പ്രതീക്ഷയുടെ ശിഖരത്തില്‍ റബര്‍ കര്‍ഷകര്‍

കോട്ടയം: വിലയിലെ ഉണര്‍വിനൊപ്പം റബര്‍ ബോര്‍ഡിന് സ്ഥിരം ചെയര്‍മാനെ നിയമിച്ചതോടെ പ്രതീക്ഷയുടെ ശിഖരത്തില്‍ കര്‍ഷകര്‍. രണ്ടു വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് 2001 മുതല്‍ 2004വരെ കോട്ടയം കലക്ടര്‍ കൂടിയായിരുന്ന എ. അജിത്കുമാറിനെ റബര്‍ ബോര്‍ഡിന്‍െറ ചെയര്‍മാനായി കേന്ദ്രം നിയമിച്ചത്. റബര്‍ മേഖലയെ അടുത്തറിഞ്ഞിട്ടുള്ള ഉദ്യോഗസ്ഥനാണ് ചുമതല നല്‍കിയിരിക്കുന്നതെന്നതും പ്രതീക്ഷ വര്‍ധിപ്പിക്കുന്നു. റബര്‍ വിലയിടിവിനെ തുടര്‍ന്ന് കടുത്ത പ്രതിസന്ധിയിലൂടെയാണ് കര്‍ഷകര്‍ കടന്നുപോകുന്നത്. ഇതിനൊപ്പം റബര്‍ ബോര്‍ഡിനും കറുത്തകാലമാണ്. കേന്ദ്രബജറ്റില്‍ റബര്‍ ബോര്‍ഡിനുള്ള വിഹിതം 69 കോടി വെട്ടിക്കുറച്ചിരുന്നു. കഴിഞ്ഞ ബജറ്റില്‍ 201.75 കോടിയായിരുന്നു വിഹിതമെങ്കില്‍ ഇത്തവണ 132 കോടി മാത്രമാണ് നീക്കിവെച്ചിരിക്കുന്നത്. ഇതിനൊപ്പം ചെലവു ചുരുക്കാനും ബോര്‍ഡിന് നിര്‍ദേശം ലഭിച്ചിരുന്നു. ഇതിന്‍െറ ഭാഗമായി വിവിധ ഓഫിസുകള്‍ അടച്ചുപൂട്ടാനും നിര്‍ദേശമുണ്ട്. ഇതിനൊപ്പം റബര്‍ ആവര്‍ത്തന കൃഷി സബ്സിഡി വിതരണവും അനിശ്ചിതത്വത്തിലായിരിക്കുകയാണ്. ഹെക്ടറിന് 25,000 രൂപയാണ് ആവര്‍ത്തനകൃഷി സബ്സിഡിയായി കര്‍ഷകര്‍ക്ക് ബോര്‍ഡ് നല്‍കിവരുന്നത്. ഫണ്ടിന്‍െറ കുറവുമൂലം മാസങ്ങളായി സബ്സിഡി അപേക്ഷകള്‍ കെട്ടിക്കിടക്കുകയാണ്. ഇപ്പോള്‍ ബജറ്റ് വിഹിതം വെട്ടിക്കുറച്ചതോടെ ഇക്കാര്യത്തില്‍ അനിശ്ചിതത്വം വര്‍ധിച്ചു. കോട്ടയത്തെ റബര്‍ ബോര്‍ഡിന്‍െറ ആസ്ഥാനം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകാനുള്ള ശ്രമവും സജീവമാണ്. സംസ്ഥാനത്ത് റബര്‍ ഉല്‍പാദനം പൂര്‍ണമായെന്നും ഇനി വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലാണ് റബര്‍ കൃഷി വ്യാപിപ്പിക്കാനുള്ളതെന്നും ചൂണ്ടിക്കാട്ടിയാണ് ആസ്ഥാനമാറ്റത്തിനുള്ള നീക്കങ്ങള്‍ നടക്കുന്നത്. ഇത്തരം പ്രതിസന്ധികള്‍ക്കിടെയാണ് പുതിയ ചെയര്‍മാനത്തെുന്നത്. ഇതിനെ അദ്ദേഹം എങ്ങനെ മറികടക്കുമെന്ന ആകാംക്ഷയും കര്‍ഷകസംഘടനകള്‍ക്കുണ്ട്. ചെയര്‍മാനെ നിയമിച്ചെങ്കിലും സെക്രട്ടറി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ തുടങ്ങിയ പ്രധാന തസ്തികകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. ഇവ നികത്തണമെന്ന ആവശ്യവും ശക്തമാണ്. നാലു വര്‍ഷത്തോളമായി ഗവര്‍ണറുടെ സെക്രട്ടറിയായി പ്രവര്‍ത്തിച്ചുവരുന്ന അജിത്കുമാര്‍ ഗുരുവായൂര്‍ ദേവസ്വം കമീഷണര്‍ കൂടിയാണ്. ഇതിനിടെയാണ് പുതിയ ദൗത്യവുമായി കോട്ടയത്തെ റബര്‍ ബോര്‍ഡ് ആസ്ഥാനത്തേക്ക് എത്തുന്നത്. കര്‍ഷകര്‍ക്കൊപ്പം നിലയുറപ്പിക്കാന്‍ ശ്രമിക്കുമെന്ന് അജിത് കുമാര്‍ പറയുന്നു. സംസ്ഥാനത്തിന്‍െറ സമ്പദ്വ്യവസ്ഥയില്‍ റബറിന്‍െറ പങ്ക് തള്ളിക്കളയാനാകില്ല. ഈ പ്രാധാന്യം എല്ലാവരും തിരിച്ചറിയുമെന്നാണ് പ്രതീക്ഷ. ഇതനുസരിച്ചുള്ള നടപടിക്ക് തുടക്കമിടുമെന്നും അദ്ദേഹം പറഞ്ഞു. 2014 സെപ്റ്റംബര്‍ അഞ്ചിന് ഷീല തോമസ് സ്ഥാനമൊഴിഞ്ഞശേഷം സ്ഥിരം ചെയര്‍മാനുണ്ടായിരുന്നില്ല. സ്പൈസസ് ബോര്‍ഡ് ചെയര്‍മാന്‍ എ. ജയതിലകിന് റബര്‍ ബോര്‍ഡ് ചെയര്‍മാന്‍െറ ചുമതലകൂടി നല്‍കിയിരിക്കുകയായിരുന്നു. വിലയിടിവ് അടക്കമുള്ള ഗുരുതരപ്രശ്നങ്ങള്‍ കേന്ദ്രത്തിന്‍െറ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ ചെയര്‍മാന്‍െറ അഭാവം തടസ്സമായിരുന്നു. ഈ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാറും വിവിധ രാഷ്ട്രീയ കക്ഷികളും എം.പിമാരും സ്ഥിരം ചെയര്‍മാന്‍ എന്ന ആവശ്യം ഉയര്‍ത്തുന്നതിനിടെയാണ് നിയമനം. നിയമസഭാ തെരഞ്ഞെടുപ്പുകൂടി കണക്കിലെടുത്താണ് തീരുമാനമെന്നാണ് സൂചന.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.