ജില്ലാ വികസനസമിതി യോഗം: ആവശ്യങ്ങളുയര്‍ത്തി തദ്ദേശഭരണ അധ്യക്ഷന്മാര്‍

കോട്ടയം: ജില്ലയില്‍ വരള്‍ച്ച നേരിടാന്‍ പദ്ധതി തയാറാക്കി ഒരാഴ്ചക്കകം പഞ്ചായത്തുകള്‍, സന്നദ്ധ സംഘടനകള്‍, റെസിഡന്‍റ്സ് അസോസിയേഷനുകള്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് കലക്ടര്‍ യു.വി. ജോസ് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലാ വികസനസമിതി യോഗത്തില്‍ അറിയിച്ചു. സര്‍ക്കാറില്‍നിന്ന് ഒരുകോടി രൂപ ഇതിന് ലഭിച്ചിട്ടുണ്ട്. ഈ തുക ഉപയോഗിച്ച് 50,000 രൂപയില്‍ വരുന്ന ചെറിയ പദ്ധതികള്‍ ജനങ്ങളുമായി സഹകരിച്ച് നടപ്പാക്കണം. പൊതു ടാപ്പ്, പമ്പ് സെറ്റ് സജ്ജീകരണം, ജലസംഭരണികള്‍ എന്നിവയാണ് ഇപ്രകാരം ചെയ്യേണ്ടത്. ഡിസംബര്‍ 31നകം ഇവ പ്രാവര്‍ത്തികമാക്കണമെന്നും അദ്ദേഹം പറഞ്ഞു. ജനസൗഹൃദ ഭരണകൂടത്തിന്‍െറ പൂര്‍ണരൂപത്തിലെ പ്രവര്‍ത്തനം 2016 മാര്‍ച്ച് 31ന് നടപ്പാക്കണം. നായ്ക്കളുടെ വന്ധ്യംകരണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും. ഡിസംബര്‍ ഒന്നുമുതല്‍ ട്രയല്‍ ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. ജനസമ്പര്‍ക്ക പരിപാടിയില്‍ തീര്‍പ്പാക്കാത്ത ഫയലുകള്‍ അദാലത് നടത്തി ഡിസംബറിനകം തീര്‍പ്പാക്കണം. ശബരിമല തീര്‍ഥാടകര്‍ക്ക് വൈദ്യസഹായത്തിന് ആശുപത്രികളില്‍ കൂടുതല്‍ ഡോക്ടര്‍മാരെയും മറ്റുസൗകര്യങ്ങളും ഏര്‍പ്പെടുത്തണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പ്രതിനിധിയായ അഡ്വ. ഫില്‍സണ്‍ മാത്യൂസ് ആവശ്യപ്പെട്ടു. മണര്‍കാട്-പുതുപ്പള്ളി റോഡിലെ പൈപ്പുകള്‍ അടിയന്തരമായി നീക്കി സൗകര്യമൊരുക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ജോഷി ഫിലിപ് ആവശ്യപ്പെട്ടു. പട്ടര്‍മഠം പദ്ധതിയില്‍ ഏറ്റുമാനൂര്‍ ഭാഗത്ത് കുടിവെള്ളം എത്തുന്നതിന് ടാങ്ക് ഉടന്‍ ടെന്‍ഡര്‍ ചെയ്യണമെന്ന് ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ ജയിംസ് തോമസ് പ്ളാക്കിത്തൊട്ടി ആവശ്യപ്പെട്ടു. കോട്ടയം, പാലാ മുനിസിപ്പാലിറ്റികളിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരമുണ്ടാക്കണമെന്ന് കോട്ടയം മുനിസിപ്പാലിറ്റി ചെയര്‍പേഴ്സണ്‍ ഡോ.പി.ആര്‍. സോന, പാലാ നഗരസഭാ ചെയര്‍പേഴ്സണ്‍ ലീന സണ്ണി എന്നിവര്‍ ആവശ്യപ്പെട്ടു. പുതുതായി തുടക്കംകുറിച്ച ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിക്ക് ആവശ്യമായ ഉദ്യോഗസ്ഥരെ നല്‍കണമെന്ന് ഈരാറ്റുപേട്ട മുനിസിപ്പല്‍ ചെയര്‍മാന്‍ ടി.എം. റഷീദ് ആവശ്യപ്പെട്ടു. പണി പൂര്‍ത്തിയായ കടുവാമൂഴി ബസ് സ്റ്റാന്‍ഡ് പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കണം. ഈരാറ്റുപേട്ട ടൗണിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചങ്ങനാശേരി മുനിസിപ്പല്‍ ചെയര്‍മാന്‍ സെബാസ്റ്റ്യന്‍ മാത്യു മണമേല്‍, കെ.എം. മാണി എം.എല്‍.എയുടെ പ്രതിനിധി പ്രിന്‍സ് ലൂക്കോസ്, കൊടിക്കുന്നില്‍ സുരേഷ് എം.പിയുടെ പ്രതിനിധി എം.എച്ച്. ഫനീഫ, ആര്‍.ഡി.ഒ കെ.എസ്. സാവിത്രി, ജില്ലാ പ്ളാനിങ് ഓഫിസര്‍ ടെസ് പി. മാത്യു, ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.