കാഞ്ഞിരപ്പള്ളിക്കും കോരുത്തോടിനും കിരീടം

കാഞ്ഞിരപ്പള്ളി: ജില്ലയുടെ കായികകിരീടം 14ാം തവണയും കാഞ്ഞിരപ്പള്ളിക്ക്. സ്കൂള്‍ വിഭാഗത്തില്‍ പഴയ പ്രതാപത്തിലേക്ക് എത്താന്‍ കൊതിക്കുന്ന കോരുത്തോട് സി.കെ.എം.എച്ച്.എസ്.എസ് ചാമ്പ്യന്‍ പട്ടം തിരിച്ചുപിടിച്ചു. 312 പോയന്‍റുമായാണ് റവന്യൂ ജില്ലാ സ്കൂള്‍ കായികമേളയില്‍ ആതിഥേയരായ കാഞ്ഞിരപ്പള്ളി ഉപജില്ല കിരീടം സ്വന്തമാക്കിയത്. കോരുത്തോട് സി.കെ.എം.എച്ച്.എസ്.എസിന്‍െറയും പാറത്തോട് ഗ്രേസി മെമ്മോറിയല്‍ ഹൈസ്കൂളിന്‍െറയും കരുത്തിലാണ് ഇവരുടെ നേട്ടം. 37 സ്വര്‍ണവും 28 വെള്ളിയും 29 വെങ്കലവുമടക്കം 312 പോയന്‍റുമായാണ് കാഞ്ഞിരപ്പള്ളിയുടെ ചാമ്പ്യന്‍പട്ടം. 135 പോയന്‍റുമായി ചങ്ങനാശേരി (14 സ്വര്‍ണം, 11 വെള്ളി, എട്ട് വെങ്കലം) രണ്ടും 10 വീതം സ്വര്‍ണം, വെള്ളി, വെങ്കലം എന്നിവയുമായി 101 പോയന്‍റുമായി പാലാ മൂന്നാം സ്ഥാനവും സ്വന്തമാക്കി. കഴിഞ്ഞതവണ കൈവിട്ട കിരീടം 121 പോയന്‍റുമായാണ് കോരുത്തോട് സി.കെ.എം.എച്ച്.എസ്.എസ് തിരിച്ചുപിടിച്ചത്. ഇവര്‍ 19 സ്വര്‍ണവും ഒമ്പതു വെള്ളിയും ഏഴു വെങ്കലവും നേടി. പാറത്തോട് ഗ്രേസി മെമ്മോറിയല്‍ ഹൈസ്കൂള്‍ ഒമ്പതു സ്വര്‍ണം, 10 വെള്ളി,12 വെങ്കലം എന്നിവ ഉള്‍പ്പെടെ 87 പോയന്‍റുമായി രണ്ടാമതായി. 61 പോയന്‍റുമായി കുറമ്പനാടം സെന്‍റ് പീറ്റേഴ്സ് എച്ച്.എസ്.എസിനാണ് മൂന്നാം സ്ഥാനം. ആറു സ്വര്‍ണവും എട്ടു വെള്ളിയും ഏഴു വെങ്കലവുമാണ് കഴിഞ്ഞതവണത്തെ ചാമ്പ്യന്മാരായിരുന്ന ഇവരുടെ സമ്പാദ്യം. സബ് ജൂനിയര്‍ വിഭാഗം ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും വിഭാഗത്തില്‍ ചങ്ങനാശേരി ഉപജില്ല ജേതാക്കളായപ്പോള്‍ ജൂനിയര്‍, സീനിയര്‍ വിഭാഗം ആണ്‍-പെണ്‍ വിഭാഗങ്ങളില്‍ കാഞ്ഞിരപ്പള്ളി ഉപജില്ലക്കാണ് കിരീടം. സ്കൂള്‍ വിഭാഗം ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും വിഭാഗത്തിലും കോരുത്തോട് സി.കെ.എം.എച്ച്.എസ്.എസാണ് ജേതാക്കള്‍. ആണ്‍കുട്ടികള്‍ 48 പോയന്‍റ് നേടിയപ്പോള്‍ പെണ്‍പട 73 പോയന്‍റുകളാണ് സ്കൂളിനായി സംഭാവന ചെയ്തത്. അവസാനദിനത്തിലെ ഏക റെക്കോഡ് സ്വന്തം പേരിലാക്കി കോട്ടയം എം.ഡി സെമിനാരിയിലെ ജയജിത് പ്രസാദ് ശനിയാഴ്ചയിലെ താരമായി. ജൂനിയര്‍ ആണ്‍കുട്ടികളുടെ 1500 മീറ്ററിലാണ് റെക്കോഡ് പ്രകടനം. ഒമ്പതു വര്‍ഷം മുമ്പ് പെരുന്ന എന്‍.എസ്.എസ് ബോയിസ് സ്കൂളിലെ സി.ജെ. സിജോ സ്ഥാപിച്ച (4.25:2 ) സമയമാണ് 4.23:40 ആക്കി ജയജിത് തിരുത്തിയത്. ഇതോടെ മേളയില്‍ മൊത്തം ആറു റെക്കോഡുകള്‍ പിറന്നു. ജില്ലയിലെ മിന്നും താരങ്ങളെല്ലാം ദേശീയ ജൂനിയര്‍ മീറ്റിനായി റാഞ്ചിയിലായിരുന്നതാണ് റെക്കോഡ് വരള്‍ച്ചക്ക് കാരണമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ കോട്ടയം എം.ഡി സെമിനാരി എച്ച്.എസ്.എസിലെ പ്ളസ് ടു വിദ്യാര്‍ഥി ജാക്സണും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കോരുത്തോട് സി.കെ.എം.എച്ച്.എസ്.എസിലെ കെ.എസ്. അഖിലയും വേഗമേറിയ താരങ്ങളായി. അവശേഷിക്കുന്ന പോള്‍വാട്ട് മത്സരങ്ങള്‍ തിങ്കളാഴ്ച പാലാ ജംപ്സ് അക്കാദമിയില്‍ നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.