മണിമലയാര്‍ മാലിന്യമുക്തമാക്കാന്‍ പദ്ധതി വരുന്നു

മുണ്ടക്കയം: മണിമലയാറിനെ മാലിന്യമുക്തമായി സംരക്ഷിക്കാന്‍ സമ്പൂര്‍ണ പദ്ധതി വരുന്നു. മാലിന്യം പൂര്‍ണമായി നീക്കം ചെയ്ത് വീണ്ടും മലിനീകരിക്കപ്പെടാനുള്ള സാധ്യതകള്‍ വിലക്കി സംരക്ഷണത്തിനായി സമിതി രൂപവത്കരിച്ചുള്ള പദ്ധതിക്കാണ് ലക്ഷ്യമിടുന്നതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ.എസ്. രാജു അറിയിച്ചു. ഇതിന്‍െറ ഭാഗമായി എട്ടിന് രാവിലെ മണിമലയാര്‍ സംരക്ഷണ പ്രതിജ്ഞയെടുക്കലും സമിതി രൂപവത്കരണവും നടത്തും. പൊതുജനപങ്കാളിത്തവും അയല്‍ പഞ്ചായത്തുകളുടെ സഹകരണത്തോടും കൂടിയാണ് പദ്ധതി നടപ്പാക്കുന്നത്. മണിമലയാര്‍ കടന്നു പോകുന്ന പ്രദേശത്തെ സമീപവാസികളെ ഉള്‍പ്പെടുത്തി മണിമലയാര്‍ സംരക്ഷണ സമിതി രൂപവത്കരിക്കും. ആറ്റുതീരത്തെ ഓരോ 500 മീറ്റര്‍ ചുറ്റളവുകളിലും ഓരോ കമ്മിറ്റി വീതം ഇതിനായി പ്രവര്‍ത്തിക്കും. അതത് പ്രദേശത്തെ മാലിന്യം നീക്കം ചെയ്യുകയും മാലിന്യം തള്ളാതെ പൊതുജനത്തെ ബോധവത്കരിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഈ സമിതിയുടെ മേല്‍നോട്ടത്തില്‍ നടക്കും. ടൗണില്‍നിന്ന് കോസ്വേ പാലത്തിനു സമീപത്ത് വന്നത്തെുന്ന മാലിനജലം നിറഞ്ഞ ഓടയില്‍നിന്നുള്ള വെള്ളം ശുചീകരിച്ച് ആറ്റിലേക്ക് വിടാനുള്ള നടപടി സ്വീകരിക്കും. ചാച്ചികവലയില്‍നിന്ന് ആരംഭിച്ച് ആറ്റുതീരത്തുകൂടി കോസ്വേ പാലത്തിനരുകില്‍ എത്തിച്ചേരുന്ന ബൈപാസ് നിര്‍മാണം പൂര്‍ത്തീകരിക്കുന്നതോടെ സാധ്യമായ സ്ഥലങ്ങളില്‍ പൂച്ചെടികള്‍ നട്ടുവളര്‍ത്തി തീരങ്ങള്‍ സംരക്ഷിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.