ബ്ളോക്ക് റബര്‍ ഉല്‍പാദന ഉത്തേജന പദ്ധതിയില്‍ അവ്യക്തത

മുണ്ടക്കയം: റബര്‍ ബോര്‍ഡ് നടപ്പാക്കാനൊരുങ്ങുന്ന ബ്ളോക് റബര്‍ ഉല്‍പാദന ഉത്തേജന പദ്ധതിയില്‍ അവ്യക്തത. പുതിയ പദ്ധതി പ്രകാരം ഒരു കിലോ റബര്‍ ലാറ്റക്സിന് 10 രൂപ കര്‍ഷകര്‍ക്ക് സബ്സിഡി ലഭിക്കുമെന്നാണ് അറിയിപ്പ്. എന്നാല്‍, ഇത് എങ്ങനെയാണെന്നോ എത്രരൂപ മൊത്തം ലഭിക്കുമെന്നതോ അടക്കമുള്ള കാര്യങ്ങളില്‍ വ്യക്തയില്ലാത്തതാണ് കര്‍ഷകരെ കുഴക്കുന്നത്. നിലവില്‍ അമോണിയ ചേര്‍ത്ത ഒരു കിലോ ലാറ്റക്സിന് 106 രൂപയാണ് ഫാക്ടറി വില. കര്‍ഷകര്‍ക്ക് 100 രൂപയോളമാണ് കിട്ടുന്നത്. എന്നാല്‍, ഷീറ്റ് റബറിന് 140 രൂപക്ക് മുകളിലാണ് വില. ഇതേതുടര്‍ന്ന് ലാറ്റക്സ് ഉല്‍പാദിപ്പിച്ചിരുന്ന മിക്ക കര്‍ഷകരും ഷീറ്റ് റബറിലേക്ക് മാറിയിരുന്നു. ഇതോടെ ലാറ്റക്സ് ഉല്‍പാദന മേഖലയില്‍ റബര്‍ പാലിന് ദൗര്‍ലഭ്യം തുടരുകയാണ്. കഴിഞ്ഞ സര്‍ക്കാര്‍ കൊണ്ടുവന്ന റബര്‍ ഉല്‍പാദന ഉത്തേജന പദ്ധതി പുതിയ സര്‍ക്കാറും തുടരുകയാണ്. ഇതോടെ ഷീറ്റ് റബറിന് കര്‍ഷകര്‍ക്ക് 150 രൂപയോളം കിട്ടും. ഇതിനിടെയാണ് ഭാവിയില്‍ ക്രമ്പ് റബറിനുള്ള സാധ്യതകള്‍ മുന്നില്‍കണ്ട് റബര്‍ ബോര്‍ഡ് പരീക്ഷണാടിസ്ഥാനത്തില്‍ പുതിയ പദ്ധതി തയാറാക്കിയത്. ഇതിന് വാണിജ്യ മന്ത്രാലയത്തിന്‍െറ അനുമതിയും ലഭിച്ചിട്ടുണ്ട്. തെരഞ്ഞെടുക്കപ്പെട്ട 200 ആര്‍.പി.എസുകള്‍ വഴി ചെറുകിട റബര്‍ കര്‍ഷകരില്‍നിന്ന് ലാറ്റക്സ് ശേഖരിക്കാനാണ് പദ്ധതി. രണ്ട് വര്‍ഷത്തേക്കാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിനായി 25.74 കോടി രൂപ വാണിജ്യമന്ത്രാലയം അനുവദിച്ചിട്ടുമുണ്ട്. അമോണിയ ചേര്‍ത്ത ലാറ്റക്സ് ബ്ളോക്ക് നിര്‍മാണത്തിന് ഉപയോഗിക്കില്ളെന്നതിനാല്‍ മറ്റ് രാസമിശ്രിതങ്ങള്‍ ചേര്‍ത്തുണ്ടാക്കിയ ലാറ്റക്സാകും ശേഖരിക്കുക. അമോണിയ ചേര്‍ക്കാത്ത റബര്‍ പാലും ഒട്ടുപാലുമാണ് ക്രമ്പ് നിര്‍മാണത്തിന് ഉപയോഗിക്കുന്നത്. തോട്ടങ്ങളില്‍നിന്ന് ചിരട്ടയില്‍ ഉറച്ചെടുത്ത പാല്‍(കപ്പ് ലമ്പ്) ബ്ളോക്ക് നിര്‍മാണത്തിന് ഗുണപ്രദമാണ്. എന്നാല്‍, ഇതിന് ഒട്ടുപാലിന്‍െറ വിലമാത്രമേ കിട്ടൂ. ഒട്ടുപാലിന്‍െറ വില ഷീറ്റ്, ലാറ്റക്സ് വിലകളെക്കാള്‍ ഏറെ പിന്നിലാണ്. കര്‍ഷകരില്‍നിന്ന് ആര്‍.പി.എസുകള്‍ വഴി ശേഖരിക്കുന്ന ലാറ്റക്സിന് എത്ര രൂപ കര്‍ഷകര്‍ക്ക് കിട്ടും എന്നത് സംബന്ധിച്ച് വ്യക്തതയില്ല. പദ്ധതിപ്രകാരം ആര്‍.പി.എസുകള്‍ വഴി ലാറ്റക്സ് ശേഖരിക്കുമ്പോള്‍ കര്‍ഷകന് 10 രൂപയും ആര്‍.പി.എസിന് രണ്ട് രൂപയും കിട്ടും.ആര്‍.പി.എസുകള്‍ക്ക് പാല്‍ ശേഖരിച്ച്വെക്കാനുള്ള സംവിധാനം ഒരുക്കാന്‍ 2.5 ലക്ഷം രൂപയും നല്‍കും. ആര്‍.പി.എസുകള്‍ ശേഖരിക്കുന്ന ലാറ്റക്സ് ഏറ്റുമാനൂര്‍, പാല, ചേനപ്പാടി എന്നിവിടങ്ങളിലെ സഹകരണ മേഖലയിലുള്ള ക്രമ്പ് ഫാക്ടറികള്‍ക്കാണ് നല്‍കുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.