എം.വി.ഐ.പി കനാല്‍ വരണ്ടു; ജലസേചന വകുപ്പിന്‍െറ കനിവുകാത്ത് കുടുംബങ്ങള്‍

കുറവിലങ്ങാട്: വേനല്‍ കനത്തതോടെ നാട് കടുത്ത വറുതിയിലേക്ക്. മേഖലയിലെ എല്ലാ ജലസ്രോതസ്സുകളിലെയും ജലനിരപ്പ് താഴ്ന്നുതുടങ്ങി. കുറവിലങ്ങാട് പഞ്ചായത്തില്‍ മാത്രം പതിനാറോളം കുടിവെള്ള പദ്ധതികളാണ് പ്രവര്‍ത്തിക്കുന്നത്. ഇപ്പോള്‍ തന്നെ ഈ പദ്ധതികളില്‍നിന്ന് രണ്ടുദിവസം കൂടുമ്പോള്‍ മാത്രമാണ് വെള്ളം ലഭിക്കുന്നത്. നൂറുകണക്കിന് കുടുംബങ്ങളും കര്‍ഷകരും ആശ്രയിക്കുന്ന എം.വി.ഐ.പി കനാലും വറ്റിവരണ്ട നിലയിലാണ്. കനാലില്‍ കൂടി വെള്ളം ഒഴുകണമെങ്കില്‍ ജലസേചന വകുപ്പ് കനിയണം. വരും ദിവസങ്ങളില്‍ ചൂട് വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ കനാലില്‍കൂടി വെള്ളമത്തെിക്കേണ്ടത് അനിവാര്യമാണ്. കനാല്‍ കടന്നുപോകുന്ന ഭാഗങ്ങളിലെ കൃഷികള്‍ക്കും മറ്റും ഇത് ഗുണകരമാകും. വര്‍ഷങ്ങളായി പണിതീരാത്ത പദ്ധതിയാണിത്. മുന്‍ ജലസേചന മന്ത്രി ടി.എം. ജേക്കബിന്‍െറ കാലത്താണ് ഈ പദ്ധതിയുടെ പ്രവര്‍ത്തനം തുടങ്ങിയത്. കനാലും ഉപകനാലുമായി കിലോമീറ്ററുകള്‍ നീണ്ടുകിടക്കുന്ന ജലവിതരണ സംവിധാനം ഇപ്പോള്‍ പൂര്‍ണമായി പ്രയോജനപ്പെടുത്താന്‍ അധികൃതര്‍ക്ക് സാധിക്കുന്നില്ല. കുറവിലങ്ങാട് മേഖലയില്‍ ഞീഴൂര്‍, കാണക്കാരി, കുറവിലങ്ങാട് പഞ്ചായത്തുകളിലൂടെ കനാല്‍ കടന്നുപോകുന്നുണ്ട്. മഴക്കാലത്തു നിറഞ്ഞൊഴുകുന്ന കനാല്‍ വേനല്‍ക്കാലത്തിന്‍െറ തുടക്കത്തില്‍ തന്നെ വറ്റിവരളും. വേനല്‍ക്കാലത്ത് സുലഭമായി വെള്ളം ഒഴുകിയാല്‍ മാത്രമേ കനാല്‍ ജനങ്ങള്‍ക്ക് പ്രയോജനപ്പെടു. എന്നാല്‍, മലങ്കര അണക്കെട്ടില്‍ ജലനിരപ്പ് താഴുമ്പോള്‍ കനാലിലൂടെ യഥേഷ്ടം വെള്ളം ഒഴുക്കുക എളുപ്പമല്ല. മലങ്കര ഡാമില്‍നിന്ന് വിവിധ സ്ഥലങ്ങളിലൂടെ അമ്പതിലേറെ കിലോമീറ്റര്‍ ഒഴുകിയാണ് വെള്ളം കുറവിലങ്ങാട് ഉള്‍പ്പെടെയുള്ള പഞ്ചായത്തുകളില്‍ എത്തുന്നത്. ഇതിനിടെ പലയിടത്തും ഉപകനാലുകളും ഉണ്ട്. ഇവയിലൂടെ വെള്ളം തിരിച്ചുവിടുമ്പോള്‍ പ്രവാഹത്തിന്‍െറ ശക്തി കുറയുകയും കൂടുതല്‍ മേഖലകളിലേക്ക് വെള്ളം എത്താതിരിക്കുകയും ചെയ്തിരുന്നു. വേനല്‍ക്കാലത്ത് എം.വി. ഐ.പി കനാലിലൂടെ വെള്ളം ഒഴുകിയില്ളെങ്കില്‍ ദുരിതങ്ങള്‍ ഒട്ടേറെയാണ്. കനാലില്‍ വെള്ളമില്ലാതാകുമ്പോള്‍ സമീപത്തും പരിസരത്തുമുള്ള കിണറുകളിലെയും ജലനിരപ്പ് താഴും. ഇത് കാര്‍ഷിക മേഖലക്കാണ് തിരിച്ചടി സൃഷ്ടിക്കുക. കനാല്‍ വെള്ളം പ്രതീക്ഷിച്ച് ഏക്കര്‍ കണക്കിന് പ്രദേശത്ത് പച്ചക്കറി കൃഷി നടത്തുന്നവരാണ് കുറവിലങ്ങാട്, കാണക്കാരി, ഞീഴൂര്‍ പഞ്ചായത്തുകളിലെ കര്‍ഷകര്‍. വേനലിന്‍െറ കാഠിന്യം ഇനിയും വര്‍ധിക്കുന്നതിന് മുമ്പ് എം.വി.ഐ.പി കനാലിലൂടെ വെള്ളം ഒഴുക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം. കനാല്‍ നിലവില്‍ വന്നപ്പോള്‍ പല മേഖലകളിലേക്കു പുതിയ വഴികള്‍ തുറന്നു. പക്ഷേ, വീതി കുറഞ്ഞ ഈ വഴികളില്‍ അപകടസാധ്യത ഏറെയാണ്. സുരക്ഷിത യാത്ര ഉറപ്പുവരുത്താന്‍ കനാലിന്‍െറ വശങ്ങളിലെ സംരക്ഷണ സംവിധാനം ഒരുക്കണമെന്ന് ആവശ്യമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.