സീസണിനു മുമ്പ് സമഗ്രവികസനത്തിനു പദ്ധതി

കോട്ടയം: കുമരകം ടൂറിസം പ്രദേശത്തിന്‍െറ സമഗ്ര വികസനത്തിനു കര്‍മപദ്ധതി തയാറാക്കാന്‍ കുമരകം മേഖലയിലെ ടൂറിസം ഉപഭോക്താക്കളുടെ യോഗത്തില്‍ ധാരണ. അടിസ്ഥാന സൗകര്യ വികസനം, കായല്‍ സംരക്ഷണം, മാലിന്യ സംസ്കരണം, തോടുകള്‍, നടപ്പാതകള്‍ തുടങ്ങിയവയുടെ സംരക്ഷണം, ഉത്തരവാദിത്ത ടൂറിസം എന്നിങ്ങനെ വിവിധ മേഖലകള്‍ക്കായി നിര്‍ദേശങ്ങള്‍ രൂപവത്കരിക്കാന്‍ വിവിധ സമിതികള്‍ക്കും യോഗം രൂപം നല്‍കി. സുരേഷ് കുറുപ്പ് എം.എല്‍.എയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ ടൂറിസം ഡയറക്ടര്‍ യു.വി. ജോസ്, വിവിധ ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സമിതികള്‍ സെപ്റ്റംബര്‍ മൂന്നിനകം റിപ്പോര്‍ട്ട് തയാറാക്കും. ഹ്രസ്വകാല നടപടിയും ദീര്‍ഘകാല നടപടിയും ചര്‍ച്ച ചെയ്യും. അതിന്‍െറ അടിസ്ഥാനത്തില്‍ തുടര്‍നടപടി സ്വീകരിക്കുമെന്നും ജോസ് പറഞ്ഞു. നവംബര്‍ ഒന്നിനകം കുമരകം, ആര്‍പ്പൂക്കര, അയ്മനം പഞ്ചായത്തുകളടങ്ങുന്ന കുമരകം ടൂറിസം മേഖലയെ സഞ്ചാരികളെ വരവേല്‍ക്കാന്‍ സജ്ജമാക്കും. വേമ്പനാട്ടുകായലിനെ മാലിന്യമുക്തമാക്കുകയെന്നതാണ് ഏറെ പ്രധാനമെന്ന് യോഗത്തില്‍ പങ്കെടുത്ത സുരേഷ് കുറുപ്പ് ചൂണ്ടിക്കാട്ടി. അതു നടന്നാല്‍ മേഖലയിലെ പ്രശ്നങ്ങള്‍ക്ക് ഒരു പരിധിവരെ പരിഹാരമാകും. പ്ളാസ്റ്റിക് മാലിന്യം കടുത്ത വെല്ലുവിളിയാണ്. പ്ളാസ്റ്റിക് ഖരമാലിന്യം ഗുളിക രൂപത്തില്‍ മാറ്റിയെടുക്കുന്ന യന്ത്രം സ്ഥാപിക്കണം. അതിന് വലിയ ചെലവോ സ്ഥലമോ വേണ്ട. പഞ്ചായത്തുകള്‍ക്ക് ഇത് ചെയ്യാവുന്നതേ ഉള്ളൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അന്താരാഷ്ട്ര തലത്തില്‍ അംഗീകാരം ലഭിച്ച കുമരകത്തെ ഉത്തരവാദിത്ത ടൂറിസം നയം ശക്തമായി മുന്നോട്ടു കൊണ്ടുപോകുമെന്ന് ടൂറിസം ഡയറക്ടര്‍ വ്യക്തമാക്കി. മാലിന്യ സംസ്കരണത്തിലും കനാല്‍ സംരക്ഷണത്തിലും കൂടുതല്‍ നടപടി ഉണ്ടാകും. മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ടുള്ള ന്യൂനതകള്‍ പരിഹരിക്കാന്‍ സാമ്പത്തികം തടസ്സമല്ളെന്ന് ജോസ് പറഞ്ഞു. ലണ്ടനിലടക്കം കേരള ടൂറിസത്തിന്‍െറ പ്രചാരണത്തില്‍ ഏറ്റവുമധികം ശ്രദ്ധേയമായത് കുമരകത്തെ ഉത്തരവാദിത്ത ടൂറിസമായിരുന്നു. പല അന്താരാഷ്ട്ര ഏജന്‍സികളും ഇതില്‍ തുടര്‍പഠനം നടത്താന്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും അതിനുവേണ്ടി ഉത്തരവാദിത്ത ടൂറിസത്തെ സമ്പൂര്‍ണമായി സജ്ജമാക്കുമെന്നും അദ്ദേഹം പറഞ്ഞു. കായല്‍ സംരക്ഷണം പ്രധാനമാണ്. പോള നിവാരണം, ഹൗസ് ബോട്ടുകളില്‍നിന്നും വിവിധ സ്ഥാപനങ്ങളില്‍നിന്നും കായലിലേക്ക് മാലിന്യം ഒഴുക്കിവിടുന്നത് തടയുക തുടങ്ങിയവയില്‍ ശ്രദ്ധ വേണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. ഫണ്ടില്ലാത്തതാണ് പഞ്ചായത്തിന്‍െറ പ്രധാന പരിമിതിയെന്ന് പ്രസിഡന്‍റ് എ.പി. സലിമോന്‍ പറഞ്ഞു. കെ.ടി.ഡി.സി എം.ഡി ഡി. ബാലമുരളി, കുമരകം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സിന്ധു രവികുമാര്‍ തുടങ്ങിയവരും കുമരകം പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളും ടൂറിസം മേഖലയിലെ ഗുണഭോക്താക്കളും യോഗത്തില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.