‘പ്രഗതിയില്‍’ ശബരിയുടെ പുതിയ ചൂളംവിളി

കോട്ടയം: പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് നിരീക്ഷിക്കുന്ന പ്രോ ആക്ടീവ് ഗവേണന്‍സ് ആന്‍ഡ് ടൈംലി ഇംപ്ളിമെന്‍േറഷന്‍ പദ്ധതിയില്‍(പ്രഗതി) ശബരി റെയില്‍പാത നിര്‍മാണം ഉള്‍പ്പെടുത്തിയതോടെ മലയോരം വീണ്ടും പ്രതീക്ഷയില്‍. പ്രധാനമന്ത്രിയുടെ നിരീക്ഷണമുണ്ടാകുന്നതോടെ 10വര്‍ഷമായി ഇഴഞ്ഞുനീങ്ങിയിരുന്ന സ്വപ്നപദ്ധതിക്ക് വേഗംവെക്കുന്ന പ്രതീക്ഷയിലാണ് നാട്. എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട, കൊല്ലം ജില്ലകളിലൂടെ കടന്നുപോകുന്ന പാതയുടെ നിര്‍മാണം വേഗത്തിലാക്കുന്നതിന്‍െറ ഭാഗമായി ഏറ്റെടുക്കുന്ന ഭൂമിയുടെ അളവ് കുറക്കാന്‍ തീരുമാനിച്ചതും പ്രതീക്ഷ ഇരട്ടിപ്പിച്ചിട്ടുണ്ട്. പാതയുടെ ഇരുഭാഗത്തായി മൂന്നുമീറ്റര്‍ സ്ഥലമെടുക്കുന്നത് ശബരി പദ്ധതിക്ക് ഒന്നരമീറ്ററായി കുറക്കാനാണ് ധാരണയായിരിക്കുന്നത്. ഇതനുസരിച്ച് കാലടി മുതല്‍ പെരുമ്പാവൂര്‍ വരെ പുതിയ അതിര്‍ത്തിക്കല്ലുകള്‍ സ്ഥാപിക്കും. രണ്ട് ഘട്ടങ്ങളായി നടപ്പാക്കാനുദ്ദേശിക്കുന്ന ശബരി റെയില്‍ പദ്ധതിയുടെ ഒന്നാംഘട്ടം അങ്കമാലി മുതല്‍ എരുമേലിവരെയും രണ്ടാംഘട്ടം പുനലൂര്‍ വരെയുമാണ്. ഇതോടെ ഇത് ചെങ്കോട്ട ലൈനുമായും സന്ധിക്കും. അങ്കമാലി മുതല്‍ എരുമേലിവരെയുള്ള 110 കിലോമീറ്റര്‍ സ്ഥലത്ത് പദ്ധതി പൂര്‍ത്തിയാക്കുന്നതിന് 1998ല്‍ 540 കോടി രൂപയായിരുന്നു എസ്റ്റിമേറ്റ്. ഇപ്പോള്‍ ഇത് 2600 കോടിയായാണ് കണക്കാക്കുന്നത്. 191 കിലോമീറ്റര്‍ ദൂരംവരുന്ന അങ്കമാലി-എരുമേലി-പുനലൂര്‍ പാതയില്‍ 20 റെയില്‍വേ സ്റ്റേഷനുകളാണ് വിഭാവനം ചെയ്തിട്ടുള്ളത്. അങ്കമാലി, പുനലൂര്‍ സ്റ്റേഷനുകള്‍ ഇതോടെ റെയില്‍വേ ജങ്ഷനുകളായി മാറും. കാലടി, പെരുമ്പാവൂര്‍, കോതമംഗലം, മൂവാറ്റുപുഴ, വാഴക്കുളം, തൊടുപുഴ, കരിങ്കുന്നം, രാമപുരം, പാലാ, ചെമ്മലമറ്റം, കാഞ്ഞിരപ്പള്ളി, എരുമേലി, റാന്നി, പത്തനംതിട്ട, കോന്നി, കൂടല്‍, പത്തനാപുരം എന്നിവയാണ് വിഭാവനം ചെയ്തിരിക്കുന്ന