ഓണമാഘോഷിക്കാന്‍ നഗരത്തിന് കോടിമത വാട്ടര്‍പാര്‍ക്ക്

കോട്ടയം: കാത്തിരിപ്പിനൊടുവില്‍ ഓണസമ്മാനമായി കോടിമത വാട്ടര്‍പാര്‍ക്ക് വീണ്ടും തുറക്കുന്നു. സാഹസിക ജലവിനോദ ഉപകരണങ്ങള്‍ ഉള്‍പ്പെടുത്തി ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്‍െറ നേതൃത്വത്തിലാണ് പദ്ധതി പുനരാരംഭിക്കുന്നത്. പ്രത്യേക ചടങ്ങുകളൊന്നുമില്ലാതെ ശനിയാഴ്ച ഒൗദ്യോഗികമായി പാര്‍ക്ക് പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കും. 12 ലക്ഷത്തോളം രൂപയുടെ ഉപകരണങ്ങളാണ് പാര്‍ക്കില്‍ പുതുതായി എത്തിച്ചിരിക്കുന്നത്. ഒരേസമയം നാലുപേര്‍ക്ക് ഉപയോഗിക്കാവുന്ന ‘കനേഡിയന്‍ കനോയ്’, എട്ടുപേര്‍ക്ക് ഉപയോഗിക്കാവുന്ന ‘ബനാനാറൈഡ്’ വാട്ടര്‍ സര്‍ക്ക്ള്‍, പെഡല്‍ ബോട്ടുകള്‍, വള്ളം എന്നിവയാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. അടുത്തഘട്ടമായി കൂടുതല്‍ ഉപകരണങ്ങള്‍ എത്തിക്കുമെന്ന് ഡി.ടി.പി.സി അധികൃതര്‍ പറഞ്ഞു. പുണെ ആസ്ഥാനമായ കമ്പനിയില്‍നിന്ന് ടെന്‍ഡര്‍ നടപടിക്രമങ്ങളിലൂടെയാണ് ബോട്ടുകള്‍ അടക്കമുള്ളവ വാങ്ങിയിരിക്കുന്നത്. ഈമാസം ആദ്യം ഡി.ടി.പി.സിയുടെ ഓഫിസിലത്തെിച്ച ബോട്ടുകള്‍ കഴിഞ്ഞദിവസങ്ങളിലായി കോടിമതയില്‍ കോടൂരാറ്റില്‍ എത്തിച്ചു. കോടിമതയില്‍ കോടൂരാറ്റില്‍ നിലവിലുള്ള ജെട്ടിയോടു ചേര്‍ന്ന് രൂപംനല്‍കിയ വാട്ടര്‍പാര്‍ക്ക് പദ്ധതിയുടെ ഉദ്ഘാടനം കഴിഞ്ഞ ആഗസ്റ്റില്‍ ടൂറിസം മന്ത്രി എ.പി. അനില്‍കുമാര്‍ നിര്‍വഹിച്ചിരുന്നു. എന്നാല്‍, ഉദ്ഘാടനശേഷം പ്രവര്‍ത്തനമൊന്നും നടന്നില്ല. പദ്ധതിയുടെ നടത്തിപ്പ് ചുമതല നല്‍കിയിരുന്ന സ്വകാര്യ എജന്‍സി അധികം കഴിയുംമുമ്പ് ഉപകരണങ്ങളെല്ലാം ഇവിടെനിന്ന് കൊണ്ടുപോവുകയും ചെയ്തു. ഫോറസറ്റ് ഇന്‍ഡ്രസ്ട്രീസ് ഓഫ് ട്രാവന്‍കൂറാണ് വോക് വേ കം അഡ്വഞ്ചര്‍ ടൂറിസം പദ്ധതിയായ വാട്ടര്‍ പാര്‍ക്ക് ഒരുക്കിയത്. ഇതോടെ ലക്ഷങ്ങള്‍ മുടക്കി വൃത്തിയാക്കിയ കൊടൂരാറിന്‍െറ ഈ ഭാഗത്ത് വീണ്ടും പോളകള്‍ നിറഞ്ഞു. പദ്ധതിക്കായി ഒരുക്കിയ നടപ്പാത തകര്‍ച്ചയിലുമായി. വിളക്കുകാലുകളും നശിച്ചു. നഗരവാസികള്‍ക്ക് സായാഹ്നങ്ങള്‍ ചെലവഴിക്കാനും കുട്ടികള്‍ക്ക് വിനോദമൊരുക്കാനും ലക്ഷ്യമിട്ട് 1.42 കോടി രൂപ മുടക്കി നിര്‍മിച്ച പാര്‍ക്ക് നശിക്കുന്ന നിലയായി. ഇതിനെതിരെ പ്രതിഷേധം ശക്തമായതോടെ സ്വന്തം നിലയില്‍ പാര്‍ക്കിന്‍െറ പ്രവര്‍ത്തനം ഏറ്റെടുക്കാന്‍ ഡി.ടി.പി.സി തീരുമാനിക്കുകയായിരുന്നു. ഇതിന്‍െറ ഭാഗമായാണ് പുതിയ ഉപകരങ്ങള്‍ അടക്കം എത്തിച്ചത്. കോടൂരാറ്റിലെ പോളകള്‍ നഗരസഭയുടെ നേതൃത്വത്തില്‍ നീക്കി. കൂടുതല്‍ വെളിച്ച സംവിധാനവും ഒരുക്കിയിട്ടുണ്ട്. വിനോദത്തിനായി എത്തിച്ചിരിക്കുന്ന ഉപകരണങ്ങളില്‍ കയറുന്നവരുടെ സുരക്ഷക്കായി പരിശീലനം ലഭിച്ച ഒരുമാനേജര്‍ അടക്കം മൂന്ന് ഗൈഡുകളെ നിയോഗിച്ചിട്ടുണ്ട്. റൈഡുകളില്‍ കയറുന്നവര്‍ക്ക് ലൈഫ് ജാക്കറ്റ് നിര്‍ബന്ധമാണ്. റെയിന്‍ ഷെല്‍ട്ടര്‍, സ്നാക്സ് പാര്‍ലര്‍ തുടങ്ങിയ സൗകര്യങ്ങള്‍ പാര്‍ക്കില്‍ ഒരുക്കിയിട്ടുണ്ട്. ദിവസേന രാവിലെ 10 മുതല്‍ രാത്രി ഏഴ് വരെയാണ് പാര്‍ക്കിന്‍െറ പ്രവര്‍ത്തനം. കാറ്റ് നിറച്ചശേഷം അതിനുള്ളില്‍ കയറി വെള്ളത്തിലൂടെ ചവിട്ടി കറങ്ങുന്ന രീതിയില്‍ തയാറാക്കിയിരിക്കുന്ന വാട്ടര്‍ സോബിങ് എന്ന റൈഡാണ് ശ്രദ്ധേയം. ഒരേസമയം ഇതില്‍ എഴുപേര്‍ക്ക് സഞ്ചരിക്കാം. ബലൂണ്‍ മാതൃകയിലുള്ള സോബിങ്ങില്‍ കാറ്റ് നിറച്ചശേഷം സൈഡിലുള്ള ഹോളിലുടെയാണ് യാത്രക്കാര്‍ ഇതിലേക്ക് പ്രവേശിക്കുന്നത്. കോടിമതയിലെ ബോട്ടുജെട്ടിയില്‍നിന്ന് ബോട്ടില്‍ വേമ്പനാട്ടുകായലില്‍ എത്തി സൂര്യാസ്തമയം കണ്ട് തിരികെയത്തെുന്ന രീതിലുള്ള പദ്ധതിയും വാട്ടര്‍ പാര്‍ക്കിന്‍െറ ഭാഗമായി ഡി.ടി.പി.സി തയാറാക്കിയിട്ടുണ്ട്. പദ്ധതിയുടെ രണ്ടാംഘട്ടമായി റിവര്‍ ക്രോസിങ് പദ്ധതി നടപ്പാക്കാനുള്ള ശ്രമത്തിലാണ് ടൂറിസം അധികൃതര്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.