മൂന്നാര്‍: സമരതീക്ഷണതയുടെ നാളുകള്‍ക്കുശേഷം തൊഴിലാളികള്‍ എത്തിയപ്പോള്‍ തേയിലത്തോട്ടങ്ങള്‍ക്ക് പുത്തനുണര്‍വ്. സമരത്തെതുടര്‍ന്ന് നിശ്ചലമായ തോട്ടങ്ങള്‍ വ്യാഴാഴ്ച വീണ്ടും സജീവമായി. വേതനവര്‍ധനയെക്കുറിച്ച് ധാരണയായതോടെ 40 ദിവസങ്ങളായി മൂന്നാറില്‍ നിലനിന്ന പിരിമുറുക്കത്തിനാണ് വിരാമമായത്. വ്യാഴാഴ്ച ഭൂരിഭാഗം തൊഴിലാളികളും തോട്ടങ്ങളില്‍ പണിക്കത്തെി. സമരത്തോടെ കെ.ഡി.എച്ച്.പി കമ്പനിയിലെ ഏഴ് എക്സ്റ്റന്‍ഡ് എസ്റ്റേറ്റുകളും 16 മാനുഫാക്ചറിങ് യൂനിറ്റുകളും നിശ്ചലമായിരുന്നു. സമരം ഒത്തുതീര്‍പ്പായതോടെ പി.എല്‍.സി ചര്‍ച്ച നടന്ന ചൊവ്വാഴ്ച രാത്രി തന്നെ ട്രേഡ് യൂനിയന്‍ നടത്തി വന്ന സമരവും നിരാഹാരവും അവസാനിപ്പിച്ചു. എന്നാല്‍, സമരം തുടര്‍ന്ന പെമ്പിളൈ ഒരുമൈ തീരുമാനം വ്യാഴാഴ്ച രാവിലെ അറിയിക്കാമെന്നാണ് പറഞ്ഞത്. രാവിലെ പത്തോടെ പെമ്പിളൈ ഒരുമൈ വേദിയില്‍ സ്ത്രീതൊഴിലാളികളും നേതാക്കളും പതിവുപോലെ എത്തി. തീരുമാനത്തില്‍ പരിപൂര്‍ണ തൃപ്തരല്ളെങ്കിലും തങ്ങളുടെ കഷ്ടതകള്‍ കാരണം വെള്ളിയാഴ്ച മുതല്‍ ജോലിക്കു പോയിത്തുടങ്ങുമെന്നാണ് നേതൃത്വം അറിയിച്ചത്. ഇപ്പോള്‍ പ്രഖ്യാപിച്ച ആനുകൂല്യങ്ങളില്‍ തീരുമാനമായില്ളെങ്കില്‍ വീണ്ടും സമരവുമായി മുന്നോട്ട് പോകുമെന്ന് പെമ്പിളൈ ഒരുമൈ നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. പെമ്പിളൈ ഒരുമൈ സമരക്കാര്‍ വേദിയിലത്തെിയെങ്കിലും നിരവധി തൊഴിലാളികള്‍ അറിയിപ്പിന് കാത്തുനില്‍ക്കാതെ തോട്ടങ്ങളിലേക്ക് പോയിത്തുടങ്ങി. 80 ശതമാനത്തോളം തൊഴിലാളികള്‍ ജോലിക്ക് എത്തിയെന്ന് കമ്പനി അറിയിച്ചു. കളകള്‍ കാടുകയറിയ തോട്ടങ്ങളില്‍ കള നശിപ്പിക്കുന്ന പണികളാണ് നടന്നത്. പെരിയവര എസ്റ്റേറ്റിലെ പഴയകാട് ഡിവിഷനിലുള്ള ഭൂരിഭാഗം തോട്ടങ്ങളും മോണിങ് ഗ്ളോറി പടര്‍ന്നുകയറി മൂടിയ നിലയിലാണ്. അധികം കുഴപ്പമില്ലാത്ത കാടുകളില്‍നിന്ന് കൊളുന്തെടുത്തു. വേതനവര്‍ധനയുടെ കാര്യത്തില്‍ സമ്പൂര്‍ണ തൃപ്തരല്ളെങ്കിലും സമരം പിന്‍വലിക്കുകയാണെന്ന് ട്രേഡ് യൂനിയന്‍ നേതാക്കള്‍ അറിയിച്ചു. വേതനവര്‍ധനക്ക് ഇടപെട്ട മുഖ്യമന്ത്രിക്ക് അഭിവാദ്യം അര്‍പ്പിച്ച് ഐ.എന്‍.ടി.യു.സി നേതൃത്വത്തില്‍ പ്രകടനം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.