നേരത്തേ പ്രഖ്യാപിച്ച 300 കോടിക്ക് പുറമെ 200 കോടി കൂടി വിലസ്ഥിരതാ ഫണ്ടിലേക്ക് അനുവദിച്ചതും മാണിക്ക് തിരിച്ചടിയായി. റബര്‍ വിലയിടിവ് പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് നല്‍കിയ നിവേദനം സ്വീകരിച്ചെന്നല്ലാതെ ഒരുറപ്പും നല്‍കിയിട്ടില്ളെന്നായിരുന്നു കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍െറ വെളിപ്പെടുത്തല്‍. ഇത് കേരള കോണ്‍ഗ്രസിന്‍െറ പുതിയ രാഷ്ട്രീയ നീക്കങ്ങള്‍ക്ക് തിരിച്ചടിയായതോടെ ബി.ജെ.പി അധ്യക്ഷനെ കണ്ട് വീണ്ടും നിവേദനം നല്‍കുന്ന കാര്യവും പാര്‍ട്ടിയുടെ പരിഗണനയിലാണ്. വ്യാഴാഴ്ച കോട്ടയത്തത്തെുന്ന അമിത്ഷായെ കാണുന്ന കാര്യത്തില്‍ പാര്‍ട്ടിയില്‍ ഭിന്നാഭിപ്രായവും ശക്തമാണ്. മന്ത്രി പി.ജെ. ജോസഫ് ബി.ജെ.പി ബന്ധത്തെ പരസ്യമായി തള്ളിയതും മാണിയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. വ്യാഴാഴ്ച എറണാകുളത്ത് എത്തുന്ന അമിത്ഷായെ കാണാന്‍ ഏതാനും സഭാനേതാക്കള്‍ തീരുമാനിച്ചിട്ടുണ്ട്. സീറോ മലബാര്‍ സഭ നേതൃത്വത്തെ കാണാനും ബി.ജെ.പി അധ്യക്ഷന്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ആലുവ ഗെസ്റ്റ് ഹൗസിലാണ് അദ്ദേഹം സന്ദര്‍ശകരെ സ്വീകരിക്കുന്നത്. എന്നാല്‍, ആരൊക്കെയാവും സന്ദര്‍ശകരെന്ന വിവരവും ബി.ജെ.പി രഹസ്യമായി സൂക്ഷിക്കുകയാണ്. കോട്ടയത്തും ചിലരുമായി കൂടിക്കാഴ്ചയുണ്ടാവുമെന്നാണ് സൂചന.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.