തോട്ടം തൊഴിലാളി സമരം കണ്ടില്ളെന്ന് നടിക്കുന്നത് ശരിയല്ല –സുരേഷ് ഗോപി

പൊന്‍കുന്നം: തോട്ടം മേഖലയിലെ തൊഴിലാളി സമരത്തെ കണ്ടില്ളെന്ന് നടിക്കുന്നത് ശരിയല്ളെന്ന് ചലച്ചിത്രതാരം സുരേഷ് ഗോപി. ഇല്ലായ്മക്കാര്‍ കലാപം സൃഷ്ടിക്കുന്നത് രാജ്യത്തിന് ആപത്താണ്. ഈ മേഖലയിലെ സ്ത്രീകള്‍ നടത്തുന്ന സമരങ്ങളോട് സമൂഹം ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി ചിറക്കടവ് പഞ്ചായത്ത് കമ്മിറ്റി ഭവനദാന പദ്ധതി ‘ശ്രീധരീയം’ ഭാഗമായി നിര്‍മിച്ച വീടുകളുടെ താക്കോല്‍ദാനം നടത്തുകയായിരുന്നു അദ്ദേഹം. സമ്മേളനം ബി.ജെ.പി കോട്ടയം ജില്ലാ പ്രസിഡന്‍റ് ഏറ്റുമാനൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി ചിറക്കടവ് പഞ്ചായത്ത് കമ്മിറ്റിയും ദീനദയാല്‍ റൂറല്‍ ഡെവല്പ്മെന്‍റ് സൊസൈറ്റിയും ചേര്‍ന്നാണ് സ്ഥലം വാങ്ങി ചിറക്കടവ് പ്ളാവോലിക്കവലയില്‍ മൂന്നു വീടുകള്‍ നിര്‍മിച്ച് ഭവനരഹിതര്‍ക്ക് നല്‍കിയത്. അര്‍ഹരായ രണ്ടുപേരെ നേരത്തെ തെരഞ്ഞെടുത്തിരുന്നു. പിന്നീട് ലഭിച്ച 169 അപേക്ഷകളില്‍ നിന്ന് വേദിയില്‍ വെച്ച് നറുക്കിട്ട് ഒരാള്‍ക്ക് കൂടി വീട് ലഭ്യമാക്കുകയായിരുന്നു. സുരേഷ് ഗോപിയാണ് നറുക്കെടുപ്പ് നിര്‍വഹിച്ചത്. മൂന്നു വീടുകളുടെയും താക്കോല്‍ദാനവും സുരേഷ്ഗോപി നിര്‍വഹിച്ചു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്‍റ് വിജു മണക്കാട്ട് അധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം പ്രസിഡന്‍റ് കെ.ജി. കണ്ണന്‍ ആമുഖ പ്രഭാഷണം നടത്തി. കേരള കോണ്‍ഗ്രസ് നേതാവും മുന്‍കേന്ദ്രമന്ത്രിയുമായ പി.സി. തോമസ്, ആര്‍.എസ്.എസ് വിഭാഗ് സേവാ പ്രമുഖ് കെ.പി. സുരേഷ്, ജില്ലാ ജനറല്‍ സെക്രട്ടറി കെ.എം. സന്തോഷ് കുമാര്‍, സംസ്ഥാന നഗരപാലിക സെല്‍ കണ്‍വീനര്‍ വി.എന്‍. മനോജ്, കേരള കോണ്‍ഗ്രസ് നാഷനലിസ്റ്റ് ചെയര്‍മാന്‍ അഡ്വ. നോബിള്‍ മാത്യു, ബി.ജെ.പി മണ്ഡലം ജനറല്‍ സെക്രട്ടറി ടി.ബി. ബിനു, പഞ്ചായത്ത് ജനറല്‍ സെക്രട്ടറി എം.ജി. വിനോദ്, നിര്‍മാണ സമിതി കണ്‍വീനര്‍ പി.ആര്‍. ഗോപന്‍ എന്നിവര്‍ സംസാരിച്ചു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.