ജില്ലയിലെ അവസാനത്തെ നന്മ സ്റ്റോറിനും താഴ് വീണു

കോട്ടയം: കണ്‍സ്യൂമര്‍ ഫെഡിന്‍െറ ജില്ലയിലെ അവസാനത്തെ നന്മ സ്റ്റോറിനും താഴ് വീണു. മീനടത്ത് പ്രവര്‍ത്തിച്ചിരുന്ന നന്മ സ്റ്റോര്‍ വെള്ളിയാഴ്ച ഉച്ചയോടെ റീജനല്‍ കണ്‍സ്യൂമര്‍ഫെഡ് അധികൃതര്‍ പൂട്ടിയതോടെയാണ് ജില്ലയില്‍ നന്മ സ്റ്റോറുകളുടെ പ്രവര്‍ത്തനം പൂര്‍ണമായും നിലച്ചത്. ഇതോടെ ജില്ലയിലെ 30 നന്മ സ്റ്റോറുകളിലായി കരാറടിസ്ഥാനത്തില്‍ ജോലിചെയ്തിരുന്ന 60 പേര്‍ക്ക് തൊഴില്‍ നഷ്ടമാവുകയും ചെയ്തു. ദിവസങ്ങള്‍ക്ക് മുമ്പ് കങ്ങഴ,വയലാ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നവക്ക് താഴിട്ടാണ് ജില്ലയിലെ അടച്ചുപൂട്ടല്‍ ആരംഭിച്ചത്. ആവശ്യത്തിന് വിഭവങ്ങള്‍ ഇല്ലാത്തതിനാല്‍ മാസങ്ങളായി നന്മ സ്റ്റോറുകളെ ഉപഭോക്താക്കള്‍ ഉപേക്ഷിച്ചിരുന്നു. ഇത് മൂലം കച്ചവടം നടക്കാത്ത നന്മ സ്റ്റോറുകള്‍ നഷ്ടമെന്ന പേരുപറഞ്ഞു പൂട്ടിയത്.ഒന്നരലക്ഷം രൂപവരെ കച്ചവടം നടന്നിരുന്ന നന്മ സ്റ്റോറുകളില്‍ ഇപ്പോള്‍ രണ്ട് ജീവനക്കാരുടെ പ്രതിദിന ശമ്പളം നല്‍കാനുള്ള 600രൂപ പോലും ലഭിക്കാറില്ല. അരി, പലവ്യഞ്ജനങ്ങള്‍ തുടങ്ങിയവയൊന്നും എങ്ങുമില്ല. കോസ്മെറ്റിക് ഇനങ്ങള്‍, സ്കൂള്‍ ബാഗ്, നോട്ട്ബുക് എന്നിവയാണ് പലയിടത്തും അവശേഷിച്ചത്.അവ ജില്ലയിലെ വിവിധ ത്രിവേണി സ്റ്റോറുകളിലേക്ക് മാറ്റി. പൊതു വിപണിയെ അപേക്ഷിച്ച് 20ശതമാനം സബ്സിഡിയോടെ ആയിരുന്നു പല വ്യഞ്ജനങ്ങള്‍ ഉള്‍പ്പെടെയുള്ള വിഭവങ്ങള്‍ ജില്ലയില്‍ വിറ്റഴിച്ചിരുന്നത്. നന്മ സ്റ്റോറുകള്‍ പൂട്ടിയത് ജില്ലയിലെ പതിനായിരത്തോളം കുടുംബങ്ങളെയാകും ബാധിക്കുക. അരി, പയര്‍ വിഭവങ്ങളുമടക്കം 13 ഇനങ്ങള്‍ക്കാണിവിടെ സബ്സിഡി ലഭിച്ചിരുന്നത്.പ്രാദേശിക സഹകരണ സംഘങ്ങളുടെയും സംഘടനകളുടെയും കെട്ടിടങ്ങളില്‍ വാടകകൂടാതെയായിരുന്നു നന്മ സ്റ്റോറുകള്‍ പ്രവര്‍ത്തിച്ചിരുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.