ജില്ലാപഞ്ചായത്ത് മുച്ചക്രവാഹനം വാങ്ങിയതില്‍ അഴിമതിയെന്ന് പ്രതിപക്ഷം

കോട്ടയം: കഴിഞ്ഞ സാമ്പത്തികവര്‍ഷം ജില്ലാപഞ്ചായത്ത് നടപ്പാക്കിയ വികലാംഗര്‍ക്കുള്ള മുച്ചക്രവാഹന പദ്ധതി, പട്ടികജാതി വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ക്ക് സൈക്ക്ള്‍ വിതരണം എന്നിവയില്‍ വന്‍ അഴിമതി നടന്നതായി പ്രതിപക്ഷാംഗങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ഭിന്നശേഷിയുള്ളവര്‍ക്ക് 116 മുച്ചക്ര വാഹനങ്ങളാണ് ജില്ലാപഞ്ചായത്ത് കഴിഞ്ഞ സാമ്പത്തികവര്‍ഷം വാങ്ങിയത്. 69,500 രൂപയാണ് ഒരു വാഹനത്തിന് ചെലവഴിച്ചത്. പദ്ധതിയുടെ ആകെ തുക 80,62,000 രൂപയാണ്. എന്നാല്‍, ഈ വാഹനത്തിന് വിപണിയില്‍ 50,000 രൂപക്കടുത്തുമാത്രമാണ് വില. ഈ സാമ്പത്തികവര്‍ഷവും 33 അംഗങ്ങള്‍ക്ക് വാഹനവിതരണം നടത്തി. ടെന്‍ഡര്‍ കൂടാതെ കെല്‍ട്രോണില്‍നിന്നുമാണ് വാഹനം വാങ്ങിയിരിക്കുന്നത്. ടെന്‍ഡര്‍ ഒഴിവാക്കി വാങ്ങുന്ന വാഹനങ്ങള്‍ അവ നല്‍കുന്ന സ്ഥാപനം സ്വന്തമായി നിര്‍മിച്ചതായിരിക്കണമെന്ന സര്‍ക്കാര്‍ ഉത്തരവ് മറികടന്നാണ് ഈ നടപടിയെന്നും ഇവര്‍ ചൂണ്ടിക്കാട്ടി. പരസ്യ ടെന്‍ഡറില്ലാത്ത ഈ ഇടപാടിന് പിന്നില്‍ വലിയ അഴിമതിയാണ് നടന്നിരിക്കുന്നത്. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ക്ക് രണ്ടുകോടിയുടെ സൈക്ക്ളാണ് വാങ്ങി നല്‍കുന്നത്. സിഡ്കോയില്‍നിന്ന് നേരിട്ട് വാങ്ങിയ സൈക്ക്ളുകള്‍ സിഡ്കോ നിര്‍മിച്ചതല്ല. ഇതില്‍ സിഡ്കോ ഇടനിലക്കാര്‍ മാത്രമാണ്. കൂടാതെ, നാടന്‍ പന്തുകളി പരിശീലന പരിപാടിയിലും ജില്ലാപഞ്ചായത്ത് മാതൃകയെന്ന് ചൂണ്ടിക്കാട്ടുന്ന ഗുരുകുലം പദ്ധതിയിലും ലക്ഷങ്ങളുടെ അഴിമതിയാണ് നടന്നിരിക്കുന്നത്. ഇതുസംബന്ധിച്ച് വിജിലന്‍സില്‍ പരാതി നല്‍കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പ്രതിപക്ഷാംഗങ്ങളായ ബിജു തോമസ്, പി.എസ്. പുഷ്പമണി, ലാലി സത്യന്‍, അഡ്വ.എന്‍.സി. പ്രെനി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.