ബോണിയുടെ മൃതദേഹം നാളെ നാട്ടിലത്തെിച്ചേക്കും

പാലാ: കുവൈത്തില്‍ കെട്ടിടത്തിന് തീപിടിച്ച് മരിച്ച ബോണിയുടെ ദുരന്തവാര്‍ത്തയില്‍ നടുങ്ങി മുത്തോലി ഗ്രാമം. പാലാ വട്ടക്കുന്നേല്‍ (അമലോത്ഭവ) സണ്ണിയുടെ മൂന്ന് പെണ്‍മക്കളില്‍ രണ്ടാമത്തെ മകളാണ് ബോണി (30). മൂന്ന് വര്‍ഷമായി കുവൈത്തിലെ സഫാഗിയിലെ പ്രഫഷനല്‍ മെഡിക്കല്‍ ഹോം കെയര്‍ കമ്പനിയുടെ ആശുപത്രിയിലാണ് ബോണി ജോലി ചെയ്തിരുന്നത്. ബി.എസ്സി നഴ്സിങ് പൂര്‍ത്തിയാക്കിയ ബോണി കുടുംബസുഹൃത്തായ ഒരു വൈദികന്‍െറ സഹായത്തോടെയാണ് കുവൈത്തില്‍ ജോലിക്കത്തെിയത്. മൂന്ന് വര്‍ഷക്കാലം തുടര്‍ച്ചയായി ജോലി ചെയ്തശേഷം നവംബറില്‍ നാട്ടിലേക്ക് വരാന്‍ വിമാനടിക്കറ്റ് ഉള്‍പ്പെടെ ബുക് ചെയ്ത് കാത്തിരിക്കുമ്പോഴാണ് ദുരന്തമത്തെിയത്. ബോണി ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ ജോലി ചെയ്യുന്ന ചെറിയ ക്ളിനിക്കിലാണ് അപകടമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കെട്ടിടത്തിന് തീപിടിക്കാന്‍ കാരണമെന്ന് പറയുന്നു. വേഗത്തില്‍ തീ ആളിപ്പടര്‍ന്നതോടെ നഴ്സുമാര്‍ മൂന്നുപേരും രക്ഷപ്പെട്ട് പുറത്തത്തെി. എന്നാല്‍, ഈ സമയത്താണ് ബോണി താന്‍ പരിചരിച്ചിരുന്ന യുവതിയായ രോഗിയെക്കുറിച്ച് ഓര്‍ത്തത്. കെട്ടിടത്തിനുള്ളിലേക്ക് ഓടിക്കയറി യുവതിയെ താങ്ങിയെടുത്ത് ബോണി പുറത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ തീ ആളുകയായിരുന്നെന്നാണ് കുവൈത്തില്‍ ബോണിക്കൊപ്പം ജോലി ചെയ്യുകയായിരുന്ന നഴ്സുമാര്‍ രക്ഷിതാക്കളെ അറിയിച്ചത്. വെള്ളിയാഴ്ച രാത്രി 11 ഓടെയാണ് പിതാവ് സണ്ണിയുടെ മൊബൈലില്‍ സഹപ്രവര്‍ത്തകര്‍ അപകട വിവരം അറിയിച്ചത്. രാത്രി വൈകിയാണ് കമ്പനി അധികൃതര്‍ ഒൗദ്യോഗികമായി അപകടവിവരം അറിയിച്ചത്. സണ്ണിയുടെ സഹോദരിമാരുടെ മക്കളും ഗള്‍ഫ് നാടുകളിലാണ് ജോലി ചെയ്യുന്നത്. മറ്റ് നടപടികള്‍ പൂര്‍ത്തിയാക്കാനുള്ള ശ്രമങ്ങളാരംഭിച്ചെങ്കിലും പെരുന്നാള്‍ അവധിയായതിനാല്‍ ഓഫിസുകള്‍ പ്രവര്‍ത്തിക്കുന്നില്ല. തിങ്കളാഴ്ച ഓഫിസുകള്‍ തുറന്ന ശേഷമേ എംബസിയുടെ നടപടികളാരംഭിക്കാന്‍ കഴിയൂവെന്നാണ് അറിയുന്നത്. ചൊവ്വാഴ്ചയോടെ മൃതദേഹം നാട്ടിലത്തെിക്കാന്‍ കഴിയുമെന്നാണ് ബന്ധുക്കളുടെ പ്രതീക്ഷ. നിരവധി സുഹൃദ് ബന്ധങ്ങളുണ്ടായിരുന്ന ബോണി എല്ലാവരോടും സൗമ്യമായി ഇടപെടുമായിരുന്ന സ്വഭാവമായിരുന്നു. നഴ്സിങ്ങിനൊപ്പം സാമൂഹികസേവനത്തിനും ബോണി താല്‍പര്യം കാട്ടിയിരുന്നു. സ്വകാര്യ സ്ഥാപനത്തിലെ ജോലി ഉപേക്ഷിച്ച് കുവൈത്ത് സര്‍ക്കാര്‍ സര്‍വിസില്‍ കയറാനുള്ള തയാറെടുപ്പിലുമായിരുന്നു ബോണി. സഹോദരങ്ങള്‍: ഹണി, സോണി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.