പരിഷ്കാരം ശരിവെച്ചു; ഹമ്പുകള്‍ നിര്‍മിക്കാന്‍ നിര്‍ദേശം

കോട്ടയം: നാഗമ്പടം ബസ്സ്റ്റാന്‍ഡില്‍ അടിയന്തരമായി മൂന്ന് ഹമ്പുകള്‍ നിര്‍മിക്കാന്‍ നാറ്റ്പാക് നിര്‍ദേശം. കഴിഞ്ഞയാഴ്ച മുത്തശ്ശിക്കൊപ്പം സ്റ്റാന്‍ഡിലൂടെ നടന്നുപോകുന്നതിനിടെ ബസ് ഇടിച്ച് സ്കൂള്‍ വിദ്യാര്‍ഥി മരിച്ച സാഹചര്യത്തിലാണ് നാറ്റ്പാക് സംഘം നാഗമ്പടത്ത് എത്തിയത്. ശനിയാഴ്ച രാവിലെയത്തെിയ സംഘം സ്റ്റാന്‍ഡും പരിസരവും വിശദമായി പരിശോധിച്ചു. ഭൂരിഭാഗം അപകടങ്ങള്‍ക്കും കാരണം സ്റ്റാന്‍ഡിലെ വേഗനിയന്ത്രണം ബസുകള്‍ പാലിക്കാത്തതാണെന്ന് പഠനസംഘം വിലയിരുത്തി. സ്റ്റാന്‍ഡില്‍ ബസുകളുടെ വേഗം കുറക്കാന്‍ ഹമ്പുകള്‍ അനിവാര്യമാണെന്നതിനാല്‍ അടിയന്തരമായി മൂന്ന് ഹമ്പുകള്‍ നിര്‍മിക്കണമെന്ന് സംഘം പൊലീസിനു നിര്‍ദേശം നല്‍കി. അപകടത്തിന്‍െറ പശ്ചാത്തലത്തില്‍ പൊലീസ് നടപ്പാക്കിയ പരിഷ്കാരങ്ങള്‍ ശാസ്ത്രീയമാണെന്നും സംഘം വ്യക്തമാക്കി. പ്രധാന കവാടത്തിലൂടെ ബസുകള്‍ കയറുകയും ഇറങ്ങുകയും ചെയ്യുന്നത് അപകടത്തിനു കാരണമാകും. ഒരു കവാടത്തിലൂടെ കയറുകയും മറുകവാടത്തിലൂടെ ഇറങ്ങുകയും ചെയ്യുന്നതാണു ശാസ്ത്രീയ രീതി. നാഗമ്പടത്ത് ഇതാണ് ഇപ്പോള്‍ അവലംബിക്കുന്നത്. ബസുകള്‍ക്ക് ഡ്രൈവര്‍ നിയന്ത്രിത വാതിലുകള്‍ പരിഷ്കൃത നഗരങ്ങളിലെല്ലാം നിര്‍ബന്ധമാണ്. എന്നാല്‍, കോട്ടയത്തുമാത്രം പൂര്‍ണമായി നടപ്പായിട്ടില്ല. ഇക്കാര്യം പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു. സ്റ്റാന്‍ഡിനോട് ചേര്‍ന്ന ഓടകളിലെ മാലിന്യം നീക്കി മൂടി സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കും. സ്റ്റാന്‍ഡില്‍ പരാതിപ്പെട്ടി സ്ഥാപിക്കാനും ധാരണയായി. നാറ്റ്പാക് കണ്‍സള്‍ട്ടന്‍റ് ടി.വി. സതീഷ്, സയന്‍റിസ്റ്റ് ബി. സുബിന്‍, പ്രോജക്ട് എന്‍ജിനീയര്‍ ആര്‍. ശ്രീജിത് എന്നിവരാണ് പഠനത്തിനത്തെിയത്. കോട്ടയം ഡിവൈ.എസ്.പി ഗിരീഷ് പി. സാരഥി, സി.ഐമാരായ അനീഷ് പി. കോര, നിര്‍മല്‍ ബോസ്, എസ്.ഐമാരായ ടി.ആര്‍. ജിജു, യു. ശ്രീജിത്, ഷിന്‍േറാ പി. കുര്യന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ഒപ്പമുണ്ടായിരുന്നു. കഴിഞ്ഞ ആഴ്ചയാണ് മുത്തശ്ശിയോടൊപ്പം പെന്‍ഷന്‍ വാങ്ങി വീട്ടിലേക്ക് മടങ്ങുന്നതിടെ നാഗമ്പടം ബസ്സ്റ്റാന്‍ഡില്‍ ബസ് തട്ടി ഒളശ്ശ കൊച്ചുപറമ്പില്‍ സുഗുണന്‍െറ മകള്‍ അരുണിമ(11) മരിച്ചത്. അശ്രദ്ധമായി പിന്നോട്ടെടുത്ത ബസ് ഇരുവരുടെയും ശരീരത്തില്‍ തട്ടി. ബസിന്‍െറ വാതിലിന്‍െറ ഭാഗം അരുണിമയുടെ വസ്ത്രത്തില്‍ ഉടക്കിയതോടെ കുട്ടി മുന്‍ചക്രത്തിനടിയിലേക്കു വീഴുകയായിരുന്നു. ഇതിനെതുടര്‍ന്ന് പൊലീസ് സ്റ്റാന്‍ഡില്‍ ഗതാഗത പരിഷ്കാരം ഏര്‍പ്പെടുത്തിയിരുന്നു. സ്റ്റാന്‍ഡില്‍ പ്രവേശിക്കാനും പുറത്തുപോകാനുമുള്ള വഴിമാറ്റി. മുമ്പ് സ്റ്റാന്‍ഡില്‍നിന്ന് പുറത്തേക്ക് ഇറങ്ങിയിരുന്ന വഴിയിലൂടെ വേണം ഇനി മുതല്‍ ബസുകള്‍ അകത്തു കടക്കാന്‍. പ്രധാന കവാടത്തിലൂടെ പുറത്തേക്കു പോകാം. യാത്രക്കാരെ കയറ്റിയിറക്കുന്നത് പ്ളാറ്റ്ഫോമിലാകണമെന്നും പൊലീസ് നിര്‍ദേശിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.