മഴ ബാക്കിയാക്കി കര്‍ക്കടകം വിടപറയാനൊരുങ്ങുന്നു

ഈരാറ്റുപേട്ട: കര്‍ക്കടക മാസത്തില്‍ കടംപറഞ്ഞ് മഴ മാറിനില്‍ക്കുന്നു. തുള്ളിതോരാത്ത മഴയില്‍ ഇടക്കിടെ കനത്തുപെയ്യുന്ന ദുരിതങ്ങളുടെ കഥകളുമായുള്ള കര്‍ക്കടകമാസം പക്ഷേ, ഇക്കുറി ശരിക്കും തിരുത്തിയെഴുതുകയാണെന്ന് പഴമക്കാര്‍ പറയുന്നു. തോരാത്തമഴ മൂലം പറമ്പില്‍ പണിക്കിറങ്ങാന്‍ പോലും കഴിയാത്ത പഴമയുടെ ദുരിതകാലത്തുനിന്നാണ് പഞ്ഞക്കര്‍ക്കടകം എന്ന പേരും ലഭിച്ചത്. എന്നാല്‍, ഇക്കുറി മഴയുടെ അളവ് കുറയുകയും വിപരീതമായി ചൂട് കൂടുകയും ചെയ്തു. ചാറ്റല്‍മഴയുടെ അകമ്പടിയോടെയാണ് നേരം പുലരുന്നതെങ്കിലും സൂര്യന്‍ ഉദിച്ചത്തെുന്നതോടെ കാലാവസ്ഥ ആകെ മാറും. പിന്നീട് ഉണ്ടാകുന്ന ചൂടിന് ചിലപ്പോള്‍ ഉച്ചക്കുശേഷം പെയ്യുന്ന മഴമാത്രമാണ് ആശ്വാസം. മലയാളമാസങ്ങളില്‍ അവസാനത്തേതും പ്രാധാന്യം നിറഞ്ഞതുമായ കര്‍ക്കടകത്തിലെ ആചാരരീതികള്‍ മുറതെറ്റാതെ നടന്നെങ്കിലും കാലാവസ്ഥയിലുണ്ടായ വ്യതിയാനം പഴമയുടെ സങ്കല്‍പങ്ങള്‍ തെറ്റിച്ചു. തോരാമഴ പ്രതീക്ഷിച്ച് മലയോര മേഖലയിലെ കര്‍ഷകര്‍ റബര്‍ മരങ്ങള്‍ക്ക് പ്ളാസ്റ്റിക് ഇടുകയും മഴയെ പ്രതിരോധിക്കാന്‍ ഒരുക്കം നടത്തുകയും ചെയ്തിരുന്നു. എന്നാല്‍, ഇടക്കിടെ മാത്രമാണ് മഴ ലഭിച്ചത്. മഴയുടെ അളവ് കുറഞ്ഞതോടെ വേനല്‍ക്കാലത്തിലേക്കുള്ള മുന്നറിയിപ്പ് പോലെ മീനച്ചിലാറിലെയും മറ്റ് ജലാശയങ്ങളില്‍ വെള്ളത്തിന്‍െറ അളവും മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കുറവായി. കാലാവസ്ഥ പ്രവചനാതീതമായതോടെ, മൂന്ന് നാളുകള്‍ക്കുശേഷം സമൃദ്ധിയുടെ പൊന്നോണവുമായി കടന്നത്തെുന്ന പുതുവര്‍ഷത്തിലെ ചിങ്ങമാസത്തില്‍ തെളിവുണ്ടാകുമോ എന്ന ആശങ്കയും വിട്ടകലുന്നില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.