എരുമേലി: ജനവാസ മേഖലയില്‍ ഇറങ്ങിയ കാട്ടാനക്കൂട്ടം മണിക്കൂറുകളോളം ജനത്തെ ഭീതിയിലാഴ്ത്തി. ഇഞ്ചക്കുഴി, കാരിശേരി മേഖലകളിലാണ് കഴിഞ്ഞദിവസം കാട്ടാനക്കൂട്ടം ഇറങ്ങിയത്. കൃഷിയിടങ്ങളില്‍ ഇറങ്ങിയ കാട്ടാനക്കൂട്ടം കപ്പ, റബര്‍, വാഴത്തോപ്പുകള്‍ തുടങ്ങിയവയും നശിപ്പിച്ചു. മണിക്കൂറോളം ജനത്തെ മുള്‍മുനയില്‍ നിര്‍ത്തിയ ആനക്കൂട്ടം നാട്ടുകാരുടെയും വനപാലകരുടെയും ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ കാട്ടിലേക്ക് പിന്‍വാങ്ങി. ആനക്കൂട്ടത്തെ കണ്ടതോടെ പരിഭ്രാന്തിയിലായ ജനങ്ങള്‍ ഒച്ചവെച്ചും പാട്ടകൊട്ടിയും ഇവയെ പിന്തിരിപ്പിക്കാന്‍ നടത്തിയ ശ്രമത്തില്‍ ആദ്യം പിന്തിരിഞ്ഞ കാട്ടാനക്കൂട്ടം ഏതാനും മണിക്കൂറുകള്‍ക്കുശേഷം വീണ്ടും ജനവാസമേഖലയില്‍ എത്തുകയായിരുന്നു. വനാതിര്‍ത്തിയിലെ ജനവാസ മേഖലകളില്‍ സ്ഥിരമായി എത്തുന്ന കാട്ടാനക്കൂട്ടം ജീവനും സ്വത്തിനും ഭീഷണിയായി മാറിയതോടെ പ്രദേശവാസികള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയിരിക്കുകയാണ്. വനാതിര്‍ത്തിയില്‍ സൗരോര്‍ജവേലി സ്ഥാപിച്ചോ കിടങ്ങുകള്‍ നിര്‍മിച്ചോ കാട്ടാനകളുടെയും മറ്റ് വന്യജീവികളുടെയും നിരന്തരമായി ഉണ്ടാകുന്ന ശല്യത്തില്‍നിന്ന് ജനങ്ങളെ സംരക്ഷിക്കണമെന്ന ആവശ്യം ശക്തമാണ്. കാട്ടാനശല്യം രൂക്ഷമായതോടെ അഞ്ചുപേരടങ്ങുന്ന എലിഫെന്‍റ് സ്ക്വാഡിനെ വനമേഖലയില്‍ വിന്യസിച്ചിട്ടുള്ളതായി വനംവകുപ്പ് അധികൃതര്‍ അറിയിച്ചു. 15 കിലോമീറ്റര്‍ ചുറ്റളവില്‍ സൗരോര്‍ജവേലി സ്ഥാപിക്കുന്നത് സംബന്ധിച്ച് സര്‍ക്കാറിനെ അറിയിച്ചിട്ടുള്ളതായും സര്‍ക്കാറില്‍നിന്ന് ഫണ്ട് അനുവദിക്കുന്നതിന് അനുസരിച്ച് വേലി സ്ഥാപിക്കല്‍ ജോലി ആരംഭിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. ഇഞ്ചക്കുഴി, കാരിശേരി മേഖലകളില്‍ കാട്ടാനയുടെ ശല്യം മൂലം കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും വനാതിര്‍ത്തിയില്‍ വന്യമൃഗങ്ങളുടെ ശല്യം ഒഴിവാക്കാന്‍ സൗരോര്‍ജവേലി സ്ഥാപിക്കണമെന്നും കിസാന്‍സഭ മുണ്ടക്കയം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്‍റ് പി.ആര്‍. പ്രഭാകരന്‍, സെക്രട്ടറി ടി.എച്ച്. ആസാദ്, കെ.ജെ. ജോസഫ്, പഞ്ചായത്ത് മെംബര്‍മാരായ വി.പി. സുഗതന്‍, ഇ.കെ. സുബ്രഹ്മണ്യന്‍, കെ.സി. സുരേഷ്, സി.പി.ഐ പാക്കാനം ബ്രാഞ്ച് സെക്രട്ടറി ടി.കെ. ലെനിന്‍ എന്നിവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.