ചങ്ങനാശേരി കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ അനിശ്ചിതകാല നിരാഹാരസമരം ആരംഭിച്ചു

ചങ്ങനാശേരി: കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ എംപ്ളോയീസ് അസോസിയേഷന്‍ (സി.ഐ.ടി.യു) ജീവനക്കാര്‍ രാപകല്‍ അനിശ്ചിതകാല നിരാഹാര സത്യഗ്രഹം ആരംഭിച്ചു. കെ.എസ്.ആര്‍.ടി.ഇ.എ സംസ്ഥാന വൈസ് പ്രസിഡന്‍റ് എസ്. വിനോദാണ് അനിശ്ചിതകാല നിരാഹാരമിരിക്കുന്നത്. സമരം എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ ഉദ്ഘാടനം ചെയ്തു. അകാരണമായി സസ്പെന്‍ഡ് ചെയ്ത കെ.എസ്.ആര്‍.ടി.ഇ.എ (സി.ഐ.ടി.യു) സംസ്ഥാന എക്സിക്യൂട്ടിവ് അംഗം കെ.ആര്‍. ബിജു, യൂനിറ്റ് പ്രസിഡന്‍റ് പി.എം. സാലി എന്നിവരെ തിരിച്ചെടുക്കണമെന്നും തൊഴിലാളികളെ പരസ്യമായി മര്‍ദിച്ച എ.ടി.ഒ എസ്. പ്രസാദിനെയും ജനറല്‍ കണ്‍ട്രോളിങ് ഇന്‍സ്പെക്ടര്‍ ജയിംസ് വി. കോയിപ്പള്ളി എന്നിവരെയും അവരവര്‍ക്കിഷ്ടമുള്ള സ്ഥലങ്ങളിലേക്ക് ട്രാന്‍സ്ഫര്‍ നല്‍കിയ മാനേജ്മെന്‍റിന്‍െറ തെറ്റായ നടപടി തിരുത്തി തൊഴിലാളി മര്‍ദകരെ സസ്പെന്‍ഡ് ചെയ്യണമെന്നും ആവശ്യപ്പെട്ടു കൊണ്ടുള്ള സമരത്തിന്‍െറ രണ്ടാംഘട്ടമായാണ് അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചിരിക്കുന്നത്. സംഭവത്തില്‍ പ്രതിഷേധിച്ച് ജീവനക്കാര്‍ ആദ്യഘട്ടമായി പണിമുടക്കും നടത്തിയിരുന്നു. കെ.എസ്.ആര്‍.ടി.ഇ.എ ജില്ലാ പ്രസിഡന്‍റ് മേരിക്കുട്ടി തോമസ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി.കെ. പ്രസാദ് സ്വാഗതം പറഞ്ഞു. വി.ആര്‍. ഭാസ്കരന്‍, സി.പി.എം ഏരിയ സെക്രട്ടറി കെ.സി. ജോസഫ്, വി.കെ. സുനില്‍കുമാര്‍, ടി.പി. അജികുമാര്‍, പി.എന്‍.എം. സാലി, കെ.എ. തങ്കച്ചന്‍, വിനോദ് എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.