ചങ്ങനാശേരിയില്‍ മൂന്നു പേര്‍ക്ക് ചുവരെഴുത്ത്; യു.ഡി.എഫ് അണികളില്‍ ആശയക്കുഴപ്പം

ചങ്ങനാശേരി: നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിത്വത്തിനുവേണ്ടി അവകാശവാദങ്ങള്‍ മുറുകുന്നു. കഴിഞ്ഞ 35 വര്‍ഷമായി എം.എല്‍.എയായി തുടരുന്ന സി.എഫ്. തോമസിനെതിരെ ഇത്തവണ അനുജന്‍ സാജന്‍ ഫ്രാന്‍സിസും കേരള കോണ്‍ഗ്രസ് എം ജനറല്‍ സെക്രട്ടറി ജോബ് മൈക്കിളും രംഗത്തിറങ്ങിയത് ആശയക്കുഴപ്പത്തിലാക്കിയിരിക്കുകയാണ്. ജോബ് മൈക്കിളിന്‍െറ ചുവരെഴുത്തിന് പിന്നാലെ സാജന്‍ ഫ്രാന്‍സിസിനുവേണ്ടി ചങ്ങനാശേരി പൗരവേദി ആഭിമുഖ്യത്തില്‍ ശനിയാഴ്ച നഗരത്തിന്‍െറ പലഭാഗങ്ങളിലും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി. ചങ്ങനാശേരി നിയോജക മണ്ഡലം വികസന സമിതി ചെയര്‍മാനായി സാജന്‍ ഫ്രാന്‍സിസ് ചെയ്ത പ്രധാന വികസനപ്രവര്‍ത്തനങ്ങള്‍ അക്കമിട്ട് നിരത്തി പോസ്റ്ററില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഒരു മാസം മുമ്പ് ചങ്ങനാശേരി ടി.ബിയുടെ പുതിയ കെട്ടിടത്തിന്‍െറ ഉദ്ഘാടന വേളയില്‍ സാജന്‍ ഫ്രാന്‍സിസ് പൊതുവേദിയില്‍ ജ്യേഷ്ഠനായ സി.എഫ്. തോമസിനോട് മത്സരിക്കാന്‍ തനിക്ക് ആഗ്രഹമുണ്ടെന്നും സീറ്റ് വിട്ടുനല്‍കണമെന്നും ആവശ്യപ്പെട്ടിരുന്നു. അടുത്ത തവണ ചങ്ങനാശേരി സീറ്റ് ജോബ് മൈക്കിളിനായിരിക്കുമെന്ന് 2011ല്‍ പാര്‍ട്ടി നല്‍കിയ ഉറപ്പിന്‍െറ അടിസ്ഥാനത്തിലാണ് താന്‍ പ്രചാരണം നടത്തുന്നതെന്നും ജോബ് മൈക്കിള്‍ പറയുന്നു. എന്നാല്‍, യു.ഡി.എഫ് നിയോജക മണ്ഡലം കമ്മിറ്റിയില്‍ ഭൂരിഭാഗവും സിറ്റിങ് എം.എല്‍.എ സി.എഫ്. തോമസിന് അനുകൂലമായി നില്‍ക്കുമ്പോള്‍ യൂത്ത്ഫ്രണ്ടിലെ ഒരു വിഭാഗം അഡ്വ. ജോബ് മൈക്കിളിന് വേണ്ടിയും വാദിക്കുന്നുണ്ട്. അഞ്ചിനാണ് കേരള കോണ്‍ഗ്രസ് എം ഒൗദ്യോഗിക സ്ഥാനാര്‍ഥി പ്രഖ്യാപനം. എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി ജനാധിപത്യ കേരള കോണ്‍ഗ്രസിലെ ഡോ. കെ.സി. ജോസഫും ബി.ജെ.പി സ്ഥാനാര്‍ഥി ഏറ്റുമാനൂര്‍ രാധാകൃഷ്ണന്‍െറയും താഴെതട്ടിലുള്ള പ്രചാരണ പരിപാടികള്‍ ആരംഭിച്ചു കഴിഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.