ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടി ഈരാറ്റുപേട്ട നഗരം

ഈരാറ്റുപേട്ട: ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടി ഈരാറ്റുപേട്ട നഗരം. കുരുക്കഴിക്കാന്‍ ചില പരിഷ്കാരങ്ങള്‍ ഏര്‍പ്പെടുത്തുമെങ്കിലും ഇത് ചലനങ്ങളൊന്നും നഗരത്തില്‍ സൃഷ്ടിക്കാറില്ല. ശാസ്ത്രീയ പഠനമില്ലാത്തതാണ് പരിഷ്കാരങ്ങള്‍ പരാജയപ്പെടാന്‍ പ്രധാന കാരണം. അടുത്തിടെ ഗതാഗതക്കുരുക്കിനു പരിഹാരമായി നഗരസഭാ അധ്യക്ഷന്‍ ചില ആശയങ്ങള്‍ മുന്നോട്ടുവെച്ചെങ്കിലും എതിര്‍പ്പില്‍ മുങ്ങിപ്പോയി. ഇതിന്‍െറ ഭാഗമായി പട്ടണത്തിലെ റോഡുകള്‍ക്ക് നടുവിലൂടെ ഇരുവശത്തെയും വേര്‍തിരിക്കുന്ന ഒരു ഡിവൈഡര്‍ പരീക്ഷണാര്‍ഥം സെന്‍ട്രല്‍ ജങ്ഷന്‍ മുതല്‍ മുനിസിപ്പല്‍ സ്റ്റാന്‍ഡുവരെ 200 മീറ്റര്‍ നീളത്തില്‍ സ്ഥാപിച്ചു. ഇതിനെതിരെ രാഷ്ട്രീയ കക്ഷികളും രംഗത്ത് എത്തിയതോടെ ഇത് പാളി. നിലവില്‍ കുരിക്കള്‍ നഗര്‍ മുതല്‍ ഡിവൈഡര്‍ സംവിധാനമുണ്ട്. ഇവിടെ വാഹനങ്ങളെ ഒരു പിരിധിവരെ നിയന്ത്രിക്കാന്‍ കഴിയുന്നുമുണ്ട്. റോഡുകളുടെ വീതിക്കുറവും പ്രശ്നം രൂക്ഷമാക്കുന്നു. നഗരത്തിലെ ഗതാഗത പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുകയെന്ന ലക്ഷ്യത്തോടെ നിര്‍മിച്ച കുരിക്കള്‍ നഗര്‍ കോസ്വേയും മുരിക്കോലിക്കടവ് കോസ്വേയും ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇതുവഴി ഗതാഗതം തിരിച്ചുവിടാന്‍ ഭരണാധികാരികള്‍ക്കു കഴിഞ്ഞിട്ടില്ല. കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതി മാര്‍ക്കറ്റ് റോഡ് വീതി കൂട്ടുകയും പി.സി. ജോര്‍ജ് എം.എല്‍.എയുടെ ഫണ്ടുപയോഗിച്ച് നിലവാരമുള്ള ടാറിങ് നടത്തുകയും ചെയ്തിട്ടും വണ്‍വേ സംവിധാനം ഏര്‍പ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല. മുഹദ്ദീന്‍ പള്ളി റോഡും ഇത്തരത്തില്‍ ടാറിങ് നടത്തിയിട്ടും ഈ റോഡിലും വണ്‍വേ വന്നില്ല. ഓട്ടോകളുടെ കറക്കവും ഗതാഗതക്കുരുക്കിനു കാരണമാകുന്നു. കുരിക്കള്‍ നഗറില്‍ ഇത് രൂക്ഷമായ പ്രശ്നമാണ് സൃഷ്ടിക്കുന്നത്. ഇവിടെ ഓട്ടോ സ്റ്റാന്‍ഡ് ഇല്ളെങ്കിലും പഴയ പറമ്പ് മാളിന്‍െറയും കുരിക്കള്‍ നഗറിന്‍െറയും ഇടയില്‍ മാര്‍ക്കറ്റ് റോഡിന്‍െറ തുടക്കത്തില്‍ ഓട്ടോകള്‍ നിര്‍ത്തിയിടുന്നതും പതിവാണ്. ഇവിടത്തെ പുതിയ ബസ് കാത്തിരിപ്പ് കേന്ദ്രത്തിനു മുന്നില്‍ ബസുകള്‍ ആളെ കയറ്റിയിറക്കുന്നതിനു പകരം ഏറെ നേരം പാര്‍ക്ക് ചെയ്യുന്നതും പ്രശ്നം സൃഷ്ടിക്കുന്നുണ്ട്. ബസുകള്‍ മെല്ളെപ്പോയി സ്റ്റോപ്പില്ലാത്ത ഇടങ്ങളില്‍ ആളെ കയറ്റുന്നതും തടസ്സമാണ്. ഈരാറ്റുപേട്ട പഞ്ചായത്ത് മുനിസിപ്പാലിറ്റി ആയതോടെ റോഡ് വികസനത്തിന് വേഗം കൈവരുമെന്ന പ്രതീക്ഷയിലായിരുന്നു നഗരവാസികള്‍. ഏഴേമുക്കാല്‍ ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതി ഉള്ള ഈരാറ്റുപേട്ട നഗരസഭാ പരിധിയില്‍ നാല്‍പതിനായിരമാണ് ജനസംഖ്യ. ഇതിന് അതിനനുസൃതമായ വാഹന ബാഹുല്യവും വന്നു പോകുന്ന വാഹനങ്ങളെയും താങ്ങാന്‍ മാത്രം വിസ്തൃതിയോ റോഡ് വികസനമോ ഇവിടെയില്ല. വാഹനം പാര്‍ക്ക് ചെയ്തിട്ടു സാധനങ്ങള്‍ വാങ്ങാന്‍ പോലും സ്ഥലമില്ല. നഗരത്തിനു വെളിയിലാണ് മിക്കവാറും വാഹനങ്ങളുടെ പാര്‍ക്കിങ് . തിരക്കിന് ഒരുപരിധിവരെയെങ്കിലും പരിഹാരം കാണാന്‍ കുരിക്കള്‍ നഗറില്‍നിന്ന് തീക്കോയി പൂഞ്ഞാര്‍ ഭാഗത്തക്കുള്ള വാഹനങ്ങളില്‍ സര്‍വിസ് ബസുകളൊഴികെയുള്ളവ മാര്‍ക്കറ്റ് റോഡുവഴി തിരിച്ചു വിടണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്. തിരിച്ചുവരുന്നവ എം.ഇ.എസ് കവല വഴി കുരിക്കള്‍ നഗര്‍ തെക്കേകര വഴിയും തിരിച്ചു വിട്ടാല്‍ സെന്‍ട്രല്‍ ജങ്ഷന്‍ മുതല്‍ മുനിസിപ്പല്‍ സ്റ്റാന്‍ഡുവരെ ഗതാഗത നിയന്ത്രണ വിധേയമാകുമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.