സ്റ്റേഷനുകള്‍. ശബരിമല തീര്‍ഥാടകരുടെ സൗകര്യംകൂടി കണക്കിലെടുത്താവും എരുമേലയില്‍ സ്റ്റേഷന്‍ സ്ഥാപിക്കുക. നിര്‍ദിഷ്ട വിമാനത്താവളവുമായും ഇതിനെ ബന്ധിപ്പിക്കാന്‍ ആലോചിക്കുന്നുണ്ട്. അങ്കമാലി മുതല്‍ കാലടിവരെ എട്ടുകിലോമീറ്റര്‍ ഒന്നാം റീച്ചിന്‍െറയും കാലടി റെയില്‍വേ സ്റ്റേഷന്‍െറയും പെരിയാറിനുകുറുകെയുള്ള പാലത്തിന്‍െറയും 80 ശതമാനം നിര്‍മാണം മാത്രമാണ് ശബരി പദ്ധതിയില്‍ ഇതുവരെ നടന്നിട്ടുള്ളത്. കുന്നത്തുനാട് താലൂക്കിലെ ചേലാമറ്റം, കൂവപ്പടി, പെരുമ്പാവൂര്‍ വില്ളേജുകളിലെ സ്ഥലമെടുപ്പിനുള്ള നടപടി പൂര്‍ത്തീകരിച്ചുവെങ്കിലും സ്ഥലമുടമകള്‍ക്കുള്ള നഷ്ടപരിഹാരം നല്‍കാത്തതിനാല്‍ ഭൂമി റെയില്‍വേക്കു കൈമാറുവാന്‍ കഴിഞ്ഞിട്ടില്ല. പെരിയാര്‍, മീനച്ചിലാര്‍, മണിമല നദികളില്‍ ഒന്നാംഘട്ടത്തില്‍ പാലം വേണം. കാലടി പെരിയാറില്‍ പാലംപണി ഏറെക്കുറെ പൂര്‍ത്തിയായിട്ടുണ്ട്. രണ്ടാം ഘട്ടത്തില്‍ പമ്പ, അച്ചന്‍കോവില്‍, കല്ലട നദികളിലും പാലം വേണ്ടിവരും. രണ്ടാംഘട്ടത്തില്‍ കൂടല്‍-പുനലൂര്‍ റൂട്ടില്‍ സ്ഥലം ഏറ്റെടുക്കാന്‍ വനംപരിസ്ഥിതി മന്ത്രാലയത്തിന്‍െറ അനുമതിയും വേണ്ടിവരും. എറണാകുളം ജില്ലയിലെയും ഇടുക്കി ജില്ലയിലെയും അലൈന്‍മെന്‍റിന് അംഗീകാരമുണ്ടെങ്കിലും കോട്ടയം, പത്തനംതിട്ട ജില്ലകളിലെ അലൈന്‍മെന്‍റ് സംബന്ധിച്ച് സംസ്ഥാനസര്‍ക്കാര്‍ തയാറാക്കി സമര്‍പ്പിച്ച നിര്‍ദേശത്തിന് റെയില്‍വേ ബോര്‍ഡിന്‍െറ അംഗീകാരം ലഭിക്കേണ്ടതുണ്ട്. കോട്ടയം ജില്ലയിലെ അലൈന്‍മെന്‍റ് സംബന്ധിച്ച് ഇപ്പോഴും തര്‍ക്കം തുടരുന്നുണ്ട്. സമരസമിതിയുടെ നേതൃത്വത്തില്‍ പ്രക്ഷോഭം നടന്നുവരികയുമാണ്. സംസ്ഥാന സര്‍ക്കാറും റെയില്‍വേയും സഹകരിച്ചാവും പദ്ധതി നടപ്പിലാക്കുക. സബര്‍ബന്‍ റെയില്‍വേ സി.ഇ.ഒ ടോമി സിറിയക്കിനെ ഇതിന്‍െറ കോഓഡിനേറ്ററായി നിയമിച്ചിട്ടുണ്ട്. പ്രഗതിയില്‍ ഉള്‍പ്പെടുത്തിയതോടെ നിലവിലുള്ള തടസ്സങ്ങളെല്ലാം മാറുമെന്നാണ് പ്രതീക്ഷ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.