കോട്ടയം: വേനല്‍ ചൂടിന്‍െറ വീര്‍പ്പുമുട്ടലില്‍ അസ്വസ്ഥരാകുന്ന നാട്ടാനകളോട് പാപ്പന്മാരും ഉടമകളും കാണിക്കുന്ന ക്രൂരതക്കും അവസാനമില്ല. തടി പിടിക്കുന്നതിനിടെ ഇടഞ്ഞ ‘ചാന്നാനിക്കാട് രാജന്‍’ രണ്ടു പാപ്പന്മാരെ കുത്തിക്കൊന്ന സംഭവമാണ് ഒടുവിലത്തേത്. ഒന്നാം പാപ്പാന്‍ നെടുങ്ങാടപ്പള്ളി ശാന്തിപുരം സന്തോഷ് ഭവനില്‍ ഗോപിനാഥന്‍ നായര്‍ (58), രണ്ടാം പാപ്പാന്‍ ചങ്ങനാശേരി ഇത്തിത്താനം മലകുന്നം വാലുപറമ്പില്‍ അഖില്‍ മണി (കണ്ണന്‍ -26) എന്നിവരാണ് മരിച്ചത്. ഈമാസം ഏഴിന് ഉച്ചക്ക് രണ്ടിന് ചമ്പക്കര മുണ്ടുകുന്നാണ് സംഭവം. നാടിനെ മണിക്കൂറുകളോളം മുള്‍മുനയില്‍ നിര്‍ത്തിയ സംഭവത്തിന് പിന്നിലും ആനയോട് കാട്ടിയ ക്രൂരതയാണെന്നാണ് അറിയാന്‍ കഴിയുന്നത്. തടിപിടിക്കാന്‍ ചമ്പക്കര ദേവീക്ഷേത്രത്തിന് സമീപം കൊണ്ടുവന്ന ആനയെ പാപ്പന്മാര്‍ ഉപദ്രവിച്ചതായും രണ്ടു ദിവസം മതിയായ രീതിയില്‍ തീറ്റയും വെള്ളവും നല്‍കിയില്ളെന്നും ആരോപണമുണ്ട്. റോഡില്‍ നിലയുറപ്പിച്ച ആനയെ നാട്ടുകാര്‍ ഹോസിട്ട് വെള്ളമൊഴിച്ച് തണുപ്പിച്ച് ശാന്തനാക്കി മയക്കുവെടിച്ച് തളക്കുകയായിരുന്നു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും ഉത്സവ ആഘോഷങ്ങളിലും തടിപിടിക്കാനും കൊണ്ടുവരുന്ന ആനകളുമായി ബന്ധപ്പെട്ട് നിയമങ്ങളൊന്നും പാലിക്കുന്നില്ളെന്ന് ആക്ഷേപമുണ്ട്. വേനലിലും മഴക്കാലത്തും വെള്ളത്തില്‍ നീരാടുന്ന ആനകള്‍ക്ക് ‘അത്യുഷ്ണം’ പലപ്പോഴും താങ്ങാന്‍ കഴിയില്ല. പകല്‍ ചൂടിനൊപ്പം ആനകള്‍ക്ക് വിശ്രമം നല്‍കാതെ ജോലികള്‍ക്കും ആഘോഷങ്ങളിലും കൊണ്ടുപോകുന്ന സാഹചര്യവും ആനകള്‍ ഇടയാന്‍ കാരണമാകുന്നുണ്ട്. ഉടമകള്‍ക്ക് പണം കിട്ടുന്നതിന് വിശ്രമില്ലാതെ പകല്‍ പണിയെടുപ്പിച്ചും രാത്രിയില്‍ എഴുന്നള്ളിച്ചും ആനകളെ കൊണ്ടുപോകുന്നതിനൊപ്പം ഭക്ഷണവും കുടിവെള്ളവും നല്‍കാറില്ളെന്നും പരാതിയുണ്ട്. രാവിലെ ആറു മുതല്‍ 11വരെയും വൈകീട്ട് നാലു മുതല്‍ എട്ടുവരെയും മാത്രമേ എഴുന്നള്ളിക്കാന്‍ പാടുള്ളൂവെന്ന നിയമവും പാലിക്കുന്നില്ല. ആനകള്‍ക്ക് വിശ്രമം നല്‍കണമെന്ന വനം-വന്യ ജീവി വകുപ്പിന്‍െറ നിര്‍ദേശങ്ങള്‍ അവഗണിക്കുകയാണ്. കൊടുംചൂടില്‍ ആനയെ ജോലിക്ക് കൊണ്ടുപോകരുതെന്ന പ്രഥമനിര്‍ദേശം പാലിക്കപ്പെടുന്നില്ല. മദപ്പാട് കൂടാതെ രോഗവും അവശതയും കാണിക്കുന്ന ആനകളെ ഉത്സവങ്ങളുടെ എഴുന്നള്ളിപ്പിന് മാറ്റിനിര്‍ത്തണം. കനത്തചൂടില്‍ ടാര്‍ റോഡിലൂടെയുള്ള യാത്രയും പാടില്ല. കാലില്‍ ചൂട് ഏല്‍ക്കാതിരിക്കാന്‍ നനച്ച ചാക്കിട്ട് പ്രത്യേക ക്രമീകരണം ഒരുക്കണം. രാത്രി ചൂട് ഏല്‍ക്കാത്തവിധം ‘തീവെട്ടി’ മാറ്റിപ്പിടിക്കുകയും വേണം. അഞ്ചിലധികം ആനകള്‍ പങ്കെടുക്കുന്ന ആഘോഷ സ്ഥലത്ത് എലിഫന്‍റ് സ്ക്വാഡിലെ ഡോക്ടറുടെ സേവനം ഉറപ്പാക്കുന്നതിനൊപ്പം ആനയെ പങ്കെടുപ്പിക്കുന്ന വിവരം പൊലീസിലും ഫോറസ്റ്റ് റേഞ്ച് സ്റ്റേഷനിലും അറിയിക്കണം. പാപ്പാന്മാര്‍ മദ്യം, ലഹരിവസ്തുക്കള്‍ എന്നിവ ഉപയോഗിച്ച ശേഷം ആനകളെ കൊണ്ടുനടക്കാന്‍ പാടില്ല. ഇടഞ്ഞ് ജീവഹാനി സംഭവിച്ചാല്‍ മെഡിക്കല്‍ സംഘം ആനയെ പരിശോധിച്ച് മാനസിക-ശാരീരിക നില തൃപ്തികരമാണെന്ന് ബോധ്യപ്പെടുത്തിയശേഷം മാത്രമേ ആഘോഷങ്ങളില്‍ പങ്കെടുക്കാവൂ. ആണി, സൂചി പോലുള്ളവ ഘടിപ്പിച്ച കോലുകള്‍, വടികള്‍ ഉപയോഗിച്ച് പീഡിപ്പിക്കാനും കുത്തിപ്പൊക്കി തല ഉയര്‍ത്താനും പാടില്ല. ആനയെ ഒരുസ്ഥലത്തുനിന്ന് മറ്റൊരു സ്ഥലത്തേക്ക് ലോറിയില്‍ കയറ്റിക്കൊണ്ടുപോകാന്‍ വെറ്ററിനറി ഡോക്ടറുടെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് വേണം. ശക്തിയായ കുലുക്കം, പെട്ടെന്നുള്ള ബ്രേക്കിടല്‍ എന്നിവ ഒഴിവാക്കാന്‍ ലോറിയുടെ സഞ്ചാരവേഗം 25 കിലോമീറ്ററില്‍ പരിമിതിപ്പെടുത്തിയിട്ടുണ്ട്. നാട്ടാന പരിപാലത്തിന് ഇന്ത്യയില്‍ ആദ്യമായി നിയമം പ്രാബല്യത്തില്‍ കൊണ്ടുവന്ന സംസ്ഥാനത്ത് വേണ്ടവിധം നിയമം നടപ്പാക്കുന്നില്ളെന്ന ആക്ഷേപവുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.