അടിമാലി: രോഗബാധയും ഉല്‍പാദനക്കുറവും മൂലം കൊക്കോ കര്‍ഷകര്‍ പ്രതിസന്ധിയില്‍. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഉല്‍പാദനം 75 ശതമാനത്തിലേറെ കുറഞ്ഞതായാണ് റിപ്പോര്‍ട്ട്. തനത് കൃഷിയോടൊപ്പം ഇടവിളയായും കൊക്കൊ മാത്രം കൃഷി ചെയ്യുന്നവരുമുണ്ട്. ആഴ്ചതോറും വിളവെടുക്കാമെന്നതിനാല്‍ മറ്റു വിളകള്‍ക്ക് വിലയിടിഞ്ഞപ്പോള്‍ കര്‍ഷകര്‍ക്ക് താങ്ങായത് കൊക്കോയാണ്. കഴിഞ്ഞവര്‍ഷം ഒരുകിലോ പരിപ്പിന് 55രൂപ വരെ ലഭിച്ചിരുന്നു. ഇപ്പോഴിത് 45ലും താഴെയാണ്. 55 രൂപയെങ്കിലും ലഭിച്ചാലേ കൃഷി ആദായകരമാകൂ എന്ന് കര്‍ഷകര്‍ പറയുന്നു. ഈവര്‍ഷം മഴ കുറഞ്ഞതാണ് കൃഷിക്ക് തിരിച്ചടിയായത്. തളിരിട്ട പൂക്കള്‍ മഴയില്ലാത്തതിനാല്‍ നശിച്ചു. ഇതിന് പുറമെ രോഗങ്ങളും വ്യാപകമാണ്. കായ് ചീയുകയും ഫംഗസ് ബാധിക്കുകയും ചെയ്തതോടെ ഉല്‍പാദനം ഗണ്യമായി കുറഞ്ഞു. കൊക്കോ പരിപ്പിന് ഗുണമേന്മ കുറഞ്ഞതാണ് വിലയിടിവിന് കാരണമെന്ന് കച്ചവടക്കാര്‍ പറയുന്നു. ജലസേചന സൗകര്യമൊരുക്കിയാല്‍ വര്‍ഷംമുഴുവന്‍ വിളവ് ലഭിക്കുന്ന ഏക കൃഷിയാണ് കൊക്കോ. മറ്റു കൃഷികളെ അപേക്ഷിച്ച് ഉല്‍പാദന ചെലവ് കുറവുമാണ്. മഴ ലഭിച്ചില്ളെങ്കില്‍ വരുംദിവസങ്ങളിലും ചെടികളില്‍ പുതിയ പൂവ് വിരിയില്ല. ഇന്ത്യയില്‍ മൊത്തം ഉല്‍പാദിപ്പിക്കുന്ന കൊക്കോയുടെ 82 ശതമാനവും കേരളത്തിലാണ്. ഇതില്‍ 70 ശതമാനം ഇടുക്കി ജില്ലയിലാണ്. അടിമാലി, കൊന്നത്തടി, വെള്ളത്തൂവല്‍, രാജാക്കാട്, തങ്കമണി, വാത്തിക്കുടി, വാഴത്തോപ്പ്, കഞ്ഞിക്കുഴി പഞ്ചായത്തുകളിലാണ് ഏറ്റവും കൂടുതല്‍ ഉല്‍പാദനം. ചോക്ളേറ്റ് കമ്പനികള്‍ വന്‍തോതില്‍ കൊക്കോ ഇറക്കുമതി ചെയ്യുന്നതും വിലത്തകര്‍ച്ചക്ക് കാരണമാണ്. കാമറൂണ്‍, നൈജീരിയ, ഐവറി കോസ്റ്റ്, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍നിന്നാണ് പ്രധാനമായും ഇറക്കുമതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.