കോട്ടയം: നഗരമധ്യത്തിലെ ശീമാട്ടി റൗണ്ടാനക്കു മുകളില്‍ സ്ഥാപിക്കാനുദേശിക്കുന്ന ആകാശപാതയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ചൊവ്വാഴ്ച മുതല്‍ പുനരാരംഭിക്കും. റോഡിനു മുകളിലൂടെ കടന്നുപോകുന്ന വൈദ്യുതി ലൈനുകള്‍ കേബ്ളുകളാക്കി ഭൂമിക്കടിയിലൂടെ കടത്തിവിടുന്ന ജോലികളാണ് നടത്തുന്നത്. ഇതിനായി ശീമാട്ടി റൗണ്ടാനയുടെ വിവിധ ഭാഗങ്ങളില്‍ കുഴികള്‍ തീര്‍ക്കും. രാത്രിയിലാകും ജോലികള്‍ നടത്തുക. ഇതുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച മുതല്‍ 22വരെ രാത്രി കോട്ടയം നഗരത്തില്‍ ഗതാഗതക്രമീകരണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജോലികളുമായി ബന്ധപ്പെട്ട് സമയക്രമവും കെ.എസ്.ഇ.ബി പ്രഖ്യാപിച്ചിട്ടുണ്ട്. ചൊവ്വാഴ്ച രാത്രി ഒമ്പതിനു ജോലികള്‍ക്ക് തുടക്കമാകും. വൈ.എം.സി.എ കെട്ടിടത്തിന് മുന്നിലെ നടപ്പാതയിലാണ് ആദ്യം കുഴിയെടുക്കുന്നത്. വിജയ ബാങ്കിന് മുന്നിലും സെന്‍ട്രല്‍ ജങ്ഷനിലേക്കുള്ള റോഡിനരികിലുമാണ് കുഴികള്‍ നിര്‍മിക്കുക. 17ന് ശാസ്ത്രിറോഡില്‍ മുമ്പ് പെട്രോള്‍ പമ്പ് സ്ഥിതിചെയ്ത ഭാഗത്ത് കുഴിയെടുക്കും. 18ന് രാത്രി ശാസ്ത്രി റോഡില്‍ ബസ് കാത്തിരിപ്പ് കേന്ദ്രത്തിനു മുന്നിലൂടെ താഴെയുള്ള 11 കെ.വി വൈദ്യുതി തൂണുകള്‍വരെ കേബ്ളുകള്‍ സ്ഥാപിക്കാനുള്ള കുഴി തീര്‍ക്കും. 19ന് വൈ.എം.സി.എ കെട്ടിടത്തിനു മുന്നില്‍നിന്ന് പോസ്റ്റ് ഓഫിസിന് പിന്നില്‍ പഴയ ബസ്സ്റ്റാന്‍ഡില്‍നിന്നുള്ള റോഡുവരെ കേബ്ളുകള്‍ എത്തിക്കുന്നതിനുള്ള കുഴികള്‍ നിര്‍മിക്കും. 20, 21 തീയതികളില്‍ റൗണ്ടാനക്ക് ചുറ്റം നിര്‍മിച്ച കുഴികളെയും ഇതിന്‍െറ എതിര്‍വശത്തുള്ളവയെയും പ്രത്യേക യന്ത്രസഹായത്തോടെ ഭൂമിക്കടിയിലൂടെ പരസ്പരം ബന്ധിപ്പിക്കും. തുടര്‍ന്ന് പൈപ്പ് സ്ഥാപിച്ച് ഇതിലൂടെ 11 കെ.വി വൈദ്യുതി ലൈനുകള്‍ കടത്തിവിടും. രാത്രി ഒമ്പതു മുതല്‍ പുലര്‍ച്ചെ അഞ്ചുവരെ നിര്‍മാണം നടത്താനാണ് തീരുമാനം, പകല്‍ വാഹനയാത്രക്കാരെയും കാല്‍നടക്കാരെയും ബുദ്ധിമുട്ടിക്കാതെയാകും നിര്‍മാണമെന്നും കെ.