കോട്ടയം: ജില്ലയിലെ വിദ്യാഭ്യാസ മേഖലയുടെ സമഗ്രപുരോഗതി ലക്ഷ്യംവെച്ച് അബ്ദുല്‍ കലാം ബെറ്റര്‍ ലെവല്‍ എജുക്കേഷന്‍ പ്രോഗ്രാം (ഏബിള്‍ കോട്ടയം) എന്ന പേരില്‍ 10 കോടിയുടെ പദ്ധതിക്ക് കോട്ടയം ജില്ലാ പഞ്ചായത്ത് അംഗീകാരം നല്‍കി. 25 ഇന കര്‍മപരിപാടികളടങ്ങുന്ന വന്‍ പദ്ധതിക്കാണ് വിദ്യാര്‍ഥിദിനവും മുന്‍ രാഷ്ട്രപതി അബ്ദുല്‍ കലാമിന്‍െറ ജന്മദിനവുമായ ഒക്ടോബര്‍ 15ന് ജില്ലയില്‍ തുടക്കം കുറിക്കുന്നത്. എസ്.എസ്.എല്‍.സി ഫലത്തിന്‍െറ അടിസ്ഥാനത്തില്‍ തരംതിരിച്ച് പിന്നാക്കം നില്‍ക്കുന്ന ഹൈസ്കൂളുകളില്‍ കുട്ടികള്‍ക്ക് അധിക പഠനത്തിന് സൗകര്യമേര്‍പ്പെടുത്തും. ഇത്തരം സ്കൂളുകളിലെ അധ്യാപകര്‍ക്കും പ്രത്യേക പരിശീലന പരിപാടികളും അധ്യാപന സഹായ സാമഗ്രികളും ലഭ്യമാക്കും. ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ മുഖേന എല്ലാ സ്കൂളുകളിലും സ്കൂള്‍ മാനേജ്മെന്‍റ് സിസ്റ്റം, പദ്ധതിയുടെ ഭാഗമായി വിന്യസിക്കും. കുട്ടികളുടെ പഠനനിലവാരവും ഹാജരും സസൂക്ഷ്മം നിരീക്ഷിക്കാന്‍ ഈ സംവിധാനംവഴി അധ്യാപകര്‍ക്കും മാതാപിതാക്കള്‍ക്കും സാധിക്കും. 4.59 കോടി ചെലവഴിച്ച് വിവിധ സ്കൂളുകളുടെ അടിസ്ഥാന സൗകര്യം വര്‍ധിപ്പിക്കുകയും സുരക്ഷിതത്വം ഉറപ്പുവരുത്തുകയും ചെയ്യും. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിക്കുന്ന അഞ്ച് സ്കൂളുകള്‍ ജില്ലയിലുണ്ട്. ഈ സ്കൂളുകള്‍ക്ക് 1.5 കോടി ചെലവഴിച്ച് പ്രത്യേക പരിഗണന നല്‍കി കെട്ടിടങ്ങള്‍ നിര്‍മിക്കും. ശാസ്ത്ര സാങ്കേതിക വിദ്യാഭ്യാസത്തിന് നൂതന ലബോറട്ടറികള്‍ ഈ പദ്ധതിയിലൂടെ ലഭ്യമാക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരങ്ങളില്‍ സാമൂഹിക വിരുദ്ധരുടെ ശല്യം ഒഴിവാക്കാന്‍ നിരീക്ഷണ കാമറകള്‍ സ്ഥാപിക്കും. ജില്ലയിലെ എല്ലാ ഹൈസ്കൂളുകളിലും ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലും നാലു ദിനപത്രങ്ങള്‍ വീതം ലഭ്യമാക്കി കുട്ടികളില്‍ വായനശീലം വര്‍ധിപ്പിക്കും. ലഹരിവിരുദ്ധ കാമ്പയിന്‍, നിയമസാക്ഷരതാ പരിപാടി എന്നിവ വന്‍ പ്രചാരണത്തോടെ സ്കൂളുകളില്‍ നടപ്പാക്കും. വിദ്യാര്‍ഥികള്‍ക്ക് കമ്യൂണിക്കേറ്റിവ് ഇംഗ്ളീഷ് പരിശീലനം, കമ്പ്യൂട്ടര്‍ ക്ളിനിക്ക്, തുടര്‍പഠന സാധ്യതകളും വിവിധ സ്കോളര്‍ഷിപ് സംബന്ധിച്ച വിവരങ്ങളും ലഭ്യമാക്കുന്ന കരിയര്‍ ഗൈഡന്‍സ്, കുട്ടികള്‍ക്കിടയിലെ വിവിധ പ്രശ്നങ്ങള്‍ തിരിച്ചറിഞ്ഞ് കൗണ്‍സലിങ് പരിപാടികള്‍, യോഗപരിശീലനം, കുട്ടികളുടെ അവകാശസംരക്ഷണം ഉറപ്പുവരുത്താന്‍ ചൈല്‍ഡ് ലൈന്‍ സേവനങ്ങള്‍, ഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് സ്കോളര്‍ഷിപ്പും സഹായ ഉപകരണങ്ങളും ലഭ്യമാക്കല്‍, മെഡിക്കല്‍ ക്യാമ്പുകള്‍, പട്ടികജാതി-വര്‍ഗ വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക സഹായപദ്ധതികള്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളും ഈ പദ്ധതിവഴി നടപ്പാക്കും. എല്ലാ ഹൈസ്കൂളുകളിലും പെണ്‍കുട്ടികളുടെ ആരോഗ്യസംരക്ഷണം ലക്ഷ്യംവെച്ച് നാപ്കിന്‍ വെന്‍റിങ് മെഷീന്‍, ഇന്‍സുലേറ്റര്‍ സൗകര്യങ്ങളോടു കൂടിയ ഗേള്‍സ് സൗഹൃദ ടോയ്ലറ്റുകള്‍ ഈ പദ്ധതിയുടെ പ്രത്യേകതയാണ്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മാരകരോഗബാധിതരായ മാതാപിതാക്കളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ സഹായവും ലഭ്യമാക്കാന്‍ ഈ പദ്ധതിവഴി കഴിയും. എസ്.എസ്.എല്‍.സി, പ്ളസ് ടു പരീക്ഷകളില്‍ ഉന്നതവിജയം നേടുന്ന വിദ്യാര്‍ഥികള്‍ക്കും ഈ പദ്ധതിയുടെ പ്രവര്‍ത്തനങ്ങളില്‍ മികവ് പുലര്‍ത്തുന്ന അധ്യാപകര്‍ക്കും അവാര്‍ഡുകള്‍ നല്‍കും. സംസ്ഥാനത്തുതന്നെ ആദ്യമായാണ് ഒരു തദ്ദേശസ്വയംഭരണ സ്ഥാപനം വിദ്യാഭ്യാസ മേഖലയില്‍ ഇത്രയും ബൃഹത്തായ പദ്ധതി ഏറ്റെടുക്കുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ജോഷി ഫിലിപ്പ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.