വഴിയരികില്‍ മാലിന്യം തള്ളുന്നത് പതിവായി

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി മേഖലയിലെ വഴിയരികില്‍ മാലിന്യം തള്ളുന്നത് പതിവായി. ദേശീയപാത ഉള്‍പ്പെടെ മേഖലയിലെ ആളൊഴിഞ്ഞ പാതയോരങ്ങളില്‍ മാലിന്യം തള്ളുന്നത് പതിവായിരിക്കുകയാണ്. കഴിഞ്ഞദിവസം 26ാം മൈല്‍ ചങ്ങലപ്പാലം മുക്കാലി റോഡിലെ വിജനഭാഗത്ത് ചാക്കുകണക്കിന് മാലിന്യമാണ് തള്ളിയിരിക്കുന്നത്. കോഴിക്കടകളിലെയും മീന്‍ കടകളിലെയും അവശിഷ്ടങ്ങളും കൂടാതെ ആക്രി സാധനങ്ങളും ചാക്കില്‍ കെട്ടി തള്ളിയിരിക്കുകയാണ്. രാത്രി ആളൊഴിഞ്ഞ മേഖലകളില്‍ വാഹനങ്ങളില്‍ കൊണ്ടുവന്നാണ് മാലിന്യം തള്ളുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. കഴിഞ്ഞദിവസം തൊഴിലുറപ്പ് പദ്ധതി പ്രകാരം ഇരുവശത്തും കാടുവെട്ടി വൃത്തിയാക്കി വൃക്ഷത്തൈകള്‍ നട്ട പാതയോരമാണ് മാലിന്യക്കൂമ്പാരമായി മാറിയിരിക്കുന്നത്. ഇരുവശത്തും ആള്‍ത്താമസമില്ലാത്ത റബര്‍ തോട്ടങ്ങളായതിനാലും ഇതുവഴി രാത്രി വാഹനങ്ങള്‍ കുറവായതിനാലും ഇവിടം മാലിന്യകേന്ദ്രമായി മാറിയിരിക്കുകയാണ്. തോട്ടത്തിലൂടെ കടന്നുപോകുന്ന പാതയുടെ നടുവില്‍ വരെ ചില ദിവസങ്ങളില്‍ മാലിന്യക്കെട്ടുകള്‍ പ്രത്യക്ഷമാണ്. മഴപെയ്ത് നനയുന്ന ഇവ ചീഞ്ഞഴുകി രൂക്ഷഗന്ധം വമിക്കുന്നത് നാട്ടുകാര്‍ക്കും ഇതുവഴിയുള്ള യാത്രക്കാര്‍ക്കും ദുരിതമായി. കൂടാതെ, കോഴിയുടെയും മീനുകളുടെയും അവശിഷ്ടങ്ങള്‍ നായ്ക്കള്‍ കടിച്ചുവലിച്ചും പക്ഷികള്‍ കൊത്തിയും സമീപവാസികളുടെ കിണറുകളിലും വീട്ടുമുറ്റത്തും കൊണ്ടിടുന്നതും മേഖലയിലെ ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.