തോട്ടം മേഖലയിലെ കുട്ടികളുടെ പ്രശ്ന പരിഹാരത്തിന് പ്രത്യേക കര്‍മസേന

തൊടുപുഴ: തോട്ടം മേഖലയിലെ കുട്ടികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പ്രത്യേക കര്‍മസേന രൂപവത്കരിക്കാന്‍ തീരുമാനം. തോട്ടം മേഖലയില്‍ കുട്ടികള്‍ ബാലാവകാശ ലംഘനത്തിന് ഇരയാകുന്നുവെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ഇവരുടെ ജീവിതസാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യാനും കര്‍മപദ്ധതി തയാറാക്കാനുമായി ചീഫ് സെക്രട്ടറി തിരുവനന്തപുരത്ത് ബുധനാഴ്ച വിളിച്ചുചേര്‍ത്ത യോഗത്തിലാണ് തീരുമാനം. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി വിശദമായി റിപ്പോര്‍ട്ട് തയാറാക്കി ഇടുക്കി ജില്ലാ കലക്ടറുടെ നേതൃത്വത്തിലാണ് കര്‍മ സേന രൂപവത്കരിക്കുക. കുട്ടികള്‍ നേരിടുന്ന പ്രശ്നങ്ങളില്‍ കലക്ടര്‍ നേരിട്ട് ഇടപെട്ട് പരിഹാരം കാണണം. തോട്ടം മേഖലയിലെ കുട്ടികളുടെ വിദ്യാഭ്യാസം, ആരോഗ്യം, ശുചിത്വം എന്നിവ ഉറപ്പുവരുത്താന്‍ വിവിധ ഏജന്‍സികളുടെ ഫണ്ട് ഉപയോഗപ്പെടുത്താമെന്നും യോഗത്തില്‍ തീരുമാനമായി. ജില്ലാ കലക്ടര്‍, ജില്ലാ പൊലീസ് മേധാവി, ഡെപ്യൂട്ടി എക്സൈസ് കമീഷണര്‍, ആര്‍.ടി.ഒ, ജില്ലാ മെഡിക്കല്‍ ഓഫിസര്‍, വിദ്യാഭ്യാസ ഉപഡയറക്ടര്‍, എസ്.എസ്.എ ജില്ലാ പ്രോജക്ട് ഓഫിസര്‍, ജില്ലാ സാമൂഹികനീതി വകുപ്പ് ഓഫിസര്‍, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസര്‍, ജില്ലാ ലേബര്‍ ഓഫിസര്‍, പ്ളാന്‍േറഷന്‍ ചീഫ് ഇന്‍സ്പെക്ടര്‍, പീരുമേട്, വണ്ടിപ്പെരിയാര്‍, കുമളി, പെരുവന്താനം, കൊക്കയാര്‍, ഏലപ്പാറ, ഉപ്പുതറ ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍ എന്നിവരുടെ യോഗമാണ് വിളിച്ചത്. ജില്ലാ തലത്തില്‍ പരിഹരിക്കാന്‍ കഴിയാത്തവക്ക് സര്‍ക്കാര്‍ തലത്തില്‍ നടപടിയുണ്ടാകുമെന്നും യോഗം അറിയിച്ചു. പീരുമേട് തോട്ടം മേഖലകളില്‍ ഗുരുതരമായ ബാലാവകാശ ലംഘനം നടക്കുന്നതായി സംസ്ഥാന ബാലാവകാശ കമീഷന്‍ സര്‍ക്കാറിന് കഴിഞ്ഞ മാസം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കമീഷന്‍ ചെയര്‍പേഴ്സണ്‍ ശോഭാകോശി, അംഗങ്ങളായ കെ. നസീര്‍, സി.യു. മീന എന്നിവര്‍ തോട്ടം തൊഴിലാളികള്‍ താമസിക്കുന്ന ലയങ്ങള്‍ സന്ദര്‍ശിച്ച് തയാറാക്കിയ റിപ്പോര്‍ട്ടിലായിരുന്നു ഞെട്ടിക്കുന്ന കണ്ടത്തെലുകള്‍. അരക്ഷിതാവസ്ഥ, ചികിത്സാ നിഷേധം, ജീവിത സാഹചര്യങ്ങള്‍, സ്കൂളുകളില്‍നിന്നുള്ള കുട്ടികളുടെ കൊഴിഞ്ഞുപോക്ക്, കൗമാരക്കാരായ പെണ്‍കുട്ടികള്‍ ദുരുപയോഗത്തിനിരയാകാനുള്ള സാധ്യത എന്നിവ മേഖലയില്‍ ഏറിവരുന്നതായി കമീഷന്‍ അംഗങ്ങള്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. കുട്ടികളുടെ സുരക്ഷയില്‍ മാനേജ്മെന്‍റുകള്‍ തികഞ്ഞ ഉദാസീനതയാണ് പുലര്‍ത്തുന്നതെന്നും അവര്‍ മദ്യത്തിനും മയക്കുമരുന്നിനും അടിപ്പെടുന്നതായുള്ള ഗുരുതര സ്ഥിതി വിശേഷവും കമീഷന്‍ റിപ്പോട്ടില്‍ ചൂണ്ടിക്കാട്ടി. കൂടാതെ കുട്ടികള്‍ പോഷകാഹാരക്കുറവ് നേരിടുന്നു. നാലു വയസ്സുള്ള കുട്ടികള്‍ പോലും ലൈംഗിക പീഡനത്തിന് ഇരയായതായും റിപ്പോര്‍ട്ടില്‍ പറഞ്ഞു. അവകാശങ്ങള്‍ നിറവേറ്റുന്നതില്‍ തോട്ടം ഉടമകള്‍ക്കും സര്‍ക്കാറിനും നിര്‍ണായക പങ്കും ഉത്തരവാദിത്തവുമുണ്ടെന്നും കമീഷന്‍ നിരീക്ഷിച്ചതിന്‍െറ അടിസ്ഥാനത്തിലായിരുന്നു അടിയന്തര യോഗം ചേര്‍ന്നത്. കലക്ടര്‍ നല്‍കുന്ന റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ തലത്തില്‍ സഹായം ഉണ്ടാകുമെന്ന് യോഗത്തില്‍ ഉറപ്പ് ലഭിച്ചതായി കലക്ടര്‍ വി. രതീശന്‍ ‘മാധ്യമ’ത്തോട് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.