എസ്.ഇ.ബി അധികൃതര്‍ പറഞ്ഞു. സംസ്ഥാനത്തെ ആദ്യത്തേതെന്ന പേരില്‍ ജനുവരിയില്‍ ആകാശപാതയുടെ നിര്‍മാണത്തിനു തുടക്കം കുറിച്ചെങ്കിലും ദിവസങ്ങള്‍ക്കുള്ളില്‍ നിര്‍മാണം നിലച്ചു. ആകാശപാത നിര്‍മാണത്തിനായി നിലവിലുണ്ടായിരുന്ന റൗണ്ടാന പൊളിക്കുകയും തൂണിനായി കുഴികള്‍ എടുക്കുകയും ചെയ്തശേഷമാണ് പണി മുടങ്ങിയത്. ഇത് യാത്രക്കാര്‍ക്ക് ദുരിതമാകുകയും ചെയ്തു. റോഡിനോട് ചേര്‍ന്നുള്ള ഈ കുഴികള്‍ അപകടക്കെണിയായി മാറി. നിര്‍മാണപ്രവര്‍ത്തനങ്ങളുടെ ഭാഗമായി റൗണ്ടാനയുടെ ചുറ്റുമുള്ള റോഡ് തകര്‍ന്നത് ഗതാഗതത്തെയും ബാധിച്ചു. നഗരത്തിന് അലങ്കാരമായി നിലനിന്നിരുന്ന റൗണ്ടാന നിര്‍മാണ സാമഗ്രികള്‍ നിറഞ്ഞു കാടുകയറിയ നിലയിലുമായി. ഇതിനെതിരെ പ്രതിഷേധം ശക്തമായതോടെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ ഇടപെട്ട് യോഗം വിളിക്കുകയും ചൊവ്വാഴ്ച മുതല്‍ ജോലികള്‍ ആരംഭിക്കാന്‍ ധാരണയാകുകയുമായിരുന്നു. വൈദ്യുതി ലൈനുകള്‍, കേബ്ളുകളാക്കി ഭൂമിക്കടിയിലൂടെ കടത്തിവിടുന്നതിന് കെ.എസ്.ഇ.ബിക്ക് 28 ലക്ഷം രൂപയാണ് നല്‍കിയിരിക്കുന്നത്. ഇതിലു പിന്നാലെ പ്രദേശത്തെ പൈപ്പ് ലൈനുകള്‍ വാട്ടര്‍ അതോറിറ്റി മാറ്റും. യു.ഡി.എഫ് സര്‍ക്കാറിന്‍െറ അവസാനകാലത്താണ് ആകാശപാത പദ്ധതി പ്രഖ്യാപിച്ചത്. അഞ്ച് റോഡുകള്‍ സംഗമിക്കുന്ന റൗണ്ടാന ജങ്ഷനില്‍ കാല്‍നടക്കാര്‍ക്ക് സുഗമമായ യാത്രാസൗകര്യം ഒരുക്കാന്‍ ലക്ഷ്യമിട്ടായിരുന്നു പദ്ധതി. രണ്ടു എലിവേറ്ററോടു കൂടിയ ആകാശപാതയില്‍ ഇരിക്കാനായി ബെഞ്ചുകള്‍, പൊലീസ് എയ്ഡ്പോസ്റ്റ്, ചെറുകിട സ്റ്റാളുകള്‍ എന്നിവയും വിഭാവനം ചെയ്തിരുന്നു. വൈഫൈ അടക്കമുള്ള സൗകര്യവുണ്ടാകുമെന്നും വാഗ്ദാനമുണ്ടായിരുന്നു. സ്റ്റീല്‍, പി.വി.സി, പോളികാര്‍ബണേറ്റ് തുടങ്ങി വസ്തുക്കള്‍ ഉപയോഗിച്ചാകും നിര്‍മാണമെന്നുമാണ് തീരുമാനിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.