മലയാളി വനിത റിയാദിലെ അന്താരാഷ്ട്ര സമ്മേളനത്തില്‍ പ്രബന്ധം അവതരിപ്പിക്കും

കോട്ടയം: സൗദി ഇന്‍റര്‍നാഷനല്‍ മെഡിക്കല്‍ എജുക്കേഷന്‍ കോണ്‍ഫറന്‍സില്‍ (സിമെക്) പ്രബന്ധം അവതരിപ്പിക്കാന്‍ മലയാളി വനിത. കോട്ടയം ഏറ്റുമാനൂര്‍ അതിരമ്പുഴ 101 ജങ്ഷന്‍ തായ്മഠത്തില്‍ ടി.എസ്. സഫ്റത്ത്-സീനത്ത് ദമ്പതികളുടെ മകളും റിയാദ് അമീറ നൂറ ബിന്‍ത് അബ്ദു റഹ്മാന്‍ യൂനിവേഴ്സിറ്റി വിസിറ്റിങ് ലെക്ചറുമായ ഷംന സഹീറാണ് ‘അണുജീവി സ്ഥിതിവിവരശാസ്ത്രം’ വിഷയത്തില്‍ പ്രബന്ധം അവതരിപ്പിക്കുന്നത്. വെള്ളിയാഴ്ച മുതല്‍ ഈമാസം12വരെ റിയാദില്‍ നടക്കുന്ന സൗദി മെഡിക്കല്‍ അധ്യാപകരുടെ അന്താരാഷ്ട്ര സമ്മേളനത്തില്‍ ശനിയാഴ്ചയാണ് പ്രബന്ധം അവതരിപ്പിക്കുന്നത്. സ്വദേശി ശാസ്ത്രജ്ഞര്‍ക്ക് പുറമെ കാനഡ, യു.എസ്.എ തുടങ്ങിയ സര്‍വകലാശാലയില്‍നിന്നുള്ള പ്രഗല്ഭരും പങ്കെടുക്കുന്നുണ്ട്. ഏറ്റവും പ്രായം കുറഞ്ഞ പ്രഭാഷകയായ ഷംന എം.ജി സര്‍വകലാശാലയില്‍നിന്ന് എം.എസ്സി ബയോസ്റ്റാറ്റിസ്റ്റിക്സില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കിയിരുന്നു. ലോകത്തെ ഏറ്റവും വലിയ റിസര്‍ച് ഓര്‍ഗനൈസേഷനായ ക്വിന്‍റിലെസില്‍ ബയോസ്റ്റാറ്റിസ്റ്റിഷ്യനായാണ് ഒൗദ്യോഗിക ജീവിതം തുടങ്ങിയത്. സ്റ്റാറ്റിസ്റ്റിക്കല്‍ അനാലിസിസ് സോഫ്റ്റ്വെയര്‍ ഉള്‍പ്പെടെ ബയോസ്റ്റാസ്റ്റിക്സുമായി ബന്ധപ്പെട്ട നിരവധി സാങ്കേതിക ശാസ്ത്രങ്ങളില്‍ പഠനവും പരിശീലനവും നേടിയിട്ടുണ്ട്. കേന്ദ്ര പദ്ധതി നിര്‍വഹണം-സ്ഥിതി വിവരമന്ത്രാലയം നടത്തിയ പ്രബന്ധ രചനയില്‍ അഖിലേന്ത്യാടിസ്ഥാനത്തില്‍ വിജയിയായിരുന്നു. ഇന്ത്യന്‍ സൊസൈറ്റി ഫോര്‍ മെഡിക്കല്‍ സ്റ്റാറ്റിസ്റ്റിക്സില്‍ അവതരിപ്പിച്ച പ്രബന്ധത്തിന് ഡോ. ആര്‍.എന്‍. ശ്രീവാസ്തവ കാഷ് അവാര്‍ഡ് ലഭിച്ചു. ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് സ്റ്റാസ്റ്റിക്സ് ആന്‍ഡ് ക്ളിനിക്കല്‍ ട്രയല്‍സ് കോണ്‍ഫറന്‍സിലും സാംക്രമികരോഗശാസ്ത്രം സംബന്ധിച്ച് നടത്തിയ അന്താരാഷ്ട്ര സമ്മേളനങ്ങളിലും പ്രബന്ധം അവതരിപ്പിച്ച് അംഗീകാരം നേടിയിട്ടുണ്ട്. രണ്ടു വര്‍ഷമായി റിയാദില്‍ ജോലി ചെയ്യുന്ന ഷംനയുടെ ഭര്‍ത്താവ് ആലപ്പുഴ സ്വദേശി സഹീര്‍ എ. അസീസാണ് (ഷാക്കിര്‍ ഗ്രൂപ് മെക്കാനിക്കല്‍ എന്‍ജിനീയര്‍). മകള്‍: ഷിഫ സഹീര്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.