കോട്ടയത്ത് 36.5 ഡിഗ്രി ചൂട്

കോട്ടയം: നാടിനെ ആശങ്കയിലാക്കി കൊടുംചൂട് തുടരുന്നു. കോട്ടയത്ത് ബുധനാഴ്ച 36.5 ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ് താപമാപിനിയില്‍ രേഖപ്പെടുത്തിയത്. ഇന്നലത്തെ കുറഞ്ഞ ചൂട് 26.7 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു. ജില്ലയിലെ ചിലയിടങ്ങളില്‍ ചൂടിന്‍െറ കാഠിന്യം ഇതിലും കൂടുതാണ്. ഈമാസം ഇടക്കിടെ മഴ പെയ്തിട്ടും ചൂടിന്‍െറ കാര്യത്തില്‍ ഒരു കുറവും ഉണ്ടായിട്ടില്ലയെന്നത് കാലാവാസ്ഥ നിരീക്ഷകരെപ്പോലും അദ്ഭുതപ്പെടുത്തുന്നുണ്ട്. രണ്ടും മൂന്നും ഡിഗ്രി സെല്‍ഷ്യസ് ചൂട് കൂടിയും കുറഞ്ഞുമാണ് താപമാപിനി രേഖപ്പെടുത്തിയിട്ടുള്ളത്. നിത്യവും നിരവധി ആളുകള്‍ക്കാണ് സൂര്യാതപമേറ്റ് പരിക്കുണ്ടാവുന്നത്. കൂടുതലാളുകള്‍ക്കും മുഖത്തും കൈകളിലും കരുവാളിപ്പ് അനുഭവപ്പെടുകയാണ് ചെയ്യുന്നത്. അപൂര്‍വം ചിലര്‍ക്ക് ശക്തിയായ പൊള്ളലും തടിപ്പും കാണപ്പെടുന്നു. ഇത്തരം സംഭവങ്ങള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. കേന്ദ്ര കാലാവസ്ഥ കേന്ദ്രത്തിന്‍െറ മുന്നറിയിപ്പനുസരിച്ച് അടുത്ത ദിവസങ്ങളില്‍ സംസ്ഥാനത്ത് ഇനിയും ചൂട് വര്‍ധിക്കും. രാവിലെ 11 മുതല്‍ മൂന്നുവരെ വെയിലത്ത് ജോലി ചെയ്യുന്നതിനുള്ള വിലക്ക് പാലിക്കപ്പെടുന്നില്ലന്ന് ആക്ഷേപമുണ്ട്. പൊതുസ്ഥലങ്ങളില്‍ ജനങ്ങള്‍ക്ക് ശുദ്ധജലം സൗജന്യമായി കിട്ടുന്നതിനുള്ള സൗകര്യം ഇപ്പോഴും ഏര്‍പ്പെടുത്തിയിട്ടില്ല. ടൂവിലര്‍ യാത്രക്കാര്‍ക്ക് സൂര്യാതപമേല്‍ക്കുന്നത് സാധാരണമായിരിക്കുകയാണ്. ടൂവിലര്‍ യാത്രക്കാരായ വനിതകള്‍ സ്കാര്‍ഫ് ഉപയോഗിച്ച് മുഖം മറച്ച് കണ്ണടയും വെച്ചാണ് സൂര്യാതപമേല്‍ക്കാതെ ശരീരത്തെ രക്ഷപ്പെടുത്തുന്നത്. കനത്ത ചൂടില്‍ കൈകള്‍ കരിവാളിക്കുന്നതായി സ്ഥിരം ബൈക്ക് യാത്രക്കാര്‍ പറയുന്നു. കാര്‍ഷികമേഖലയിലെ തൊഴിലാളികളാണ് കനത്ത ചൂടില്‍ ഏറെ ബുദ്ധിമുട്ടുന്നത്. പലപ്പോഴും ആവശ്യത്തിന് കുടിവെള്ളം തികയാത്ത സ്ഥിതി തൊഴിലാളികളെ ബുദ്ധിമുട്ടിക്കുന്നുണ്ട്. പച്ചക്കറി, വാഴ കൃഷികളെ കൊടുംചൂട് സാരമായി ബാധിച്ചതായി കര്‍ഷകര്‍ പറഞ്ഞു. ഓണക്കാലത്ത് വിളവ് കുറയുന്നതിന് കാലാവസ്ഥാ പ്രശ്നം ഇടയാക്കുമെന്നാണ് വിലയിരുത്തുന്നത്. തണ്ണീര്‍ത്തടങ്ങളും കിണറുകളും പുഴകളും മിക്കയിടത്തും വറ്റിക്കഴിഞ്ഞു. വെള്ളം ടാങ്കറുകളില്‍ വില്‍ക്കുന്ന സംഘങ്ങള്‍ വ്യാപകമായിട്ടുണ്ട്. ചൂട് കൊടുമ്പിരിക്കൊണ്ടിരിക്കെ അറ്റകുറ്റപ്പണിയുടെ പേരില്‍ വ്യാപകമായി വൈദ്യുതി മുടക്കുന്ന കെ.എസ്.ഇ.ബി നടപടി ഏറെ വിമര്‍ശം ഉണ്ടാക്കിയിട്ടുണ്ട്. കടുത്ത ചൂടില്‍നിന്ന് മോചനം നല്‍കാന്‍ ഫാനുകള്‍ക്ക് പകരം എ.സി, കൂളറുകളെ ആശ്രയിക്കുന്ന സ്ഥിതി വര്‍ധിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പിന് 19 ദിവസം മാത്രം അവശേഷിക്കെ പ്രവര്‍ത്തകരുടെ സ്ക്വാഡ് പ്രവര്‍ത്തനം കടുത്ത ചൂടിനെ തുടര്‍ന്ന് മന്ദഗതിയിലായതിന്‍െറ ആശങ്കയിലാണ് പാര്‍ട്ടികള്‍. രാവിലെയും വൈകീട്ടും മാത്രമായി പ്രവര്‍ത്തനം ചുരുക്കിയിരിക്കുകയാണ് മിക്ക മണ്ഡലങ്ങളിലും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.