ചങ്ങനാശേരിയില്‍ ഗതാഗതം നിയന്ത്രിക്കാന്‍ പൊലീസില്ല

ചങ്ങനാശേരി: തിരക്കേറിയ ചങ്ങനാശേരി നഗരത്തില്‍ ഗതാഗതം നിയന്ത്രിക്കാന്‍ മതിയായ പൊലീസില്ല...! തല്‍ക്കാലം ഉള്ളവരെക്കൊണ്ട് എല്ലാം ‘അഡ്ജസ്റ്റ്’ ചെയ്ത് ട്രാഫിക് വിഭാഗം പൊരിവെയിലത്ത് വിയര്‍ക്കുകയാണ്. എസ്.ഐ അടക്കം 21 പേരാണ് ട്രാഫിക്കിലുള്ളത്. 13 ഹോംഗാര്‍ഡുകളും സേവനത്തിനുണ്ട്. സ്റ്റേഷന്‍ ഡ്യൂട്ടിയും ഇവരുടെ അവധിയും ഡ്യൂട്ടി ലീവുമൊക്കെ കണക്കുകൂട്ടുമ്പോള്‍ പിന്നീട് നഗരത്തില്‍ കാണുന്നത് വിരലിലെണ്ണാവുന്നവര്‍ മാത്രം. ബൈപാസ് ഗതാഗതത്തിനു തുറന്നു കൊടുക്കുന്നതിനു മുമ്പ് ട്രാഫിക് വിഭാഗത്തില്‍ ആവശ്യത്തിന് പൊലീസ് ഉണ്ടായിരുന്നുവെന്നാണ് കണക്ക്. ബൈപാസ് തുറന്നപ്പോള്‍ കൂടുതല്‍ പേരെ നിയമിക്കാതെ ഉള്ളവരെ കൂടി അധികാരികള്‍ പിന്‍വലിച്ചു. ഇതോടെ നഗരത്തിലെ ഗതാഗത നിയന്ത്രണത്തിനു പോരായ്മകളുടെ കാലവുമായി. മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള അധികാരികളും ഉദ്യോഗസ്ഥരും ഏറെയും യാത്ര ചെയ്യുന്നത് ബൈപാസിലൂടെയായതിനാല്‍ ഇവിടെ നിന്നു ട്രാഫിക് ജീവനക്കാരെ പിന്‍വലിക്കാന്‍ കഴിയില്ല. ബൈപാസിലെ പാലാത്രചിറ, റെയില്‍വേ ജങ്ഷന്‍, എസ്.എച്ച് കവല, ളായിക്കാട് ബസ് സ്റ്റാന്‍ഡുകള്‍ എന്നിവടങ്ങളിലാണ് അംഗങ്ങളെ സേവനത്തിനു നിയോഗിച്ചിരിക്കുന്നത്. നഗരത്തിലെ തിരക്കു കൂടുമ്പോള്‍ ഇവരില്‍ പലരെയും അങ്ങോട്ടേക്ക് മാറ്റുമ്പോള്‍ ബൈപാസിലെ തിരക്കു പിന്നെ കുരുക്കാകുന്ന കാഴ്ചയാണ്. നഗരത്തിലെ തിരക്കേറിയ മൂന്നു ബസ് സ്റ്റാന്‍ഡുകളിലും സേനാംഗങ്ങളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. വാഹന പരിശോധനക്കും മറ്റും ഇടക്കിടക്ക് ട്രാഫിക് എസ്.ഐക്കൊപ്പം ഇവരില്‍ ചിലര്‍ക്കു പോകേണ്ടി വരും. ഇതെല്ലാം കൂടി കഴിയുമ്പോള്‍ നഗരത്തില്‍ പിന്നെ വാഹനങ്ങള്‍ക്ക് സ്വന്തം ഇഷ്ടത്തിനു പോകാനും എവിടെ വേണമെങ്കിലും പാര്‍ക്ക് ചെയ്യാനും കഴിയുമെന്ന അവസ്ഥയാണ്. ഇതോടെ നഗരം ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടുന്നതും കാണാം. സെന്‍ട്രല്‍ ജങ്ഷന്‍, പുതൂര്‍പ്പള്ളി കവല, നഗരസഭ കവല, പോസ്റ്റ്ഓഫിസ് ജങ്ഷന്‍, പെരുന്ന ബസ് സ്റ്റാന്‍ഡ് ജങ്ഷന്‍, പെരുന്ന മന്നം ജങ്ഷന്‍ തുടങ്ങിയ പ്രധാനയിടങ്ങളിലെല്ലാം ട്രാഫിക് സേവനം നല്‍കണമെങ്കില്‍ സേനയുടെ അംഗബലം കൂട്ടിയാലേ കഴിയൂ. ഓണവിപണിയുടെ തിരക്കും കെ.എസ്.ടി.പിയുടെ നഗരത്തിലെ നിര്‍മാണപ്രവര്‍ത്തനങ്ങളും ആരംഭിക്കാന്‍ ഒരുങ്ങുന്നതോടെ ട്രാഫിക് പൊലീസ് വളരെ പ്രതിസന്ധി നേരിടേണ്ട സ്ഥിതിയിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.