ഭൂരഹിത പ്രശ്നത്തിന് പരിഹാരം കാണാതെ വിമാനത്താവളം അനുവദിക്കില്ല –വെല്‍ഫെയര്‍ പാര്‍ട്ടി

കോട്ടയം: ജില്ലയിലെ മുഴുവന്‍ ഭൂരഹിതര്‍ക്കും ഭൂമി ലഭ്യമാകാതെ എരുമേലിയില്‍ വിമാനത്താവളം നിര്‍മിക്കാന്‍ അനുവദിക്കില്ളെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കെ.എ. ഷഫീഖ്. ഫ്ളാറ്റല്ല, വേണ്ടത് ഭൂമിയാണ് എന്ന തലക്കെട്ടില്‍ വെല്‍ഫെയര്‍ പാര്‍ട്ടി ജില്ല കമ്മിറ്റി ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കലക്ടറേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫ്ളാറ്റ് നല്‍കിയാല്‍ ജനങ്ങള്‍ക്ക് ഉടമസ്ഥാവകാശമില്ല. താമസാവകാശം മാത്രമാണ് ലഭിക്കുന്നത്. യു.ഡി.എഫിന്‍െറ നിയമഭേദഗതികളില്‍ കൈതൊടാന്‍ പിണറായി വിജയന്‍ മടിക്കുന്നത് പണക്കാര്‍ക്ക് മുന്നില്‍ ഓച്ഛാനിച്ചുനില്‍ക്കുന്നതിന് തുല്യമാണ്. ആറുമാസത്തെ ഭരണത്തിനിടയില്‍ ഭൂരഹിതരായ നാലുലക്ഷം പേരുടെ ഫയലുകളില്‍ മുഖ്യമന്ത്രിയോ റവന്യൂമന്ത്രിയോ ഒരു ഇടപെടലും നടത്തിയിട്ടില്ല. രാജമാണിക്യം റിപ്പോര്‍ട്ട് പ്രകാരം അഞ്ചുലക്ഷം ഏക്കര്‍ ഭൂമിയാണ് ഭൂമാഫിയ കൈവശം വെച്ചിരിക്കുന്നത്. ഇതിന് പരിഹാരമുണ്ടാകണമെങ്കില്‍ സമഗ്ര ഭൂപരിഷ്കരണത്തിന് സര്‍ക്കാര്‍ തയാറാകണം. ജില്ല പ്രസിഡന്‍റ് സണ്ണി മാത്യു അധ്യക്ഷത വഹിച്ചു. ജില്ല ജനറല്‍ സെക്രട്ടറി കെ.കെ.എം. സാദിഖ് സ്വാഗതവും ജില്ല വൈസ് പ്രസിഡന്‍റും ജില്ല ഭൂസമരസമിതി കണ്‍വീനറുമായ ടി.ജെ. ചാക്കോ നന്ദിയും പറഞ്ഞു. ഗാന്ധിസ്ക്വയറില്‍നിന്ന് ആരംഭിച്ച മാര്‍ച്ചിന് ജില്ല വൈസ് പ്രസിഡന്‍റ് എ.എം.എ. സമദ്, ജില്ല ട്രഷറര്‍ പി.എ. നിസാം, സ്വപ്ന ഷിനു, റെജീന ഖാദര്‍, കെ.കെ.എം. സാദിഖ്, കെ.എച്ച്. ഫൈസല്‍, ടി.ജെ. ചാക്കോ, പി.കെ. മുഹമ്മദ്, എച്ച്. നെജീബ്, കെ. അഫ്സല്‍, ഷഹബാസ്, നഹാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.