സര്‍ക്കാര്‍ നയത്തിന് വിരുദ്ധമായാല്‍ ഉദ്യോഗസ്ഥരുടെ സ്ഥാനം തെറിക്കുമെന്ന് മന്ത്രി സുനില്‍ കുമാര്‍

മൂന്നാര്‍: ഇടനിലക്കാര്‍ കുറഞ്ഞവിലക്ക് കര്‍ഷകരില്‍നിന്ന് സംഭരിച്ച ഉല്‍പന്നങ്ങള്‍ വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്സ് പ്രമോഷന്‍ കൗണ്‍സിലിലെ (വി.എഫ്.പി.സി.കെ) ചില ഉദ്യോഗസ്ഥര്‍ ഇരട്ടിവില നല്‍കി വാങ്ങിയ കാര്യം ശ്രദ്ധയില്‍പെട്ടെന്നും അവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വി.എസ്. സുനില്‍ കുമാര്‍. കര്‍ഷകരില്‍നിന്ന് നേരിട്ട് ഉല്‍പന്നങ്ങള്‍ സംഭരിക്കേണ്ട സര്‍ക്കാര്‍ നയത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ ഉദ്യോഗസ്ഥര്‍ ആ സ്ഥാനത്ത് ഉണ്ടാകില്ളെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി. കേരള ഗ്രാമീണ്‍ ബാങ്കിന്‍െറ വട്ടവട ശാഖ ഉദ്ഘാടനവും കര്‍ഷകര്‍ക്ക് ഇന്‍സെന്‍റീവ് വിതരണവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ സ്ഥാപനത്തിന്‍െറ ബോര്‍ഡ് എഴുതിവെച്ച സ്ഥലങ്ങളില്‍ മാത്രം സംഭരണം നടത്തണം. ഇവിടെ ഇടനിലക്കാര്‍ക്ക് സ്ഥാനമില്ല. ഉദ്യോഗസ്ഥര്‍ കര്‍ഷകരുടെ യജമാനന്മാരല്ല. വട്ടവട, കാന്തല്ലൂര്‍ മേഖലകളിലെ കര്‍ഷകര്‍ക്ക് കൃഷിയിറക്കാന്‍ ഇനി വട്ടിപ്പലിശക്കാരെ ആശ്രയിക്കേണ്ടിവരില്ല. സംസ്ഥാന സര്‍ക്കാറിന് ഓഹരി പങ്കാളിത്തമുള്ള കേരള ഗ്രാമീണ്‍ ബാങ്ക് നാല് ശതമാനം പലിശനിരക്കില്‍ മൂന്നുലക്ഷം വരെ വായ്പനല്‍കും. കൃത്യമായി തിരിച്ചടക്കുന്ന കര്‍ഷകര്‍ക്ക് പലിശ സര്‍ക്കാര്‍ സബ്സിഡിയായി നല്‍കും. ഇതിന് കൃഷിവകുപ്പ് ബാങ്കുമായി ധാരണപത്രം ഒപ്പിട്ടു. പൂര്‍ണമായും ജൈവഉല്‍പാദന കേന്ദ്രമായി പ്രദേശത്തെ മാറ്റും. വട്ടവട മേഖലയില്‍ കൃഷിക്ക് ജലലഭ്യത ഉറപ്പാക്കാന്‍ അഞ്ച് തടയണ നിര്‍മിക്കും. ഇതിന്‍െറ സാങ്കേതിക തടസ്സം നീക്കാന്‍ രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയെ ചുമതലപ്പെടുത്തിയതായും മന്ത്രി അറിയിച്ചു. മേഖലയിലെ 168 കര്‍ഷകരില്‍നിന്ന് ഓണക്കാലത്ത് പച്ചക്കറി സംഭരിച്ച ഇനത്തിലാണ് ഇന്‍സെന്‍റീവ് നല്‍കിയത്. ഹരിതകാര്‍ഡും വട്ടവട ഗ്രാമീണ്‍ ബാങ്ക് എ.ടി എമ്മും അഡ്വ. ജോയ്സ് ജോര്‍ജ് എം.പി ഉദ്ഘാടനം ചെയ്തു. വട്ടവടയില്‍ ബസ് സ്റ്റാന്‍ഡ് നിര്‍മിക്കാന്‍ എം.പി ഫണ്ടില്‍നിന്ന് 20 ലക്ഷം അനുവദിച്ചതായി അദ്ദേഹം അറിയച്ചു. എസ്. രാജേന്ദ്രന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. കൃഷിവകുപ്പ് അഡീഷനല്‍ ഡയറക്ടര്‍ എ.എം. സുനില്‍ കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. കേരള ഗ്രാമീണ്‍ ബാങ്ക് ചെയര്‍മാന്‍ കെ.വി. ഷാജി, ത്രിതല പഞ്ചായത്ത് പ്രതിനിധികളായ എ. സുന്ദരം, പി. രാമരാജ്, ഡെയ്സി റാണി രാജേന്ദന്‍, ജോമോന്‍ തോമസ്, ആര്‍. കറുപ്പസ്വാമി, ശ്രീദേവി, ബേബി ശക്തിവേല്‍, ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ ഡയറക്ടര്‍ ഡോ. രഞ്ചന്‍ എസ്. കരിപ്പായി, മൂന്നാര്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ജി. പ്രസാദ്, പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ പി.ജി. ഉഷാകുമാരി തുടങ്ങിയവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.