കോട്ടയം: ജില്ലയുടെ വികസനത്തിന് തടസ്സമാകുന്ന പ്രശ്നങ്ങള്‍ക്ക് അടിയന്തര പ്രധാന്യം നല്‍കുമെന്ന് പുതുതായി ചുമതലയേറ്റ കലക്ടര്‍ സി.എ. ലത പറഞ്ഞു. കലക്ടറേറ്റില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍. കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യുന്നതിന് വാട്ടര്‍ അഥോറിറ്റിയുടെ യോഗം വിളിക്കും. ജില്ലയില്‍ വിജയകരമായി തുടക്കംകുറിച്ച തെരുവുനായ്ക്കളുടെ വന്ധ്യംകരണ പദ്ധതിയായ എ.ബി.സി പ്രോഗ്രാമും മാലിന്യ നിര്‍മാര്‍ജനത്തിനുള്ള ശുചിത്വ കോട്ടയം പദ്ധതിയും തുടരും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ശേഖരിക്കുന്ന മാലിന്യം നിര്‍മാര്‍ജനം ചെയ്യുന്നതിനുള്ള നടപടിയുടെ പ്രാരംഭമായി ജില്ലാ പഞ്ചായത്ത് പ്രതിനിധികളുമായി ചര്‍ച്ചനടത്തും. പ്ളാന്‍ ഫണ്ടുപയോഗിച്ചുള്ള പദ്ധതികളുടെ സമര്‍പ്പണം വേഗത്തിലാക്കണമെന്ന് ജില്ലാ പ്ളാനിങ് ഓഫിസര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. റെയില്‍വേപ്പാത ഇരട്ടിപ്പിനുള്ള സ്ഥലമെടുപ്പുസംബന്ധിച്ച പ്രശ്നങ്ങളും അടിയന്തര പ്രാധാന്യത്തോടെ പരിഗണിക്കും. പ്രീപെയ്ഡ് ഓട്ടോ, നാഗമ്പടം റെയില്‍വേ മേല്‍പ്പാലം, തോടുകളില്‍ മാലിന്യം വലിച്ചെറിയുന്ന പ്രശ്നങ്ങള്‍ തുടങ്ങിയവക്കും പ്രാധാന്യം നല്‍കുമെന്ന് കലക്ടര്‍ പറഞ്ഞു. നിറപുത്തിരി ദിനമായ തിങ്കളാഴ്ച രാവിലെ കൈയില്‍ നെല്‍ക്കതിരുമായാണ് സി.എ. ലത ചുമതലയേല്‍ക്കാന്‍ കാബിനില്‍ എത്തിയത്. കോഴിക്കോട് കലക്ടറായി സേവനമനുഷ്ഠിച്ചിട്ടുള്ള ലത ഫിഷറീസ് വകുപ്പ് മേധാവിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ പഞ്ചായത്ത് വകുപ്പ് ഡയറക്ടറായിരുന്നു. തിരുവനന്തപുരം സ്വദേശിയാണ്. എ.ഡി.എം പി. അജന്തകുമാരി, ആര്‍.ഡി.ഒ രാംദാസ്, തഹസീല്‍ദാര്‍ അനില്‍ ഉമ്മന്‍, പ്രോജക്ട് ഡയറക്ടര്‍ ബിജോയ് വര്‍ഗീസ്, എ.ഡി.സി ജെ. ബെന്നി, ഡി.റ്റി.പി.സി സെക്രട്ടറി ജിജു ജോസ്, മറ്റു ഉദ്യോഗസ്ഥര്‍ എന്നിവര്‍ കലക്ടറെ സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.