നെടുംകുന്നം കോവേലി പാലത്തിന് സമീപത്തെ കുഴി നികത്താന്‍ നടപടിയില്ല

കറുകച്ചാല്‍: കറുകച്ചാല്‍ - മണിമല റോഡില്‍ നെടുംകുന്നം കോവേലി പാലത്തിനു സമീപത്തെ വന്‍ കുഴി നികത്താന്‍ നടപടിയില്ല. പ്രതിഷേധവുമായി നാട്ടുകാര്‍. തിരക്കേറിയ റോഡില്‍ അപകടം സൃഷ്ടിക്കുന്ന തരത്തില്‍ രൂപപ്പെട്ട കുഴി നികത്താന്‍ കൂട്ടാക്കാത്ത പൊതുമരാമത്ത് വകുപ്പ് ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും വകുപ്പ് മന്ത്രിക്കും വിജിലന്‍സ് ഡയറക്ടര്‍ക്കും പരാതി നല്‍കാനും നാട്ടുകാര്‍ തീരുമാനിച്ചു.ജലസേചന വകുപ്പിന്‍െറ പൈപ്പ് പൊട്ടിയതിനെ തുടര്‍ന്നാണ് റോഡില്‍ വന്‍ കുഴിയായത്. പൊട്ടിയ പൈപ്പ് ജലസേചന വകുപ്പ് അധികൃതര്‍ തൊട്ടടുത്ത ദിവസം നന്നാക്കി. എന്നാല്‍, കുഴിയായി ആഴ്ചകള്‍ പിന്നിട്ടിട്ടും പി.ഡബ്ള്യു.ഡി അധികൃതര്‍ സ്ഥലത്ത് എത്തുകയോ കുഴി മൂടാന്‍ നടപടി സ്വീകരിക്കുകയോ ചെയ്തില്ളെന്ന് നാട്ടുകാര്‍ പറയുന്നു. തിരക്കേറിയ റോഡില്‍ കുഴിയായി നാല് ആഴ്ചക്കുള്ളില്‍ നാല് അപകടങ്ങളാണ് നടന്നത്. മഴക്കാലമായതിനാല്‍ റോഡില്‍ മഴവെള്ളം കെട്ടിക്കിടക്കുന്നതിനാല്‍ കുഴി ശ്രദ്ധിക്കാതെ വരുന്ന ബൈക്ക് യാത്രക്കാരാണ് അപകടത്തില്‍ പെടുന്നത്. റോഡിലെ ഗര്‍ത്തത്തില്‍ വീണ് അപകടങ്ങള്‍ വര്‍ധിക്കാന്‍ തുടങ്ങിയതിനെതുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന് മണ്ണിട്ട് കുഴി നികത്തിയശേഷം പ്രതിഷേധ സൂചകമായും ഒപ്പം കുഴിയുണ്ടെന്ന മുന്നറിയിപ്പ് നല്‍കാനും റോഡില്‍ വാഴ നട്ടിരുന്നു. റോഡില്‍ കുഴി രൂപപ്പെട്ടതിന്‍െറ തൊട്ടടുത്ത ദിവസം വാഴൂര്‍, കറുകച്ചാല്‍ എന്നീ പി.ഡബ്ള്യു.ഡി സെക്ഷന്‍ ഓഫിസുകളില്‍ നാട്ടുകാര്‍ വിവരം അറിയിച്ചിരുന്നു. എന്നിട്ടും അപകടകരമായി രൂപപ്പെട്ട കുഴി മൂടാന്‍ ഉദ്യോഗസ്ഥര്‍ തയാറാകാത്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ പരാതി നല്‍കാന്‍ തീരുമാനിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.