ഏലം വില വീണ്ടും ഉയര്‍ന്നു; കിലോക്ക് 1428 രൂപ

കട്ടപ്പന: ചിങ്ങപ്പുലരിയില്‍ ഏലത്തിനു വീണ്ടും വില ഉയര്‍ന്നു. കിലോക്ക് 80 രൂപയാണ് കൂടിയത്. ഇതോടെ, ഒരാഴ്ചക്കിടെ കിലോക്ക് വിലവര്‍ധന 462 രൂപയായി. അഞ്ചു വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വിലയായ കിലോക്ക് 1428 രൂപയാണ് ബുധനാഴ്ച നടന്ന ലേലത്തില്‍ ലഭിച്ചത്. പുറ്റടി സ്പൈസസ് പാര്‍ക്കില്‍ സുഗന്ധഗിരി സ്പൈസസ് പ്രൊമോട്ടേഴ്സ് കമ്പനി നടത്തിയ ഓണ്‍ലൈന്‍ ലേലത്തിലാണ് ഇത്രയും ഉയര്‍ന്ന വില കിട്ടിയത്. ലേലത്തിനുവെച്ച 35,215 കിലോയില്‍ 34,469 കിലോയും വിറ്റുപോയപ്പോള്‍ കൂടിയ വിലയായി കിലോക്ക് 1428 രൂപയും ശരാശരി വില 1057 രൂപയും കിട്ടി. മറ്റൊരു ലേല ഏജന്‍സിയായ വണ്ടന്മേട് ഗ്രീന്‍ ഗോള്‍ഡ് കാര്‍ഡമം പ്രൊഡ്യൂസര്‍ കമ്പനി നടത്തിയ ലേലത്തില്‍ 44,439 കിലോ വിറ്റുപോയി. കൂടിയവില 1402രൂപയും ശരാശരി വില 1035 രൂപയുമാണ്. ചൊവ്വാഴ്ച നടന്ന ലേലത്തില്‍ കൂടിയവില 1348 രൂപയായിരുന്നു. കഴിഞ്ഞ എട്ടാം തീയതി ശാന്തന്‍പാറ കാര്‍ഡമം പ്ളാന്‍േറഴ്സ് അസോസിഷന്‍െറ ലേലത്തില്‍ കൂടിയ വില 966 രൂപ മാത്രമായിരുന്നു. ശരാശരി 766 രൂപയും. ഡിമാന്‍ഡിന് അനുസൃതമായി ഏലം വിപണിയില്‍ വരുന്നില്ല. അതിനാല്‍ വില വര്‍ധന തുടരാനാണ് സാധ്യത. കട്ടപ്പനയിലെ പ്രാദേശിക വിപണിയിലും വില 1100 രൂപവരെ ഉയര്‍ന്നു. വിളവെടുപ്പ് സീസണ്‍ ആരംഭിക്കാന്‍ ഒരു മാസം കൂടിയുണ്ട്. ഈ സാഹചര്യത്തില്‍ വില ഇനിയും ഉയരുമെന്നാണ് പ്രതീക്ഷ. ഏലത്തിനു എക്കാലത്തെയും ഉയര്‍ന്ന വില കിട്ടിയത് 2010-2011ലാണ്. അന്ന് കിലോക്ക് 2000 രൂപവരെ എത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.