പാല്‍ ഉല്‍പാദനം കുതിക്കുന്നു; വേനല്‍ ബാധിക്കാതെ മില്‍മ

കോട്ടയം: സംസ്ഥാനത്ത് വേനല്‍ കത്തിയാളുമ്പോഴും ‘കറവ വറ്റാതെ’ മില്‍മ. ചൂട് കനക്കുമ്പോള്‍ പാലിനായുള്ള നെട്ടോട്ടമാണ് പതിവെങ്കിലും ഇക്കുറി മില്‍മയെ പാല്‍ക്ഷാമം കാര്യമായി അലട്ടിയിട്ടില്ല. സംസ്ഥാനത്ത് പാല്‍ ഉല്‍പാദനം കുതിച്ചുയര്‍ന്നതാണ് പ്രധാനകാരണം. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് അരലക്ഷത്തിലധികം ലിറ്റര്‍ കൂടുതല്‍ പാലാണ് മില്‍മക്ക് ലഭിച്ചിരിക്കുന്നത്. തമിഴ്നാട്ടിലും കര്‍ണാടകയിലും പാല്‍ ഉല്‍പാദനം വര്‍ധിച്ചതിനാല്‍ അധികമായി വേണ്ട പാല്‍ ലഭിക്കാനും ബുദ്ധിമുട്ടുണ്ടായില്ല. ഇപ്പോള്‍ രണ്ടരലക്ഷം ലിറ്റര്‍ പാലാണ് കര്‍ണാടകയില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നുമായി വാങ്ങുന്നത്. മികച്ച വില ലഭിക്കുന്നതും കാര്‍ഷികവിളകളുടെ വിലത്തകര്‍ച്ചയെ തുടര്‍ന്ന് കൂടുതല്‍ കര്‍ഷകര്‍ രംഗത്ത് എത്തിയതുമാണ് മില്‍മക്ക് തുണയായത്. ഇവരുടെ കണക്കനുസരിച്ച് കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ നാലുലക്ഷം ലിറ്റര്‍ പാലാണ് വര്‍ധിച്ചത്. വേനലിന്‍െറ തുടക്കത്തില്‍ 10.8 ലക്ഷം ലിറ്റര്‍ പാലാണ് മില്‍മ സംസ്ഥാനത്തെ കര്‍ഷകരില്‍നിന്ന് വാങ്ങിയത്. വേനല്‍ കടുത്തതോടെ ആദ്യ ആഴ്ചകളില്‍ ഒരുലക്ഷം ലിറ്ററിന്‍െറ കുറവ് ഉണ്ടായി. കഴിഞ്ഞ നാലുവര്‍ഷത്തിനിടെ പാല്‍ വിലയില്‍ 13 രൂപയുടെ വര്‍ധനയുണ്ടായി. ഇതില്‍ 11.64 രൂപ കര്‍ഷകര്‍ക്ക് ലഭിച്ചു. ഇതോടെ കാലിവളര്‍ത്തല്‍ കുടുതല്‍ ആദായകരമായത് കര്‍ഷകരെ കൂടുതലായി ക്ഷീരമേഖലയിലേക്ക് ആകര്‍ഷിക്കുന്നുണ്ട്. 2011ല്‍ 6.74 ലക്ഷം ലിറ്റര്‍ പാലയിരുന്നു ഉല്‍പാദനമെങ്കില്‍ ഈവര്‍ഷം ഇത് 10.8 ലക്ഷമായി ഉയര്‍ന്നു. മില്‍മക്ക് ലഭിക്കുന്ന പാലിന്‍െറ കണക്കുമാത്രമാണിത്. വിവിധ സ്വകാര്യ ഏജന്‍സികളും സ്ഥാപനങ്ങളും സംഭരിക്കുന്നതുകൂടി കണക്കിലെടുക്കുമ്പോള്‍ ഉല്‍പാദനം ഇതിനും മുകളിലാണ്. റബര്‍ വിലയിടിഞ്ഞതോടെ മരങ്ങള്‍ വെട്ടിമാറ്റി തീറ്റപ്പുല്‍കൃഷിയും പലയിടങ്ങളിലും തുടങ്ങിയിട്ടുണ്ട്. ക്ഷീരമേഖലയില്‍ ഉണര്‍വ് ദൃശ്യമായതോടെ അടഞ്ഞുകിടന്ന മില്‍ക്ക് സൊസൈറ്റികളും പുനരാരംഭിച്ചിട്ടുണ്ട്. നാടന്‍ പാല്‍ എന്ന പേരില്‍ സ്വകാര്യ വ്യക്തികളുടെ കവര്‍ പാലും ഗ്രാമങ്ങളില്‍ സജീവമാണ്. കഴിഞ്ഞ വര്‍ഷങ്ങളിലേതുപോലെ ക്രമാനുഗതമായി ഉല്‍പാദനം വര്‍ധിക്കുകയാണെങ്കില്‍ രണ്ടുവര്‍ഷത്തിനുള്ളില്‍ കേരളം പാല്‍ ഉല്‍പാദനത്തില്‍ സ്വയംപര്യാപ്തതയിലേക്ക് മാറുമെന്നാണ് മില്‍മയുടെ കണക്കുകൂട്ടല്‍. എന്നാല്‍, കാര്‍ഷികോല്‍പന്നങ്ങളുടെ വില വീണ്ടും ഉയര്‍ന്നാല്‍ കര്‍ഷകര്‍ ഈ മേഖല ഉപേക്ഷിക്കാനുള്ള സാധ്യത ഉള്ളതിനാല്‍ ഇക്കാര്യത്തില്‍ ഉറപ്പൊന്നുമില്ളെന്ന് അധികൃതര്‍ പറയുന്നു. തമിഴ്നാട്ടില്‍ പാല്‍വില കുറഞ്ഞുനില്‍ക്കുന്നതിനാല്‍ അടുത്തിടെയായി സംസ്ഥാനത്തേക്ക് സ്വകാര്യ കമ്പനികളുടെ പായ്ക്കറ്റ് പാല്‍ ഒഴുകുകയാണ്. ഇത് വില്‍പനയെ നേരിയതോതില്‍ ബാധിച്ചതോടെ സമ്മാന പദ്ധതിയടക്കം ആവിഷ്കരിച്ച് വില്‍പന കൂട്ടാനുള്ള ശ്രമത്തിലാണ് മില്‍മ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.