കോട്ടയം നഗരത്തില്‍ സീബ്രാലൈന്‍ കണ്ടവരുണ്ടോ?

കോട്ടയം: നഗരത്തിലുള്ള ഒട്ടുമിക്ക സീബ്രാലൈനുകളും മാഞ്ഞതോടെ കാല്‍നടക്കാര്‍ ദുരിതത്തില്‍. ഇതോടെ തിരക്കേറിയ ഭാഗങ്ങളില്‍ കാല്‍നടക്കാര്‍ക്ക് സുരക്ഷിതമായി റോഡ് മുറിച്ചുകടക്കാന്‍ മാര്‍ഗമില്ലാത്ത അവസ്ഥയാണ്. എറ്റവും തിരക്കേറിയ ശീമാട്ടി റൗണ്ടാനക്ക് സമീപവും ബേക്കര്‍ ജങ്ഷന് സമീപവുമാണ് സീബ്രാലൈന്‍ മാഞ്ഞതിനാല്‍ റോഡ് മുറിച്ചുകടക്കാന്‍ യാത്രക്കാര്‍ ഏറെ ബുദ്ധിമുട്ടുന്നത്. ജില്ലാ ആശുപത്രിക്ക് മുന്നിലെ ലൈനും മാഞ്ഞ നിലയിലാണ്. നിരവധി വാഹനങ്ങള്‍ ഒന്നിനുപിറകെ ഒന്നായി പായുന്ന ഇതുവഴി റോഡിന് അപ്പുറം കടക്കാന്‍ കാല്‍നടക്കാര്‍ ക്ളേശിക്കുകയാണ്. നഗരത്തിലെ കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിന് സമീപത്തും സീബ്രാലൈന്‍ കാണാനില്ല. കുട്ടികളും സ്ത്രീകളുമാണ് ഏറെ പ്രതിസന്ധി അനുഭവിക്കുന്നത്. വിദ്യാര്‍ഥികളും ബുദ്ധിമുട്ടിലാണ്. പലപ്പോഴും ബ്ളോക്കില്‍പെട്ട് വാഹനങ്ങള്‍ റോഡില്‍ കുടുങ്ങുന്നതുവരെ കാത്തിരുന്നതിനുശേഷമാണ് പലരും റോഡ് മുറിച്ചുകടക്കുന്നത്.സീബ്രാലൈന്‍ മാഞ്ഞ സ്ഥലത്തുകൂടി കടന്നുപോകുന്നവരോട് വാഹനയാത്രക്കാര്‍ കയര്‍ക്കുന്നതും പതിവായിരിക്കുകയാണ്. ബൈക്കുകാരാണ് കുടുതലായും ഇത്തരത്തില്‍ പെരുമാറുന്നത്. പലരും സീബ്രാലൈന്‍ ഇവിടെയൊന്നും ഇല്ലല്ളോ, പിന്നെന്തിനാ ഇതുവഴി റോഡ് ക്രോസ് ചെയ്യുന്നതെന്ന മട്ടിലാണ് വാഹനങ്ങളുമായി മരണപ്പാച്ചില്‍ നടത്തുന്നത്. നഗരത്തിലെ റോഡുകള്‍ നവീകരിച്ചതിനുശേഷം പല പ്രധാന റോഡുകളിലും സീബ്രാ ലൈനുകള്‍ വരച്ചിട്ടില്ല. ചില സ്ഥലങ്ങളില്‍ റോഡ് മുറിച്ചുകടക്കാന്‍ പൊലീസിന്‍െറ സഹായം യാത്രക്കാര്‍ക്ക് ലഭിക്കുന്നുണ്ടെങ്കിലും ഇത് പര്യാപ്തമല്ല. ഉടന്‍ തന്നെ സീബ്രലൈനുകള്‍ വരക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. അതേസമയം, ചില സ്ഥലങ്ങളില്‍ വഴിയാത്രക്കാര്‍ റോഡ് മുറിച്ചു കടക്കുന്നത് കാണുമ്പോള്‍ വാഹനങ്ങള്‍ വേഗതകൂട്ടുന്നതായും പരാതിയുണ്ട്. ഭയന്ന് യാത്രക്കാര്‍ ഓടിമാറുന്നത് പതിവുകാഴ്ചയാണ്. സ്കൂള്‍ കുട്ടികളും പ്രായമായവരുമടക്കം നിരവധി ആളുകളാണ് റോഡ് മുറിച്ചുകടക്കുന്നതിനിടയില്‍ അപകടത്തില്‍പ്പെടുന്നത്. യാത്രക്കാര്‍ റോഡ് മുറിച്ചുകടക്കാന്‍ കൈകാണിച്ച് വാഹനങ്ങള്‍ നിര്‍ത്തിച്ചാലും തൊട്ടുപുറകെ വരുന്ന വാഹനങ്ങള്‍ നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങളെ മറികടക്കുന്നതിനായ് സീബ്രാലൈനുകള്‍ മറന്ന് പാഞ്ഞത്തെുകയാണ്. ബൈക്കുകളാണ് കൂടുതലും ഇത്തരത്തില്‍ മറ്റു വാഹനങ്ങളെ മറികടക്കാന്‍ ശ്രമിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.