ഓടിത്തളര്‍ന്ന് ഫയര്‍ഫോഴ്സ്

കോട്ടയം: വേനലിന് തീപിടിച്ചുതുടങ്ങിയതോടെ അഗ്നിശമനസേന ഓട്ടത്തില്‍. ചൂട് വര്‍ധിച്ചതോടെ ജില്ലയില്‍ തീപിടിത്തം വ്യാപകമാവുന്നു. കഴിഞ്ഞ ഒരാഴ്ചക്കിടെ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി 150ലധികം തീപിടിത്തങ്ങള്‍ ഉണ്ടായതായാണ് ഫയര്‍ഫോഴ്സിന്‍െറ കണക്ക്. ഭൂരിഭാഗവും ചെറിയ തീപിടിത്തമാണ്. ഇവിടെയെല്ലാം ഫയര്‍ഫോഴ്സ് എത്തണമെന്നതിനാല്‍ ഇവര്‍ക്ക് നിന്നുതിരിയാന്‍ സമയമില്ലാത്ത സ്ഥിതിയാണ്. കഴിഞ്ഞ രണ്ടാഴ്ചയായി ജില്ലയിലെ മുഴുവന്‍ ഫയര്‍ യൂനിറ്റുകള്‍ക്കും പിടിപ്പത് പണിയാണ്. ചെറുതാണെങ്കിലും പോകാതിരിക്കാന്‍ കഴിയാത്തതിനാല്‍ എല്ലായിടത്തും ചെല്ലണമെന്ന് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ പറയുന്നു. പുല്ലാണ് മിക്കയിടങ്ങളിലും വില്ലന്‍. വയലുകളിലാണ് ഏറെയും തീപിടിത്തങ്ങളുണ്ടായിരിക്കുന്നത്. കോട്ടയം ഫയര്‍ സ്റ്റേഷനില്‍നിന്ന് മാത്രം കഴിഞ്ഞ ഒരാഴ്ചക്കിടെ 25ഓളം സ്ഥലങ്ങളിലെ തീയണച്ചു. ബുധനാഴ്ച പൂവന്തുരുത്ത് പ്ളാമൂട് താഴെ പാടത്ത് തീപിടിച്ചു. ചൊവ്വാഴ്ചയും കോട്ടയത്ത് രണ്ടിടത്ത് തീപിടിത്തമുണ്ടായി. നഗരസഭയിലെ നാട്ടകം പോര്‍ട്ട് വാര്‍ഡില്‍ പാടശേഖരത്തിലെ പുല്ലിന് തീപിടിച്ചിരുന്നു. ഏറ്റുമാനൂര്‍-പാലാ റോഡില്‍ കിസ്മത്ത് പടിക്കുസമീപവും തീപിടിത്തമുണ്ടായി. ചൊവ്വാഴ്ച ചങ്ങനാശേരിയില്‍ രണ്ടിടത്തായിരുന്നു തീപടര്‍ന്നത്. പാലാത്രച്ചിറയില്‍ തരിശുപാടത്ത് വൈകീട്ട് 4.45 ഓടെയായിരുന്നു തീപിടിത്തം. മതുമൂല കല്ലുകളം ആന്‍റപ്പന്‍െറ ഉടമസ്ഥതയിലുള്ള അഞ്ചേക്കര്‍ തരിശുപാടത്തെ ഉണങ്ങിയ പുല്ലിനാണ് തീപിടിച്ചത്. ആളിപ്പടര്‍ന്ന തീ അരമണിക്കൂര്‍ പ്രയത്നിച്ചാണ് ഫയര്‍ഫോഴ്സ് അണച്ചത്. വൈകീട്ട് ആറുമണിയോടെ നാലുകോടി തെക്കേക്കര പുത്തന്‍പറമ്പില്‍ ലാലിച്ചന്‍െറ റബര്‍ തോട്ടത്തിലും തീപിടിച്ചു. ഇവിടെയും ഫയര്‍ഫോഴ്സ് എത്തിയാണ് തീയണച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ പള്ളിക്കത്തോട്, കൂരോപ്പട പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളില്‍ തീപിടിത്തമുണ്ടായിരുന്നു. കദളിമംഗലം ഭാഗത്ത് റബര്‍ തോട്ടങ്ങളിലായിരുന്നു തീപിടിത്തം. കോത്തല മണ്ണാത്തിപ്പാറ ഭാഗത്തും തീ പിടിത്തമുണ്ടായിരുന്നു. അലക്ഷ്യമായി എറിയുന്ന സിഗരറ്റുകുറ്റിയില്‍നിന്നുമാണ് ഭൂരിഭാഗം സ്ഥലങ്ങളിലും തീപടരുന്നത്. റബര്‍ തോട്ടങ്ങളിലെ ഉണക്ക ഇലകള്‍ തീ വളരെ വേഗം വ്യാപിക്കുന്നതിന് കാരണമാകുന്നുണ്ട്. ചിലയിടങ്ങളില്‍ സാമൂഹികവിരുദ്ധര്‍ മന$പൂര്‍വം തീയിടുന്നതായും പരാതിയുണ്ട്. തുടര്‍ച്ചയായുണ്ടാകുന്ന തീപിടിത്തം അഗ്നിശമന സേനയെ വിയര്‍പ്പിക്കുകയാണ്. റബര്‍ തോട്ടങ്ങള്‍ക്ക് ഉള്ളില്‍ തീപിടിത്തമുണ്ടാല്‍ പലപ്പോഴും ഫയര്‍ എന്‍ജിന് അവിടെ എത്താനാകാത്തതും പ്രശ്നം സൃഷ്ടിക്കുന്നുണ്ട്. പുല്ലുകള്‍ കരിഞ്ഞുണങ്ങി നില്‍ക്കുന്ന സമയമായതിനാല്‍ തീപിടിത്തമുണ്ടാകാന്‍ സാധ്യത ഏറെയായതിനാല്‍ എല്ലാവരും ശ്രദ്ധിക്കണമെന്ന് ഫയര്‍ഫോഴ്സ് പറയുന്നു. വേനല്‍ കടുത്തതോടെ ഒരുസ്ഥലത്തു തീയണച്ച് എത്തുന്നതിനുപിന്നാലെ അടുത്തിടത്തുനിന്ന് വിളിയത്തെുകയാണെന്നും ഇവര്‍ പറയുന്നു. മിക്ക ഫയര്‍ സ്റ്റേഷനുകളിലും ആവശ്യത്തിന് സൗകര്യങ്ങളില്ളെന്ന പരാതിയുമുണ്ട്. ജീവനക്കാരുടെ അഭാവവും ഇവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയാവുന്നുണ്ട്. ആവശ്യത്തിന് ഫയര്‍ എന്‍ജിനുകളില്ലാത്തതും പ്രശ്നം സൃഷ്ടിക്കുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.