കുറവിലങ്ങാട്: നിയന്ത്രണം വിട്ട കാര്‍ ഓട്ടോ സ്റ്റാന്‍ഡിലേക്ക് ഇടിച്ചുകയറി തൊഴിലാളികളടക്കം എട്ടുപേര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച രാവിലെ ഏഴേമുക്കാലോടെ കുറവിലങ്ങാടിന് സമീപം കുര്യത്താണ് അപകടം. കാര്‍ ഡ്രൈവര്‍ ഉറങ്ങിയതാണ് അപകടത്തിന് കാരണമെന്ന് സംശയിക്കുന്നു. ഓട്ടോ ഡ്രൈവര്‍ കുര്യം വല്ലൂര്‍ വീട്ടില്‍ ഷാജി (45), കാളികാവ് തറപ്പേല്‍ ഉണ്ണി (45), തറപ്പേല്‍ ടി.കെ. നാരായണന്‍ (കുട്ടന്‍ -60), കാളികാവ് തറപ്പില്‍ മോഹനന്‍ (57), നടുവത്തേട്ട് സുനില്‍ (40), കാളികാവ് സ്വദേശി സലി, ബംഗാളികളായ രണ്ടുപേര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ നിന്നിരുന്ന കാളികാവ് വാണിയപ്പുരയില്‍ സതീശന്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. മലപ്പുറത്തുനിന്ന് ഏറ്റുമാനൂരിലേക്ക് വരികയായിരുന്ന ഏറ്റുമാനൂര്‍ സ്വദേശി എബിന്‍ സെബാസ്റ്റ്യന്‍െറ കാറാണ് അപകടം വിതച്ചത്. ഓട്ടോ സ്റ്റാന്‍ഡില്‍ ഏറ്റവും മുന്നിലായിരുന്നു വല്ലൂര്‍ ഷാജിയുടെ വാഹനം കിടന്നിരുന്നത്. ഷാജിയുടെ വാഹനത്തിന്‍െറ അടുത്തുണ്ടായിരുന്നവരാണ് അപകടത്തില്‍ പരിക്കേറ്റവരില്‍ ഏറെയും ആളുകള്‍. വേഗത്തിലത്തെിയ കാര്‍ ഇവര്‍ക്കിടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. ബംഗാള്‍ തൊഴിലാളികള്‍ അപകടസമയത്ത് അതിലെ നടന്നു പോകുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഷാജിയുടെ പല്ലുകള്‍ നഷ്ടമായി. തറപ്പേല്‍ ഉണ്ണിയുടെ പരിക്ക് ഗുരുതരമാണ്. കാലിന് ഒടിവ് സംഭവിക്കുകയും ശരീരത്തില്‍ മിക്കയിടത്തും വലിയ മുറിവുകള്‍ ഉണ്ടാകുകയും ചെയ്തു. ബാക്കിയുള്ളവര്‍ക്ക് തലക്കും കാലിനും കൈക്കുമാണ് മുറിവുകള്‍. കാര്‍ പാഞ്ഞുവരുന്നതിന് ഏതാനും നിമിഷങ്ങള്‍ക്ക് മുമ്പ് സ്റ്റാന്‍ഡില്‍ ഏറ്റവും മുന്നില്‍ എല്ലാ ഡ്രൈവര്‍മാരും ഉണ്ടായിരുന്നു. അപകടത്തിന് നിമിഷങ്ങള്‍ക്ക് മുമ്പ് ചിലര്‍ വന്ന് വാഹനം ഓട്ടം വിളിച്ചപ്പോള്‍ സ്റ്റാന്‍ഡിന് മുന്നില്‍നിന്ന ഡ്രൈവര്‍മാരെല്ലാം അവരവരുടെ ഓട്ടോയുടെ അടുത്തേക്ക് പോയി. ഈ സമയത്ത് ഇവര്‍ മാറിയില്ലായിരുന്നെങ്കില്‍ അപകടത്തിന്‍െറ ചിത്രം മറ്റൊന്നാകുമായിരുന്നു. ഷാജിയുടെ ഓട്ടോ പൂര്‍ണമായും തകര്‍ന്നു. അപകടത്തില്‍ കാറിന്‍െറ ഒരുവശവും തകര്‍ന്നു. എം.സി റോഡിന്‍െറ നിര്‍മാണം പൂര്‍ത്തിയായതിനുശേഷം കാളികാവ് മേഖലയില്‍ നടക്കുന്ന രണ്ടാമത്തെ അപകടമാണിത്. അടുത്തിടെ വെമ്പള്ളിയില്‍ നടന്ന അപകടത്തില്‍ സ്കൂട്ടര്‍ യാത്രക്കാരനായ ഗൃഹനാഥന്‍ മരണമടഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.